ദമാസ്കസ്: പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യവും വിമതരും തമ്മില്‍ പോരാട്ടം രൂക്ഷമായ സിറിയയില്‍ ഇരുകൂട്ടരും കുട്ടികളെ യുദ്ധത്തിന് ഉപയോഗിക്കുന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് നിലകൊള്ളുന്ന സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ചുമട്ടുകാര്‍, കാവല്ക്കാര്, ചാരന്മാര് , സൈനികര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ കുട്ടികളെ ഇതിനകം യുദ്ധരംഗത്തിറക്കികഴിഞ്ഞു. എട്ടുവയസുള്ള കുട്ടികള്‍പോലും മനുഷ്യമതിലാക്കപ്പെടുന്നു. വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെട്ട സായുധ സേനകള്‍ കുട്ടികളെ വന്‍തോതില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതിന് ഉത്സാഹിക്കുകയാണ്. അസദിന്റെ സൈന്യവും ഇതില്‍ നിന്നു വ്യത്യസ്തരല്ല.
18 വയസിന് മുകളിലുള്ള കുട്ടികളുടെ എണ്ണത്തിലെ ആനുപാതികമായ വര്‍ധനവ് പ്രക്ഷോഭകാരികളും ഭരണകൂടവും ഒരുപോലെ മുതലെടുക്കുന്നതാണ് സ്ഥിതിഗതികള്‍ ഏറെ വഷളാകാന്‍ കാരണം. കുട്ടികളുടെ ദയനീയ സ്ഥിതിക്ക് പരിഹാരം ആഭ്യന്തര യുദ്ധത്തിന്റെ അന്ത്യമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സിറിയയിലെ നല്ലൊരുശതമാനം കുട്ടികളുടെയും ബന്ധുക്കള്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് കുഞ്ഞുങ്ങള്‍ കഴിയുന്നത്.
ഇതവരുടെ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷ്യവിലക്കയറ്റം പാവപ്പെട്ടവനു താങ്ങാനാവുന്നില്ല. അതിനാല്‍ത്തന്നെ നിരവധി കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണ്.
യുദ്ധം വീരകൃത്യമായി കാണുന്ന മാതാപിതാക്കളും കുട്ടികളുടെ ദയനീയ സ്ഥിതിക്ക് ആക്കം കൂട്ടുന്നു. ചില അച്ഛനമ്മമാര്‍ പോരാട്ടഭൂവിലേക്ക് മക്കളെ തള്ളിവിടുന്നു. ചിലരെ ഭരണകൂടവും വിമതരും പിടിച്ചുകൊണ്ടുപോയി സൈനിക വേഷമണിയിക്കുന്നു, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിറിയയിലെ കുട്ടികളുടെ അവസ്ഥ പഠിച്ച യൂണിസെഫ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് സേവ് ചി ല്ഡ്രന്സിന്റെ കണ്ടെത്തലുകള്‍. സിറിയയിലെ കൗമാരക്കാര്‍ക്ക് അറിയാവുന്ന ഒരേയൊരുകാര്യം അക്രമമാണെന്നു യൂണിസെഫ് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: