“കൂമന്‍കാവില്‍ ബസ് വന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായിതോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേകരുതിക്കാണണം. വരുംവരായകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം. കുഷ്ഠം പറ്റിയ വേരുകള്‍, എല്ലാം അതു തന്നെ…..”
ഈ വാക്കുകള്‍ ലോകമെങ്ങുമുള്ള മലയാളിയുടെ ഓര്‍മ്മകളിലേക്ക് വിശുദ്ധമായ ഒരു ഗ്രന്ഥത്തിന്റെ വായനയും ഉള്ളടക്കവും കൊണ്ടുവരും. അക്ഷരലോകത്തിന്റെ നെറുകയില്‍ ഒരു ഒറ്റക്കരിമ്പനയായി വളര്‍ന്നു നില്ക്കുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. മലയാളിയുടെ വായനയിലും ചിന്തയിലും എന്നും വസന്തം വിരിയിക്കുന്ന വാക്കുകളെ കൂട്ടിച്ചേര്‍ത്ത് ഇതിഹാസമാക്കിയ ഒ.വി.വിജയന് ലോകമലയാളിയുടെ അഭിമാനമാണ്. മലയാള സാഹിത്യത്തില്‍ തന്റെ നോവല്‍ കൊണ്ട് അതിര്‍വരമ്പു തീര്‍ക്കുകയായിരുന്നു വിജയന്. ഖസാക്കിനു മുമ്പും ശേഷവുമെന്ന് മലയാള സാഹിത്യം ആ വരമ്പിന് ഇരുവശവും വേര്‍തിരിഞ്ഞു നില്ക്കുന്നു.
കൂമന്‍കാവ് എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ‘ഖസാക്കിന്റെ ഇതിഹാസം’ സംഭവിക്കുന്നത്. നോവലിലെ കഥാപാത്രം ബസ്സില്‍ വന്നിറങ്ങുന്നതും അവസാനം തിരികെ പോകാനായി ‘ബസ്സുവരാനായി രവി കാത്തുകിടന്ന’തും കൂമന്‍കാവ് കവലയിലാണ്. ആ സാങ്കല്പിക ദേശം ഇതിഹാസത്തിലെ കഥാപാത്രം കൂടിയാണ്. കൂമന്കാവിനെചുറ്റിപ്പറ്റിയുള്ള കഥയും കഥാപാത്രങ്ങളും നോവലിന്റെ സജീവതയ്ക്കു കരുത്തു പകരുന്നു. കാരണം കൂമന്കാവിന് രാഷ്ട്രീയമുണ്ട്. കൂമന്കാവിന് ജീവിതമുണ്ട്. കൂമന്കാവിന് സാമ്പത്തിക ശാസ്ത്രമുണ്ട്. കൂമന്കാവിന് ഋതുഭേദങ്ങളും പ്രകൃതിഭംഗിയുമുണ്ട്. എന്നാല്‍ കൂമന്കാവിന് മതമില്ല. ഭേദചിന്തകളുമില്ല. നിഷ്കളങ്കരായ ഗ്രാമീണരെ ചുമലില്‍ വഹിച്ചു നീങ്ങുന്ന ത്യാഗമാണ് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കൂമന്‍കാവ് നിര്‍വ്വഹിക്കുന്നത്.
1969ലാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവല്‍ പുസ്തകരൂപത്തില്‍ ആദ്യം പുറത്തു വരുന്നത്. പിന്നീടിങ്ങോട്ട് ഇക്കാലത്തിനിടയില്‍ നിരവധി പതിപ്പുകള്‍. തലമുറകള്‍ കൈമാറി ഖസാക്കിന്റെ ഇതിഹാസം വായിച്ചു കൊണ്ടേയിരിക്കുന്നു. വായിച്ചവര്‍ വീണ്ടും വായിക്കുന്നു. വായിക്കാത്തവര്‍ തേടിപ്പിടിച്ചു വായിക്കുന്നു. ഓരോ പുതിയ പതിപ്പും പുറത്തിറങ്ങുമ്പോഴും പുസ്തകം വാങ്ങി വിശുദ്ധഗ്രന്ഥം പോലെ സൂക്ഷിച്ചു വയ്ക്കുന്നവര്‍. മലയാള സാഹിത്യത്തില്‍ ഇത്രത്തോളം വായനക്കാരില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു കൃതിയില്ലെന്നു തന്നെ പറയാം. അടുത്ത കുറേവര്ഷങ്ങളിലേക്ക് ഈ നോവലിന്റെ സ്ഥാനം അനിഷേധ്യമായി നിലനില്ക്കും. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്‍ക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. കാലഘട്ടത്തിന്റെ ദര്‍ശനവും ഇതിഹാസവുമൊക്കെയായി ഈ കൃതി എക്കാലത്തും വാഴ്ത്തപെടുക തന്നെ ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
ഖസാക്കിന്റെ ഇതിഹാസവും ഒ.വി.വിജയനും പുനര്‍വായനയ്ക്കും വിചാരത്തിനും ഇതാദ്യമല്ല വിധേയമാകുന്നത്. വിശകലനങ്ങളിലൂടെ സദാ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ഇതിഹാസം. അതൊക്കെയും അവസാനമെത്തി നിന്നത് കൃതിക്കും നോവലിസ്റ്റിനും പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ അതിനു വിപരീതമായി ചിലതെല്ലാം സംഭവിക്കുന്ന കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഖസാക്കിനെതിരെ വിമര്ശനങ്ങളുന്നയിക്കുന്നവരുണ്ട്. എന്നാല്‍ ഖസാക്കിനും വിജയനുംമേല് വര്‍ഗ്ഗിയത ആരോപിക്കുന്നവരോ അതിന്റെ പേരുപറഞ്ഞ് വിമര്ശനമുന്നയിക്കുന്നവരോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നതിനാലാണ് പുനര്‍വായനയ്ക്ക് പ്രസക്തിയുണ്ടാകുന്നത്.
കൂമന്കാവെന്ന സാങ്കല്പിക ദേശം കേന്ദ്രീകരിച്ചാണ് ഖസാക്കിന്റെ ഇതിഹാസം വികസിക്കുന്നത്. ‘കാവ്’ എന്ന വാക്കിനെ വര്‍ഗ്ഗിയമായി വിവക്ഷിക്കുന്നവര്‍ കാവ് എന്ന വാക്ക് അനിസ്ലാമികമാണെന്ന് സ്ഥാപിച്ച് എതിര്‍ക്കുന്നു. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലമാണ് എതിര്‍ക്കുന്നവര്‍ക്കുള്ളത്.
ഒ.വി.വിജയന് പഠിച്ച മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇതിഹാസകാരന്റെ സ്മരണയ്ക്ക് ഒരു സ്മൃതിവനം നിര്‍മിച്ചതാണ് മുസ്ലീംലീഗ് നയിക്കുന്ന നഗരസഭാധികൃതരെയും മലപ്പുറത്തെ ലീഗ് നേതാക്കളെയും വിറളിപിടിപ്പിച്ചത്. അത്തരമൊരു പദ്ധതി ഭാഷയെ സ്നേഹിക്കുന്ന ആര്‍ക്കും അഭിമാനകരമാക്കേണ്ടതാണ്. എന്നാല്‍ അതിനെ എതിര്‍ക്കുകയാണ് മുസ്ലീംലീഗ് ഭരിക്കുന്ന നഗരസഭാധികൃതര്‍ ചെയ്തത്. ഖസാക്കിന്റെ ഇതിഹാസത്തില്‍ പ്രതിപാദിക്കുന്ന കൂമന്‍കാവിനെ പുനരാവിഷ്കരിക്കാനും അവിടെ വിജയന്റെ പ്രതിമസ്ഥാപിക്കാനുമായിരുന്നു സ്കൂള്‍ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും പദ്ധതി. എന്നാല്‍ മുസ്ലീം ലീഗ് നേതാക്കളുടെ ‘വര്ഗ്ഗീയബോധ’ത്തിന് അത് അംഗീകരിക്കാനായില്ല. ശരിയത്ത് നിയമപ്രകാരം പ്രതിമസ്ഥാപിക്കുന്നതിനെയും കാവ് പോലുള്ള വാക്കുകളെ ഹൈന്ദവീകമെന്ന് മുദ്രകുത്തിയും എതിര്‍ക്കുക എന്നത് അവരുടെ പ്രഖ്യാപിത നയമാണ്. സ്മൃതി വനം പദ്ധതിയെ മുസ്ലീം ലീഗ് എതിര്‍ത്തത് വലിയ വാര്‍ത്തയാകുകയും കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ചര്‍ച്ചയാകുകയുമുണ്ടായി. ശില്പനിര്മ്മാണത്തിന് നഗരസഭയില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്ന ആര്‍ക്കും ദഹിക്കാത്ത ന്യായം പറഞ്ഞായിരുന്നു എതിര്‍പ്പ്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചല്ല സ്മൃതിവനം രാജാസ്സ്കൂള് നിര്‍മിച്ചത്. വിദ്യാലയത്തിലെ പൂര്വവിദ്യാര്ഥികളടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ രണ്ടുലക്ഷം രൂപയോളം സമാഹരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അല്ലാതെ ഒ.വി.വിജയന്റെ പേരില്‍ വിജയന് പഠിച്ച രാജാസ് സ്കൂളില്‍ ഒരു സ്മൃതിവനമുണ്ടാക്കാന് നഗരസഭയുടെ ഫണ്ട് ആവശ്യപ്പെട്ടില്ല. ഇക്കാര്യത്തിന് സ്കൂള്‍ അധികൃതര്‍ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയില്ലെന്നവാദം ബാലിശമാണ്. നഗരസഭയുടെ എതിര്പ്പിനെതിരായ പ്രതിഷേധം ശക്മായപ്പോള് അവര്‍ക്ക് മനസ്സില്ലാ മനസ്സോടെ വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് അവിടെ പ്രതിമയുടെ നിര്‍മ്മാണം നടന്നത്. തുടര്‍ന്നാണ് ശില്പത്തിന് അനുമതിനല്‍കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് നഗരസഭാസമിതി തീരുമാനമെടുത്തത്. എന്നാല്‍, വിവാദത്തെത്തുടര്‍ന്ന് ചാക്കുകൊണ്ട് മൂടിവച്ച നിലയിലായിരുന്ന ശില്പം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് തകര്‍ത്ത നിലയിലാണെന്ന് രാജാസ് സ്കൂള്‍ അധികൃതര്‍ കണ്ടത്. പ്രതിമ സ്ഥാപിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തവര്‍ക്ക് അവിടെ വിജയന്റെ പേരില്‍ സ്മൃതിവനം വരുന്നതിനെ അംഗീകരിക്കാനാകുമായിരുന്നാണ് ഈ സംഭവം തെളിയിക്കുന്നത്. തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരായ എന്തിനെയും തകര്‍ക്കുകയും ഇല്ലായ്മചെയ്യുകയുമെന്ന താലിബാന് നയമാണ് വിശ്വസാഹിത്യകാരന് ഒ.വി.വിജയന്റെ പ്രതിമയോടും അവര്‍ നടപ്പാക്കിയത്. വിഗ്രഹങ്ങളും ശില്പങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഒ.വി. വിജയന്റെ ശില്പത്തിനെതിരെ അക്രമമഴിച്ചുവിട്ടത് ആരാണെന്ന് പോലീസിനും സര്‍ക്കാരിനുമറിയാം. എന്നാല്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനാകില്ല. കാരണം ഭരണത്തെ നിയന്ത്രിക്കുന്നതും നയിക്കുന്നതും ഈ അക്രമത്തിനു കൂട്ടു നില്‍ക്കുന്നവരാണ്.
അഹിംസാവാദിയായിരുന്ന, സമാധാനം പ്രചരിപ്പിച്ചിരുന്ന ശ്രീബുദ്ധന്റെ പ്രതിമകള്‍ അനവധിയുണ്ടായിരുന്ന നാടായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്. എന്നാല്‍ ശരിയത്തിന്റെ മതാന്ധതയില്‍ ഭ്രാന്തന്മാരായി മാറിയ താലിബാന്‍കാര്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തു. ഒരു സംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതില്‍ മനംനൊന്ത് ഇറാന് സിനിമാസംവിധായകന് മക്മല്‍ബഫ് സിനിമയെടുത്തു. ‘നാണക്കേടിനാല്‍ തകര്‍ന്ന ബുദ്ധന്’ എന്നായിരുന്നു സിനിമയുടെ പേര്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ തകര്‍ത്ത ബുദ്ധപ്രതിമ ആരും തകര്‍ത്തതല്ലെന്നും അഫ്ഗാനിസ്ഥാനിലെ മനുഷ്യാവസ്ഥകണ്ട് നാണക്കേടുകൊണ്ട് ബുദ്ധന് സ്വയം തകര്ന്നുവീണതാണെന്നുമുള്ള സന്ദേശമാണ് സിനിമയിലൂടെ അദ്ദേഹം ലോകത്തിനു നല്‍കിയത്.
തന്റെ എഴുത്തിലൂടെ വിജയന് ചെയ്തത് സാമൂഹത്തിലെ തിന്മകള്ക്കെതിരെ പ്രതികരിക്കുകയായിരുന്നു. മനുഷ്യാവസ്ഥകളെ വിശകലനം ചെയ്യുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചും മലപ്പുറത്തെ താലിബാന് വാദികള്‍ ഉയര്‍ത്തിയ വിവാദത്തില്‍ മനംനൊന്ത് രാജാസ് സ്കൂളില്‍ സ്ഥാപിച്ചിരുന്ന വിജയന്റെ പ്രതിമ സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നു സമാധാനിക്കുകയല്ലാതെ നിവര്‍ത്തിയില്ല.
ഒ.വി.വിജയന്റെ പ്രതിമയോട് അസഹിഷ്ണുത കാണിച്ച മുസ്ലിംലീഗുകാര്‍ മലയാളഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതും വിലക്കേര്‍പ്പെടുത്തിയിട്ട് കാലങ്ങളായി. തുഞ്ചന്റെ മണ്ണായ തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെയാണ് ലീഗ് ഭരിച്ച നഗരസഭ എതിര്‍ത്തത്. ലീഗ് കനിയാത്തതിനാല്‍ പൂര്‍ത്തിയായ പ്രതിമ ശില്പിയുടെ പറമ്പില്‍ അനാഥമായി കിടക്കുകയാണ്. 2003ല്‍ അന്നത്തെ നഗരസഭാ ഭരണസമിതിയാണ് തിരൂരില്‍ ശില്‍പ്പം സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ശില്‍പ്പി രാജന് അരിയല്ലൂര്‍ നിര്‍മാണവും തുടങ്ങി. എന്നാല്‍ പണി അവസാനഘട്ടത്തിലെത്തിയതോടെ ശില്‍പ്പത്തിനെതിരെ മതഭീകരവാദികള്‍ രംഗത്തു വന്നു. നാല് പടികള്‍ നിര്‍മിച്ച് അതിനുനടുവില്‍ എഴുത്തച്ഛന് എഴുത്താണികൊണ്ട് താളിയോലയില്‍ എഴുതുന്നതാണ് ശില്‍പ്പം. ഇത് ചില ലീഗ് നേതാക്കള്‍ക്കും നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും രസിച്ചില്ല. ക്ഷേത്രത്തിലെ ശ്രീകോവിലുകളോട് സാദൃശ്യം തോന്നുന്നുവെന്നും അനുവദിക്കാനാവില്ലെന്നും നഗരസഭ നിലപാടെടുത്തു. എഴുത്തച്ഛനെ കണ്ടവര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ശില്‍പ്പം എങ്ങനെ എഴുത്തച്ഛന്റേതെന്നുപറയുമെന്നാണ് അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞത്. നഗരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മഷിക്കുപ്പിയും തൂവലും മാത്രം ശില്പ്പമായി സ്ഥാപിച്ചു.
സംസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ തോക്കെടുടുക്കുന്ന, ചില വാക്കുകളും ജീവിതരീതികളും അനിസ്ലാമികമാണെന്ന് സ്ഥാപിച്ച് എതിര്‍ക്കുന്ന താലിബാന് ശൈലിക്ക് നമ്മുടെ നാട്ടിലും അനന്തരാവകാശികള്‍ ഉണ്ടാകുന്നതിന്റെ തെളിവാണ് ഒ.വി.വിജയന്റെ ശില്പത്തിനുനേരേ നടന്ന ആക്രമണം. നിലവിളക്കു തെളിക്കുന്നതിനെ എതിര്‍ക്കുന്നതും ഗംഗയെന്ന പേരുകേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നതും സിനിമാ ശാലകള്‍ക്കു തീയിടുന്നതുമെല്ലാം താലിബാനിസത്തിന്റെ അജണ്ടയിലെ കാര്യപരിപാടികളാണ്. ഇത്തരക്കാര്‍ക്ക് ഭരണത്തിലും പങ്കാളിത്തമുണ്ടാകുമ്പോള്‍ ഒ.വി.വിജയന്റെ സാഹിത്യത്തിനും അതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹത്തിനും നിസ്സഹായരായി നോക്കി നില്ക്കാനെ കഴിയൂ. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രമായ രവിയെ കൂമന്‍കാവില്‍ വച്ച് കൊത്തി വലിച്ച വിഷസര്പ്പത്തിലാണ് ഇപ്പോള്‍ ഏകപ്രതീക്ഷ. അത്തരത്തിലൊന്നെങ്കിലും ഇവറ്റകളെ കൊത്തിവലിക്കാന്‍ പിറവിയെടുക്കുക തന്നെ ചെയ്യുമെന്ന ശുഭ പ്രതീക്ഷ.
“……കൂമന്കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവ് അങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര് ഉപോയോഗിച്ചിരുന്ന ഒരു മണ്പുര ഇടിഞ്ഞുവീണിരുന്നു. മണ്‍ചുമരിന്റെ വലിയ കട്ടകള്‍ കുമിഞ്ഞു കിടന്നു. മാവുകളുടെ കാനലില്‍ അവ പിന്നയും കുതിര്‍ന്നു. കൂമന്‍കാവ് അങ്ങാടിയില്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. ആളുകളാരും അവിടെ നടന്നില്ല. എല്ലാം ശമിച്ചിരുന്നു. ഒറ്റയ്ക്ക്, രവി അവിടെ നിന്നു…..ബസ്സുവരാന്‍ ഇനിയും നേരമുണ്ട്. രവി കട്ടകളെ പതിയെ കാലുകൊണ്ടുയര്ത്തി. നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന് മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്റെ പത്തിവിടരുന്നതു രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പാദത്തില് പല്ലുകള്‍ അമര്‍ന്നു. പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പാദത്തല് വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തിചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട് അവന് വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു പോയി……..”
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: