ന്യൂദല്‍ഹി: രാജ്യം ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്നതിന് രണ്ട് മൂന്ന് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. നിരവധി അന്താരാഷ്ട്ര ഘടകങ്ങളാണ് വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ ബിജെപി വക്താവ് ഷാനവാസ് ഹുസൈനിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
യൂറോ സോണിലെ സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് സമ്മര്‍ദ്ദം ചെലുത്തിയതായും മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു. ആഭ്യന്തര- അന്തര്‍ദേശീയ തലത്തിലുള്ള ഒട്ടനവധി കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലും ഇടിവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2012-13 സാമ്പത്തിക സര്‍വേയിലും ധനകാര്യ മന്ത്രിയുടെ ബജറ്റ് അവലോകനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2008-09 ലെ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും 2011 ലെ യൂറോസോണ്‍ മാന്ദ്യവുമാണ് ലോകം അഭിമുഖീകരിച്ച പ്രധാന സാമ്പത്തിക പ്രശ്നങ്ങളെന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു. കൂടാതെ ആഭ്യന്തര പ്രശ്നങ്ങളും നിലനില്‍ക്കുന്നതായും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം 2008 ലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ലെന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയുടെ പരാമര്‍ശം ധനകാര്യ മന്ത്രി പി.ചിദംബരം നിരസിച്ചു.
2008 ലെ മാന്ദ്യം 2009 ഓടെ അവസാനിച്ചില്ലെന്നും ഇത് ലോകത്തെ ആകമാനം ആവരണം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2008 ല്‍ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധിയും ഇന്ത്യയെ ബാധിച്ചില്ലെന്ന വാദവും തെറ്റാണെന്ന് ചിദംബരം പറഞ്ഞു. ഉയരുന്ന ധനക്കമ്മിയാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനകാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: