കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരവിരുദ്ധ പോരാട്ടത്തിലുള്ള നാറ്റോസേനയിലെ അഞ്ച് അംഗങ്ങള്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു.തിങ്കളാഴ്ച്ച രണ്ടു യുഎസ് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയുള്ള അപകടം വിദേശ സേനയുടെ ആത്മവീര്യം കെടുത്തുന്നതായി.
ദക്ഷിണ കാണ്ഡഹാറില്‍ ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെയായിരുന്നു സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, മരിച്ചവരുടെ വിവരങ്ങള്‍ നാറ്റോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സൈനികരാണ് ദക്ഷിണ അഫ്ഗാനിലെ ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നത്. മരിച്ചവര്‍ ഈ രാജ്യത്തു നിന്നുള്ളവരാകാമെന്നാണ് നിഗമനം. അഫ്ഗാനില്‍ 10000ത്തോളം അംഗബലമുള്ള അന്താരാഷ്ട്ര സേനയുടെ ശ്രദ്ധ വ്യോമാക്രമണങ്ങളിലാണ്.
അതിനാല്‍ത്തന്നെ ഹെലികോപ്ടര്‍ അപകടങ്ങള്‍ പതിവാകുന്നു. ചെറുറോക്കറ്റുകള്‍ ഉപയോഗിച്ച് ഭീകരരും ഹെലികോപ്ടറുകളെ ആക്രമിക്കാറുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കാണ്ഡഹാറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് അമേരിക്കന്‍ സൈനികരും നാലു അ ഫ്ഗാന്കാരും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു താലിബാന് രംഗത്തെത്തി. അതേസമയം, ഇത്തവണത്തെ അപകടത്തിനു പിന്നില്‍ ഭീകര സാന്നിധ്യത്തിനുള്ള സാധ്യത നാറ്റോ തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: