കൊച്ചി: പൂര്ണകുംഭമേളയിലെത്തിയ ഭക്തജനങ്ങളില്‍നിന്ന് അധികനിരക്കിലൂടെ റെയില്‍വേയ്ക്ക് നേട്ടം 300 കോടിയിലേറെ രൂപയെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരായന സംക്രാന്തി നാളായ ജനുവരി 14 മുതല്‍ ശിവരാത്രി അമാവാസി നാളായ മാര്‍ച്ച് 11 വരെയായിരുന്നു പൂര്‍ണ കുംഭമേള. ഉത്തര്‍പ്രദേശ് അലഹബാദില്‍ പ്രയാഗയില്‍ നടന്ന പൂര്ണകുംഭമേളയില് 15 കോടിയിലേറെ ഭക്തജനങ്ങള്‍ പുണ്യ സ്നാനം നടത്തിയതായാണ് ചൂണ്ടിക്കാട്ടുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും ലോകരാജ്യങ്ങളില്‍നിന്നുള്ളവരും പുണ്യസ്നാനത്തിനെത്തിയിരുന്നു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നപൂര്ണ കുംഭമേള ഗവേഷണം, പഠനം, നിരീക്ഷണം എന്നിവയ്ക്കായി ഒട്ടേറെ വിദേശരാജ്യ വിദ്യാര്‍ത്ഥി സംഘങ്ങളും അലഹബാദിലെത്തിയിരുന്നു.
മകരസംക്രാന്തിനാളായ 2013 ജനുവരി 14 ന് തുടങ്ങിയ പൂര്‍ണകുംഭമേള പുണ്യനദി സ്നാനത്തില്‍ പൗര്‍ണമി-അമാവാസി ദിനങ്ങളിലാണ് പുണ്യസ്നാന പ്രാധാന്യം കണക്കാക്കുന്നത്. ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയുള്ള ഒന്നരമാസക്കാലത്തിനകം 1000 കോടി രൂപയാണ് യാത്രാനിരക്കിനത്തില് ഇന്ത്യന്‍ റെയില്‍വേ നേടിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 750 പ്രത്യേക തീവണ്ടികളാണ് അലഹബാദിലേയ്ക്ക് സര്‍വീസ് നടത്തിയത്. 1800 കോച്ചുകള്‍ ഇതിനായി തയ്യാറാക്കുകയും ചെയ്തു. നിത്യേന അലഹബാദ് വഴിയുള്ള 100 തീവണ്ടികള്‍ക്ക് പുറമേയാണിത്. 2013 ജനുവരി 10 മുതല്‍ മാര്‍ച്ച് 15 വരെയാണ് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുക.
പൂര്ണകുംഭമേളയിലെത്തുന്ന ഭക്തജനങ്ങളില്‍നിന്ന് ടിക്കറ്റ് ഒന്നിന് അഞ്ച് മുതല്‍ 20 രൂപവരെയാണ് റെയില്‍വേ അധിക നിരക്ക് ഈടാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം മുതല്‍ 90 ശതമാനംവരെയാണ് അധികനിരക്ക് വര്‍ധനവില്‍ റെയില്‍വേ ഈടാക്കിയത്. ബ്രാക്കറ്റില്‍ മുന്വര്ഷനിരക്ക്. ഓര്‍ഡിനറി അഞ്ച് (3)രൂപ, സ്ലീപ്പര്‍ 5(3), എസി 3 ക്ലാസ് 20(15) എന്നിങ്ങനെ ഓരോ യാത്രയ്ക്കാരനില്നിന്നും റെയില്‍വേ ഈടാക്കുകയാണ് ചെയ്തത്. 2013 ജനുവരി ഒന്നുമുതല്‍ കുംഭമേള സര്‍ചാര്‍ജ് (അധികനിരക്ക്) റെയില്‍വേ ഈടാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. ജനുവരി 1 മുതല്‍ ഫെബ്രുവരി 24 വരെയായി ലഭിച്ചു. അധികവരുമാനം 1000 കോടി രൂപയും അധികനിരക്കിലെ നേട്ടം 225 കോടി രൂപയുമാണെന്നാണ് പ്രാഥമിക കണക്ക്. പൂര്‍ണകുംഭമേള ഭക്തജനങ്ങളിലൂടെ ആഘോഷ കാലഘട്ടത്തില്‍ 350-400 കോടിയോളം രൂപ അധിനിരക്കിലൂടെ നേടാനാകുമെന്നാണ് റെയില്‍വേ കണക്ക് കൂട്ടല്‍.
കുംഭമേളയ്ക്ക് പ്രതിദിനം ദല്‍ഹിയില്‍ നിന്ന് മാത്രം 46000-48000 ഭക്തജനങ്ങളാണ് റെയില്‍വേ മാര്‍ഗം അലഹബാദിലെത്തുന്നതെന്നാണ് റെയില്‍വേ കണക്ക്. കൂടാതെ മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തരാഞ്ചല്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ പ്രത്യേക തീവണ്ടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015 ല്‍ നാസിക്കില്‍ നടക്കുന്ന സിംഹസ്ത കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങള്‍ റെയില്‍വേ തുടക്കം കുറിക്കുകയും ചെയ്തു. പ്രത്യേക സ്റ്റേഷന്, റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി പ്രാഥമിക സൗകര്യമൊരുക്കുന്നതിനായി 46 കോടി രൂപയാണ് നാസിക് കളക്ടറോട് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: