ന്യൂദല്‍ഹി: ആഭ്യന്തര കാര്‍ വില്പന 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഫെബ്രുവരിയില്‍ യാത്രാ കാര്‍ വില്പനയില് 25.71 ശതമാനം ഇടിവാണ് നേരിട്ടത്. 1,58,513 യൂണിറ്റ് വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. തുടര്‍ച്ചയായി നാലാം മാസവും കാര്‍ വില്പനയില് ഇടിവ് തുടരുകയാണ്. സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം തുടരുന്നതാണ് കാര്‍ വിപണിയ്ക്കും തിരിച്ചടിയായതെന്ന് വിലയിരുത്തുന്നു. 2012 ഫെബ്രുവരിയില്‍ 2,13,362 യൂണിറ്റ് യാത്രാ കാറുകളാണ് വിറ്റഴിച്ചത്
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ 11 മാസങ്ങളില്‍ കാര്‍ വില്പനയില് 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ് (സിയാം)പറയുന്നു. ഫെബ്രുവരിയില്‍ മോട്ടോര്‍സൈക്കിള്‍ വില്പന 4.48 ശതമാനം ഇടിഞ്ഞ് 8,00,185 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,37,743 യൂണിറ്റായിരുന്നു. മൊത്തം ഇരുചക്ര വാഹന വില്പന 2.77 ശതമാനം ഇടിഞ്ഞ് 11,12,289 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,43,982 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വില്പന 11.06 ശതമാനം ഇടിഞ്ഞ് 68,388 യൂണിറ്റിലെത്തി. 2012 ഫെബ്രുവരിയില്‍ ഇത് 76,891 യൂണിറ്റായിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങളുടെ മൊത്തം വില്പന 5.45 ശതമാനം ഇടിഞ്ഞ് 14,51,278 യൂണിറ്റിലെത്തി
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്പന 15,34,910 യൂണിറ്റായിരുന്നു. ഉയര്‍ന്ന പലിശ നിരക്കും അടിക്കടി ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ധനവുമാണ് വാഹന വിപണിയില്‍ നിന്നും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: