മൊഹാലി: ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ നാല് താരങ്ങളെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മൂന്നാമത്തെ ടെസ്റ്റില്‍ നിന്ന് വിലക്കി. വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സണ്‍, പേസര്‍മാരായ ജയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ ജോണ്‍സണ്‍, യുവബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖ്വാജ എന്നിവരെയാണ് മൊഹാലി ടെസ്റ്റില്‍ നിന്നും വിലക്കിയത്.
രണ്ടാംടെസ്റ്റിലെ പരാജയത്തിനുശേഷമുള്ള ടീം മീറ്റിംഗില്‍ ഓരോ താരങ്ങളോടും പരാജയത്തിന്റെ കാരണങ്ങള്‍ രണ്ട് ദിവസത്തിനകം വ്യക്തമാക്കണമെന്ന് അറിയിച്ചിരുന്നു. കോച്ചിന്റേയും ക്യാപ്റ്റന്റേയും ഈ നിര്‍ദ്ദേശത്തോട് വേണ്ട രീതിയില്‍ പ്രതികരിക്കാതിരുന്നതിനാലാണ് താരങ്ങളെ പുറത്താക്കിയതെന്ന് പരിശീലകന്‍ മിക്കി ആര്‍തര്‍ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നായിരുന്നു ആര്‍തര്‍ ആവശ്യപ്പെട്ടിരുന്നത്. മറ്റ് കളിക്കാര്‍ സമയപരിധിക്കുള്ളില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നാലുപേരും നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതാണ് പെട്ടന്നുള്ള നടപടിക്ക് കാരണം.
ഇതാദ്യമായാണ് ടെസ്റ്റ് പരമ്പര കളിക്കുന്ന ടീമില്‍ നിന്നും നാല് താരങ്ങളെ ഓസ്‌ട്രേലിയ ഒഴിവാക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം. ആദ്യ രണ്ട് ടെസ്റ്റുകളിലും ഷെയിന്‍ വാട്‌സണ്‍ മോശം ഫോമിലായിരുന്നു. രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്‌സുകളിലായി 77 റണ്‍സ് മാത്രമേ വാട്‌സണ്‍ സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. ബോളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രമേ വീഴ്‌ത്താനായുള്ളൂ. വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് പരിശീലനത്തിനിടെ പരുക്കേറ്റത് ഓസീസിന് തിരിച്ചടിയായിട്ടുണ്ട്. ബ്രാഡ് ഹാഡിനായിരിക്കും വെയ്ഡിന് പകരം ഗ്ലൗസ് അണിയുക.
മൊഹാലിയില്‍ 14 മുതല്‍ 18 വരെയാണ് മൂന്നാം ടെസ്റ്റ്. ആദ്യ ടെസ്റ്റിലും വിജയിച്ച ഇന്ത്യ ഇപ്പോള്‍ പരമ്പരയില്‍ 2-0 ത്തിന് മുന്നിലാണ്. നാലു പേര്‍ക്ക് വിലക്ക് നേരിട്ടതോടെ അവശേഷിക്കുന്ന 13 പേരില്‍ നിന്ന് മൊഹാലി ടെസ്റ്റിനുള്ള അവസാന ഇലവനെ തെരഞ്ഞെടുക്കേണ്ട സ്ഥിതിയിലാണ് ഓസീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: