ബാഹ്യകാര്യങ്ങളില്‍ നമുക്ക് ശ്രദ്ധവേണം. പക്ഷേ എത്രയൊക്കെ ബന്തവസ്സാക്കി പൂട്ടിയാലും കാവല്ക്കാരെ നിര്‍ത്തിയാലും മോഷണം നടക്കുന്നില്ലേ? അതിനെന്തു സമാധാനം പറയും? അപ്പോള്‍ അവരൊന്നുമല്ല യഥാര്‍ത്ഥ കാവല്‍ക്കര്‍, യഥാര്‍ത്ഥ കാവല്ക്കാരന് ഈശ്വരനാണ്. അദ്ദേഹത്തെയാണ് എല്ലാം ഏല്‍പ്പിക്കുന്നതെങ്കില്‍ അദ്ദേഹം ഉറങ്ങാതെ കാവലിരുന്നുകൊള്ളും. മറ്റുള്ള കാവല്ക്കാര് ഉറങ്ങിപ്പോകും. ആ തക്കത്തിന് കള്ളന്മാര് മോഷണം നടത്തുകയും ചെയ്യും. ഈശ്വരനാണ് നമ്മുടെ കാവല്‍ക്കാരനെങ്കില്‍ യാതൊന്നും പേടിക്കേണ്ടതില്ല.
നമ്മള് വള്ളത്തില്‍ കയറിയെന്ന് കരുതുക. കൈയില്‍ ഭാരമുള്ള ഒരു പെട്ടിയുമുണ്ട്. അത് താഴത്തുവയ്ക്കാതെ കൈയില്പ്പിടിച്ചുതന്നെ നില്‍പ്പാണ്. നമ്മുടെ പ്രയാസം കണ്ട് വള്ളക്കാരന് പറഞ്ഞു, നിങ്ങള്‍ വള്ളത്തില്‍ കയറിയില്ലേ, ഇനി ആ പെട്ടി താഴത്തുവയ്ക്കരുതോ? പക്ഷേ പെട്ടി താഴത്തുവയ്ക്കാന്‍ നാം തയ്യാറല്ല. എന്നിട്ടു ഭാരക്കൂടുതലാണെന്ന് പറഞ്ഞുകരയുകയാണ്. അതിന്റെ ആവശ്യമുണ്ടോ? അതുപോലെ എന്തിനാണ് ഈ ഭാരങ്ങളെല്ലാം തലയിലേറ്റി കഷ്ടപ്പെടുന്നത്? എല്ലാം അവിടുത്തെ പാദത്തില്‍ അര്‍പ്പിക്കുക. അദ്ദേഹം നോക്കുന്നുണ്ടല്ലോ.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: