കാക്കിയിട്ടാല്‍ കലിബാധയുണ്ടാവുമോ? അടിയന്തരാവസ്ഥക്കാലത്ത് ജീവിതം നോക്കിക്കാണുന്നതില്‍ പാകത വന്നവര്‍ പറയും അത് അച്ചട്ടാണെന്ന്. എന്നാല്‍ ഇപ്പോഴും അതില്‍ നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നത്രേ സ്ഥിതി. അന്ന് കാക്കിക്കാര്‍ക്ക് വീര്യം പകരാന്‍ ഖദറുകാരുണ്ടായിരുന്നെങ്കില് ഇന്നാരാണുള്ളതെന്ന് വ്യക്തമല്ല. അടിസ്ഥാനസ്വഭാവത്തില്‍ നിന്ന് കാക്കിയിട്ടവര്‍ക്ക് മോചനം സാധ്യമല്ലെന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നാട്ടിലും കാക്കിക്കാരുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവരും കാരുണ്യപ്പാരാവാരം കാത്തുസൂക്ഷിക്കുന്നവരും. ആദ്യം പറഞ്ഞ വിഭാഗത്തിനാണ് മേല്‍ക്കൈ.
കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരുത്സവസ്ഥലത്ത് അത്യാവശ്യം ചില കശപിശയുണ്ടായി. ഗാനമേള വേണ്ടത്ര നിലവാരമില്ലാത്തതിന്റെ പേരിലായിരുന്നു അത്. ലോക്കല്‍ പൊലീസ് അത് തീര്ത്തുവരുന്നതിനിടയ്ക്കാണ് കുപ്രസിദ്ധനായ ഒരു പ്രിന്‍സിപ്പല്‍ എസ്.ഐ അടിപ്പടയുമായി രംഗപ്രവേശം ചെയ്യുന്നത്. മേപ്പടി എസ്ഐക്ക് ആളുകളെ അടിച്ച് നിലംപരിശാക്കുക എന്നത് ഒരു ഹോബിയാണ്. ആംഗലേയത്തില്‍ ബേസിക് ഇന്‍സ്റ്റിക്ട് എന്നൊക്കെ പറയാറില്ലേ? അതു തന്നെ. പിന്നെ പൊടിപൂരമായിരുന്നു. ഒരുപട്ടാളക്കാരനെയും അഭിഭാഷകനേയും എന്തിന് അഭിഭാഷകന്റെ ഭാര്യയെ പോലും അടിച്ചു പതംവരുത്തി. അഭിഭാഷകനല്ല മജിസ്ട്രേറ്റായാലും എനിക്ക് പ്രശ്നമില്ല എന്നായിരുന്നു പ്രിന്‍സിപ്പല്‍ എസ്.ഐ ഏമാന്റെ ആക്രോശം. ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനും ഭാര്യയായ ഡോക്ടറും പട്ടാളക്കാരനും ചികിത്സയിലാണ്.
മേപ്പടി എസ്.ഐ.യെ ഒരുവിധപ്പെട്ടവരൊക്കെ അറിയും. അങ്ങ് കണ്ണൂരില്‍ സുധാകരന് എംപിയുമായി ആവശ്യമില്ലാതെ കൊമ്പുകോര്‍ത്ത പുമാനാണ് അദ്യം.ഏതായാലും നാട്ടുകാരെ അടിച്ചവശനാക്കിയ എസ്ഐയെജില്ലയില് തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സദാചാരപ്പോലീസിന്റെ പേരില്‍ വിവാദമുയര്‍ന്ന ഒരു സ്ഥലമാണത്. അവിടെയിനി സദാചാരം ഏതൊക്കെ തരത്തിലാണ് പൂത്ത് തളിര്‍ക്കുന്നത് എന്ന് കണ്ടറിയണം. ഇമ്മാതിരി ക്രിമിനല്‍ മാനസികാവസ്ഥയുള്ളവരെ അത്തരം രോഗികളെ ചികിത്സിക്കുന്നയിടങ്ങളില് കുറഞ്ഞത് ആറു വര്‍ഷം നിര്‍ത്തണം. മനുഷ്യനും മൃഗവും മാനവികതയും ഉത്തരവാദിത്തവും എന്തെന്ന് മനസ്സിലാക്കിച്ചുകൊടുക്കണം. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റുമ്പോള്‍ അത്യാവശ്യം ഉത്തരവാദിത്തം ബോധ്യപ്പെടണല്ലോ. പൊലീസ്സേനയ്ക്ക് മൊത്തത്തില്‍ പുഴുക്കുത്തേല്‍പ്പിക്കുന്ന വിദ്വാന്മാരെ നിലയ്ക്കുനിര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പിനായില്ലെങ്കില് പിന്നെയെന്തിനാണ് അത്തരമൊരു സംവിധാനം.
മേപ്പടി എസ്ഐയുടെ നടപടി ഒരു സാമൂഹിക ദുരന്തമാണെങ്കില്‍ മറ്റൊരു വിദ്വാന്റെ ധാര്‍ഷ്ട്യം ഏകമുഖദുരന്തമാണ്; എന്നുവെച്ചാല്‍ ഓരോരുത്തരേ പീഡിപ്പിക്കപ്പെടുന്നുള്ളൂവെന്ന്. മോട്ടോര്‍ വാഹനവകുപ്പിന്റെ (കോഴിക്കോട്) ലൈസന്‍സുമായി ബന്ധപ്പെട്ട സ്ഥലത്തെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കഥാപാത്രം. ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിച്ചവര്‍ക്കുള്ള റോഡ് ടെസ്റ്റാണ് സന്ദര്‍ഭം. സുമുഖനും സുന്ദരനുമായ വിദ്വാന് ഡ്രൈവര്സീറ്റിലിരിക്കുന്നവരോടാണ് കലി തീര്‍ക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇടാന്‍ അനുവദിക്കാതെ വണ്ടിയെടുക്കാന്‍ ആക്രോശിക്കുക, എവിടുന്നാടാ (എടോ ആണെന്ന് അദ്ദേഹത്തിന് തോന്നാം) എച്ച് പാസ്സായത്,…………. (ടിയാന്റെ വായില്‍ നിന്ന് വീഴുന്ന മറ്റൊരു വാചകം അച്ചടിക്കാന്കൊള്ളില്ല) തെക്കന്‍ മേഖലയിലെ ഒരശ്ലീല പ്രയോഗമാണ് മൂപ്പരുടെ ലഹരി. ഇതൊക്കെ കേള്‍ക്കെ പതറിപ്പോകുന്നവര്‍ക്ക് നേരെ ചൊവ്വെ വണ്ടിയോടിച്ച് കാണിക്കാനാവില്ല. ഫലമോ? തോല്‍വി. ഇങ്ങനെ ആളെ തോല്പിക്കല് ഈ വിദ്വാന്റെ ഒരു ക്രൂരവിനോദമാണ്. ഇതില്‍ മനംനൊന്ത് പലരും തല്ക്കാലം തനിക്ക് എല്‍എംവി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ലൈസന്‍സ് ആവശ്യമില്ല എന്ന് എഴുതിക്കൊടുക്കുന്നു പോലുമുണ്ട്. കേമന്മാരായ ഡ്രൈവര്മാരല്ലല്ലോ ലൈസന്‍സിന് വേണ്ടി വരുന്നത്. അത് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് ഇല്ലാത്ത വിദ്വാന്മാര് മിടുക്കനായ ആര്ടിഒവിന്റെ കീഴില്‍ എങ്ങനെ ജോലിചെയ്യുന്നു എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. കാക്കിധരിച്ചാല് കലിബാധ എന്ന പൊതു ധാരണയ്ക്ക് മാറ്റം വരാത്തിടത്തോളം കാലം ഏതു സര്‍ക്കാറിന്റെ നല്ല നടപടികളും ജനങ്ങള്‍ക്ക് ദ്രോഹമായേ ഭവിക്കൂ.
മയ്യഴിപ്പുഴയുടെ വികാരവിചാരങ്ങളെ അനുഭൂതിയാക്കി ഹൃദയങ്ങളില്‍ പൂമഴ പെയ്യിച്ച എം.മുകുന്ദന്റെ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പി (മാര്‍ച്ച് 2-8) ല്‍. പേര് മാതൃഭൂമി കിട്ടനും കഞ്ചാവ് നാണുവും. ഭൂമിയില്‍ ഏറ്റവും സുഖമുള്ള സംഗതിയെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ മുകുന്ദന്റെ കഥാപാത്രം മോഹന്‍രാജ് പറയുന്നു: എരിവുള്ള പരിപ്പുവടേം ചൂടുള്ള ചായേം.ന്റീശ്വരാ, അതിലും വെല്ല്യവേറെന്ത് സുഖോംണ്ട് ഈ ഭൂമീല്” .ആ സുഖത്തിന്റെ അപൂര്വാനന്ദത്തില് ലയിച്ചിരിക്കുമ്പോള്‍ മറ്റൊരു സുഖവും നമ്മെത്തേടി വരുന്നത് അറിയില്ല. ആധുനിക സംവിധാനങ്ങളുടെ അമ്പരപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ഹരിത സമൃദ്ധമായിരുന്ന നാട്ടിന്‍പുറ കിസ്സ കളെ അരുമയായി ഓര്‍മിക്കുന്നു ഇതിലെ കഥാപാത്രങ്ങള്‍. വല്ലാത്തൊരു നാട്ടുമണം നമ്മുടെ മൂക്കിലേക്ക് അരിച്ചുകയറും കഥ വായിച്ചുതീരുമ്പോള്‍.
മുകുന്ദനുമായി വികെ സുരേഷ് നടത്തുന്ന അഭിമുഖവും ചന്ദ്രിക യുടെ മറ്റൊരു വിഭവമാണ്. ഞാന്‍ കണ്ട ജീവിതം ഞാനെഴുതിയകഥകള് എന്ന് തലക്കെട്ട്. തികച്ചും അര്‍ഥവത്താകുന്നു അത്. 1981 ല്‍ ദല്‍ഹി എഴുതുമ്പോഴുള്ള അവസ്ഥയില്‍ നിന്ന് 2012 ലെ ദല്‍ഹിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന തിരിച്ചറിവ് ഈ ഇന്റര്‍നെറ്റ് യുഗത്തിലും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്താവാം? അടിസ്ഥാനപരമായി മാറ്റം എവിടെയാണ് വേണ്ടത്? ഇങ്ങനെയുള്ള നൂറുകൂട്ടം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയല്ലെങ്കിലും പറയാതെ പലതും പറഞ്ഞു പോകുന്നു മുകുന്ദന്. 21-ാമത്തെ വയസ്സില്‍ ആദ്യകഥ എഴുതിയ അദ്ദേഹം അവസാനത്തെ കഥയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്നത് മലയാളികളുടെ അഭിമാനമല്ലേ? എഴുത്തുകാരനായി സമൂഹംഅംഗീകരിച്ചു കഴിഞ്ഞാല്‍ ഉത്തരവാദിത്തം കൂടുമെന്ന് മുകുന്ദനറിയാം. അതുകൊണ്ടുതന്നെ മികച്ചത് നല്‍കാനേ തയാറാവൂ. ഇനി മുകുന്ദന് പറയട്ടെ: എഴുത്തുകാരനായിക്കഴിഞ്ഞാല് പിന്നെ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പീന്നീട് ഒരുപാട് ബാധ്യതകളാണ്. അത്വരെ ഞാന്‍ എനിക്കുവേണ്ടി മാത്രമാണെഴുതുന്നത്. പിന്നീട് ഞാന്‍ എഴുതുമ്പോള്‍ മറ്റുള്ളവരെ കൂടി മനസ്സില്‍ കാണേണ്ടിവരുന്നു. അപ്പോള്‍ എഴുത്ത് ഒരു പുതിയദിശയിലേക്കാണ് സഞ്ചരിക്കുന്നത്. അതുവരെ അനുഭവിച്ച വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ആ നഷ്ടപ്പെടല്‍ സമൂഹത്തിന് ഗുണമോ ദോഷമോ എന്ന് വ്യവച്ഛേദിച്ച് കള്ളികളില്‍ നിര്ത്തണമെന്നൊന്നുമില്ല. ആഹ്ലാദത്തിന്റെ വിഷുപ്പുലരികള്‍ സ്വപ്നം കാണുന്നതു പോലും സന്തോഷമല്ലേ. ആറരപ്പേജ് നീളുന്ന അഭിമുഖത്തില്‍ മുകുന്ദന്റെ അനുതാപാര്‍ദ്രമായ നിരീക്ഷണങ്ങള്‍ നമുക്കു മുമ്പില്‍ പീലിവിരിച്ചുനില്ക്കുന്നു.
ടെക്കി കാലത്ത് മണ്ണിന്റെ ദിവ്യമായ മോഹം പൊലിപ്പിച്ചെടുത്ത അഞ്ചുയുവാക്കളെക്കുറിച്ചെഴുതുന്നു മാതൃഭൂമി ആഴ്ചപ്പതി(മാര്‍ച്ച് 10) പ്പ്. ടെക്കികാലത്തെ കൃഷിപാഠങ്ങള്‍ എന്ന തലക്കെട്ടിലാണ് പി.ടി. മുഹമ്മദ്സാദിഖിന്റെ ആറ് പേജ് വരുന്ന ഹരിതസമൃദ്ധമായ ഫീച്ചര്‍. കോഴിക്കോട് കുണ്ടായിത്തോട്ടിലെ കെ.പി. ഇല്യാസും അയാളുടെ നാലുചങ്ങാതിമാരും കാസര്‍കോട്ടെ ബേഡഡുക്കയില്‍ വിളയിച്ച കാര്ഷികസമൃദ്ധിയെക്കുറിച്ചാണ് പറയുന്നത്. കണ്ണിനും കരളിനും കുളിര്മയാവുന്നു ഇത്. മനസ്സില്‍ നന്മയും ചോരയില്‍ ഇച്ഛാശക്തിയുമുണ്ടെങ്കില്‍ എന്തും നടത്താന്‍ കഴിയുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇല്യാസിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയുടെ ശക്തി തുടിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് കണ്ടെത്തിയ മഹാത്മജിയുടെ ദര്‍ശനവ്യാപ്തി നമുക്കിതില്‍ കണ്ടെത്താം.
സമാധാനകാലത്തെ വംശഹത്യയെക്കുറിച്ചും മാതൃഭൂമി പരിഭവപ്പെടുന്നു. ശ്രീലങ്കയിലെ കലാപവും അതിനുശേഷം അതിനെക്കാള്‍ ക്രൂരമായ സംഭവങ്ങളും അരങ്ങേറിയതിനെക്കുറിച്ചാണ് ടി.വൈ.വിനോദ്കൃഷ്ണന് എഴുതുന്നത്. അതിനൊപ്പം ഉപയോഗിച്ചചിത്രങ്ങള് വായനക്കാരില്‍ അസ്വസ്ഥതയും മനസ്സംഘര്‍ഷവും ഉണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പ് കവറില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുലിപ്പടയുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനോട്ചെയ്ത ക്രൂരത ഞെട്ടലുണ്ടാക്കുന്നതാണ് .പട്ടാളക്യാമ്പില്‍ ഒന്നുമറിയാതെബിസ്കറ്റ് തിന്നുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായ ബാലചന്ദ്രന് തൊട്ടടുത്തനിമിഷം അഞ്ചാറുവെടിയുണ്ടകളില് നിശ്ചലനാവുകയാണ്. ലോകം മുഴുവന്‍ ഒരു പക്ഷേ, ആ ചിത്രം കണ്ട് വിങ്ങിപ്പൊട്ടുന്നുണ്ടാവും. അതിന്റെ മുമ്പില്‍ പുലികള്‍ ചെയ്ത ക്രൂരതകള്‍ മാഞ്ഞുപോവുന്നത് തികച്ചും സ്വാഭാവികം.
സാഹിത്യനഭസ്സിലെ ചന്ദ്രശോഭയായ സാഹിത്യ പ്രതിഭയെപ്പറ്റിയാണ് ഇത്തവണത്തെ പവിത്രഭൂമി (മാര്‍ച്ച്) എഴുതുന്നത്. മേലത്ത് ചന്ദ്രശേഖരന് എന്ന ആ പ്രതിഭയുടെ ജിവസ്സുറ്റ ഫോട്ടോയാണ് മുഖചിത്രം. മേളത്തിന്റെ കവിത യെന്ന് ഋഷിതുല്യനായ മഹാകവി അക്കിത്തവും മേലത്ത്: കലിയുഗത്തിന്റെ ഭാവഗായകന് എന്ന് കാര്യങ്ങളുടെ മര്‍മമറിഞ്ഞ് എഴുതുന്ന സുകുമാരന്‍ പെരിയച്ചൂരും മേലത്തിനെ വിശകലനം ചെയ്യുന്നു. അക്കിത്തം പറയുന്നു: കക്കാടിന്റെപിറകേ, പക്ഷേ, കക്കാടിന്റേതല്ലാത്ത സ്വാര്‍ജിതമായ സത്തകളോടു കൂടി മലയാളകവിതയിലേക്ക് കടന്നുവരികയും സ്വന്തം പീഠം സൃഷ്ടിച്ചുറപ്പിക്കുകയും ചെയ്തവരില്‍ പ്രഥമഗണനീയനായ കവി മേലത്ത് ചന്ദ്രശേഖരനത്രേ. സ്വര്‍ണത്തിന് സുഗന്ധം പോലെയാണ് മേലത്തിന് അക്കിത്തത്തിന്റെ അനുഗ്രഹം. മേലത്തിനെ കലിയുഗത്തിന്റെ ഭാവഗായകന് എന്ന് എം.കെ. സാനുവിശേഷിപ്പിച്ചത് മുന്‍നിര്‍ത്തിയുള്ള സുകുമാരന്റെ ചോദ്യത്തിന് കവിയുടെ മറുപടി ഇങ്ങനെ: കലിയുഗദര്ശനം കറുത്ത കാലത്തിന്റെ മാനവികദര്‍ശനമാണ്. മനുഷ്യന് നേടിയ നേട്ടങ്ങളില്‍ ഊറ്റമാളാനല്ല കോട്ടങ്ങളെ ശരിയിലേക്ക് നയിക്കാനാണ് എന്റെ കവിത ശ്രമിച്ചുപോരുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞതു കൊണ്ടാവാം എം.കെ.സാനു കലിയുഗത്തിന്റെ ഭാവഗായകന് എന്നു വിശേഷിപ്പിച്ചത്. കലിയുഗത്തിന്റെ കാളിമകള്‍ നമ്മെ വിട്ടകലുന്നത് മേലത്തിന്റെയും അക്കിത്തത്തിന്റെയും കവിതകള്‍ വായിച്ചാസ്വദിക്കാനുള്ള മഹാഭാഗ്യം നമുക്കു കിട്ടിയതുകൊണ്ടുമാവാം. അമ്മമലയാളം എന്ന ചീഫ് എഡിറ്റര്‍ ശിവപ്രസാദ് ഷേണായിയുടെ മുഖപ്രസാദം കൂടിയാവുമ്പോള്തികച്ചും പവിത്രമാവുന്നു പവിത്രഭൂമി.
കെ.മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: