അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഈയിടെ കോഴിക്കോട്ടു പോകാന്‍ അവസരം ലഭിച്ചു. കേസരി വാരിക ഏര്‍പ്പെടുത്തിയ രാഘവീയം പുരസ്ക്കാരം സ്വീകരിക്കാനായിരുന്നു മുമ്പത്തെ യാത്ര. അതിനുശേഷം കോഴിക്കോട്ട് പോകാന്‍ സന്ദര്‍ഭങ്ങള്‍ പലത് വന്നെങ്കിലും അത് സാധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിനിടെ മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാഗിനേയിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പക്ഷേ അത് കോഴിക്കോട്ട് യാത്രയായി കണക്കാക്കാന്‍ കഴിയില്ല. തൊടുപുഴയില്‍നിന്നും വിവാഹപാര്‍ട്ടിയുടെ വാഹനത്തില്‍ പോയി. രാമനാട്ടുകര നിന്നാരംഭിക്കുന്ന ബൈപ്പാസിലൂടെ നഗരത്തില്‍ പ്രവേശിക്കാതെയാണ് പോയത്.
വിവാഹ സ്ഥലം പന്തീരാങ്കാവിലും. പന്തീരാങ്കാവിലെ ചില പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ ആ യാത്രയില്‍ സാധിച്ചു. അവിടെ ആശ്രമം സ്ഥാപിച്ചു സന്ന്യാസജീവിതം നയിക്കുന്ന പത്മനാഭനേയും മറ്റൊരു പത്മനാഭനേയും കാണാന്‍ കഴിഞ്ഞു. മറ്റു ചിലര്‍ അന്നുതന്നെ വേറൊരു സ്ഥലത്ത് നടക്കുന്ന വിവാഹത്തിലാണെന്നും അറിഞ്ഞു കല്യാണമണ്ഡപത്തിലും പന്തീരാങ്കാവ് അങ്ങാടിയിലും പഴയ സ്വയംസേവകന് ഗോപാലക്കുറുപ്പിന്റെ അദൃശ്യസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. ചെറുപ്പത്തില്‍ തന്നെ മന്ത്രതന്ത്രാദികളുമായി പരിചയപ്പെട്ടിരുന്ന കുറുപ്പ് മാധവജിയുമായി ബന്ധപ്പെട്ടതിനുശേഷം തന്റെ കഴിവുകള്‍ മുഴുവന്‍ സംഘാഭിമുഖമാക്കിത്തീര്ക്കുകയായിരുന്നു. കളരി സമ്പ്രദായത്തിലുള്ള ശാരീരികാഭ്യാസങ്ങളിലും അദ്ദേഹം തീക്ഷ്ണാതനായിരുന്നു. മര്‍മവിദ്യകളും പഠിച്ചു.
1970 കളില്‍ സംഘത്തിന്റെ ശാരീരിക പരിശീലനങ്ങളില്‍ വരുത്തിയ മാറ്റങ്ങളില്‍ കളരി സമ്പ്രദായത്തെ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിന് വേണ്ടത്ര സംസ്ക്കരണം നടത്തിയത് മുതിര്‍ന്ന പ്രചാരകനും പിന്നീട് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ തിരുവനന്തപുരം പ്രതിനിധിയും സംസ്കൃത പണ്ഡിതനും ഒക്കെയായിരുന്ന ശ്രീകൃഷ്ണ ശര്‍മയും ഗോപാലക്കുറുപ്പുമായിരുന്നു. നാഗ്പൂരില്‍ പോയി അവര്‍ പുതിയ മുറകള്‍ ആവിഷ്ക്കരിക്കുന്നതിന് സംഘത്തിന്റെ അധികാരിമാരെ സഹായിച്ചിരുന്നു. പന്തീരാങ്കാവില്‍ ഗോപാലക്കുറുപ്പ് ചികിത്സാ കേന്ദ്രം നടത്തി അവിടെ ഒട്ടേറെ സംഘാധികാരിമാരും സ്വയംസേവകരും പുറമേയുള്ളവരും ചികിത്സ തേടിയെത്തിയിരുന്നു. മാധവജി പരലോക പ്രാപ്തനായി അന്ത്യസംസ്ക്കാരത്തിനായി തന്ത്രവിദ്യാപീഠത്തിന് സമീപം പെരിയാറ്റിന് കരയില്‍ കൊണ്ടുവന്നപ്പോള്‍ ശിഷ്യന് എന്ന നിലയ്ക്ക് ശേഷക്രിയ നടത്തിയത് ഗോപാലക്കുറുപ്പായിരുന്നു. മാധവജി നേരത്തെ തന്നെ ഹിമാലയത്തിലെ ബ്രഹ്മക പാലത്തില്‍ ആത്മബലി കര്‍മങ്ങള്‍ ചെയ്തിരുന്നതിനാല്‍, കുടുംബാംഗങ്ങള്‍ ശേഷക്രിയകള്‍ ചെയ്യേണ്ടിയിരുന്നില്ല.
കോഴിക്കോട്ട് യാത്രയെപ്പറ്റി എഴുതിയെഴുതി എവിടെയൊക്കെയോ ശാഖാ ചംക്രമണം ചെയ്തു ചെന്നെത്തി. ഈയിടെ അവിടെ പോയത് കേസരി വാരികയുടെ വികസനവും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് ചേര്‍ന്ന ബൈഠക്കില്‍ പങ്കെടുക്കാനാണ്. പോയതും മടങ്ങിയതും തീവണ്ടിയിലായിരുന്നു. പാത ഇരട്ടിപ്പിച്ച ശേഷം ആദ്യയാത്ര സുഖകരം തന്നെ. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. കേസരിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് അഭ്യുദയകാംക്ഷികളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കപ്പെട്ടു. അവയൊക്കെ പരിഗണിച്ച് കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവും ചിന്തോദ്ദീപകവുമായ രീതിയില്‍ കേസരി വളരുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് കേരളത്തിന്റെ ചിന്താരംഗത്തെ പ്രചോദിപ്പിക്കുന്ന ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണമെന്ന സ്ഥാനം കേസരി ആര്‍ജ്ജിച്ചു കഴിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹമീദ് ചേണ്ടമംഗലൂര്‍ എഴുതിയ ഒരു ലേഖനത്തില്‍ ആരും വായിക്കാത്ത ഒരു ചെറിയ പ്രസിദ്ധീകരണമെന്ന് കേസരിയെ അവഗണിച്ചതോര്ക്കുന്നു. ആ സ്ഥാനത്തുനിന്നും ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും അടിക്കടി ചര്‍ച്ചാവിഷയമാകുന്ന നിലയിലേക്ക് അത് വളര്‍ന്നു കഴിഞ്ഞു.
കേസരിയെ സംബന്ധിക്കുന്ന പരിപാടി നടന്നത് അളകാപുരി അതിഥി മന്ദിരത്തിലാണ്. ഹോട്ടല്‍ എന്നല്ല അളകാപുരി ഗസ്തൗസ് എന്നാണ് സ്ഥാപനത്തിന്റെ പേര് തന്നെ. അവിടുത്തെ ഫാമിലി റസ്റ്റോറന്റിലായിരുന്നു അത്. അളകാപുരിയിലൂടെ നടന്നു പോകുമ്പോള്‍ വികാരനിര്‍ഭരമായ ഒട്ടനവധി ഓര്‍മകള്‍ പൊന്തിവന്നു. 1960-കളില്‍ അതിന്റെ നടത്തിപ്പുകാരനായിരുന്ന രാധാകൃഷ്ണനാണ് ആദ്യം വരിക. 1967 ലെ ജനസംഘ അഖില ഭാരത സമ്മേളനത്തിനായി എത്തുന്ന കേന്ദ്രനേതാക്കള്‍ക്ക് താമസിക്കാനും ഇടയ്ക്കിടെ കൂടിയാലോചിക്കാനുമായി അളകാപുരിയില്‍ സൗകര്യമുണ്ടാകുമോ എന്നന്വേഷിക്കാന്‍ പരമേശ്വര്‍ജി പോയപ്പോള്‍ കൂടെ ഞാനുമുണ്ടായിരുന്നു. ആ സ്ഥാപനം മുഴുവന്‍ അതിനായി വിട്ടുതരാമെന്ന് രാധാകൃഷ്ണന് സന്നദ്ധത കാട്ടിയപ്പോള്‍ വലിയൊരു ഭാരം മാറിക്കിട്ടിയ ആശ്വാസം ലഭിച്ചു. നഗരമധ്യത്തില്‍ത്തന്നെ ഒരു നാലുകെട്ടുപോലുള്ള ആ സ്ഥാപനത്തിലെ 10 കോട്ടേജുകളും മുഴുവന്‍ മുറികളും സമ്മേളനകാലം മുഴുവന്‍ ജനസംഘ നേതൃത്വം സ്വന്തം തറവാടുപോലെ ഉപയോഗിച്ചു.
അതിലെ ലോട്ടസ് എന്ന കോട്ടേജിലായിരുന്നു ദീനദയാല്‍ജി താമസിച്ചത്. അതിന്റെ പൂമുഖത്തെ ചൂരല്‍ മെടഞ്ഞ കസേരയില്‍ സദാ സുസ്മേരവദനനായി ഇരുന്ന ദീനദയാല്‍ജിയെ കാണാന്‍ വന്ന ആരെയും അദ്ദേഹം രണ്ടുവാക്ക് സംസാരിക്കാതെ മടക്കിയയച്ചില്ല. അവിടെ ഇരുന്ന അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാന്‍ സമ്മേളനത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന കൃഷ്ണന് നായര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ഇരുന്നുകൊടുത്തു. അതിഗംഭീരമായ ആ ചിത്രം കോഴിക്കോട്ടെയും എറണാകുളത്തേയും കാര്യാലയങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്.
സമ്മേളനത്തിന്റെ പിറ്റേന്ന് കോഴിക്കോട്ടെ പൗരപ്രമുഖര്‍ പുതിയ ജനസംഘാധ്യക്ഷന്‍ ദീനദയാല്‍ജിക്ക് നല്കിയ സ്വീകരണയോഗം അളകാപുരിയിലെ വിശാലമായ ആഡിറ്റോറിയത്തിലാണ് നടന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു സംസാരിച്ചു. 1967 ലെ മാറിയ രാഷ്ട്രീയപരിതസ്ഥിതിയില്‍ പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ കോണ്‍ഗ്രസ് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലൂടെ പോകാന്‍ സാധ്യമാക്കിയ രാജനീതിതന്ത്രത്തിന്റെ ഉപജ്ഞാതാവ് ദീനദയാല്ജിയായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. തലേന്ന് സമാപന സമ്മേളനത്തില്‍ ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും വിട്ടുമാറിനില്ക്കാതെ ജനസംഘത്തെ മനസ്സിലാക്കാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അളകാപുരിയിലെ അഭിനന്ദന പ്രസംഗത്തില്‍ ദേവഗിരി കോളേജിലെ ഫാ.കൊളമ്പിയര്‍ ക്രിസ്ത്യാനികളുടെ ആശങ്കകളെപ്പറ്റി സംസാരിച്ചത് ദീനദയാല്‍ജിയുടെ മറുപടി പ്രസംഗത്തില്‍ അക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചു. ജനസംഘം ഹിന്ദുക്കള്‍ കൂടുതലായി ഉള്ള സംഘടനയാണെന്നും എന്നാല്‍ പ്രശസ്തരായ പല ക്രിസ്ത്യന്‍ സുഹൃത്തുക്കളും ഭാരവാഹികളായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം എങ്ങനെ ചിന്തിക്കുന്നുവെന്ന് ജനസംഘത്തിന് മനസ്സിലാക്കിത്തരാന്‍ കൂടുതലായി അവര്‍ വരേണ്ടതാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടല്‍ബിഹാരി വാജ്പേയി, അദ്വാനിജി, ബല്‍രാജ് മധോക് തുടങ്ങിയ ജനസംഘകാലത്തെ സമുന്നത നേതാക്കള്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താമസം അളകാപുരിയില്‍ തന്നെയായിരുന്നു. 1980 കളില്‍ രാഷ്ട്രീയരംഗത്ത് തീവ്രവാദം ശക്തി പ്രാപിച്ചപ്പോള്‍, നേതാക്കള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ രക്ഷാക്രമീകരണങ്ങള്‍ നല്കാന് തുടങ്ങിയപ്പോഴാണ് അവര്‍ അളകാപുരി വിട്ട് ഗസ്റ്റ് ഹൗസുകളില്‍ താമസമാക്കിയത്. ജഗന്നാഥറാവു ജോഷി, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ് തുടങ്ങിയ നേതാക്കളൊക്കെ പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിക്കാനാണ് മുന്‍ഗണന നല്‍കിയത്. പക്ഷെ തീവ്രവാദവും ഭീകരപ്രസ്ഥാനങ്ങളും രംഗത്തുവന്നതോടെ ആ പരിതസ്ഥിതിയില്‍ മാറ്റം വന്നു. അടല്ജിയെപ്പോലെയും അദ്വാനിജിയെപ്പോലെയുമുള്ള നേതാക്കള്‍ക്ക് കരിംപൂച്ചകളുടെ രക്ഷാവലയത്തിലല്ലാതെ അനങ്ങാന്‍ വയ്യാത്ത സ്ഥിതിയായി.
ഭാരത രാഷ്ട്രീയത്തിന്റെ സംക്രമണ കാലമായി കണക്കാക്കാവുന്ന 1967 ലെ സുപ്രധാന ശക്തിയായിരുന്ന ജനസംഘത്തിന്റെ ദേശീയ നേതൃത്വം ഒട്ടാകെ അഞ്ചുദിവസം താമസിച്ചിരുന്ന സ്ഥലമായിരുന്നു അളകാപുരി. ആ ദിവസങ്ങള്‍ ദേശീയമായി മാത്രമല്ല, സാര്‍വദേശീയമായും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നുണര്‍ന്ന പ്രത്യാശകളും പ്രതീക്ഷകളും സാക്ഷാത്കരിക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ കൂടി കഴിയേണ്ടിവന്നുവെന്നത് സത്യമാണ്.
കഴിഞ്ഞയാഴ്ച ഏതാനും മണിക്കൂറുകള്‍ ആ പരിസരത്തു കഴിഞ്ഞപ്പോള്‍ മനസ്സ് പഴയ അന്തരീക്ഷത്തില്‍ ആമഗ്നമായത് സ്വാഭാവികം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: