ഹൈദരാബാദ്: ചേതേശ്വര്‍ പൂജാരയുടെയും (204) ഓപ്പണര്‍ മുരളിവിജയിന്റെയും (167) തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ വിജയത്തിലേക്ക്. ഇരുവരുടെയും ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 503 റണ്‍സ് പടുത്തുയര്‍ത്തിയതോടെ 266 റണ്‍സിന്റെ ലീഡ് സ്വന്തമായി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്ത് പരാജയത്തെ അഭിമുഖീകരിക്കുയാണ്. 26 റണ്‍സോടെ കവാനും ഒമ്പത് റണ്‍ുമായി ഷെയ്ന്‍ വാട്സനുമാണ് ക്രീസില്‍. രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കേ ഓസ്ട്രേലിയ 192 റണ്‍സ് പിറകിലാണ്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വ്യക്തമായ മുന്‍തൂക്കം ലഭിച്ചിട്ടും ഇന്ത്യന്‍ ഇന്നിംഗ്സ് ആശ്വസിക്കാന്‍ ആകെയുണ്ടായിരുന്നത് പൂജാരയുടെയും മുരളി വിജയിന്റെയും പ്രകടനം മാത്രമാണ്. എന്നാല്‍ ആറ് റണ്‍സ് വ്യത്യാസത്തില്‍ അടുത്തടുത്ത ഒാവറുകളില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യന്‍ ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് കണ്ടത്. പിന്നീട് ആദ്യ ടെസ്റ്റിലെ ഹീറോകളായ ക്യാപ്റ്റന്‍ ധോണിയും (44), വിരാട് കോഹ്ലിയും (33)്യൂമാത്രമാണ് ഓസീസ് ബൗളിംഗിനെതിരെ അല്‍പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാം ദിനം 61 ഓവര്‍ മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ഇന്ത്യ ചായക്ക് മുന്‍പ് ഓള്‍ ഔട്ടാവുകയും ചെയ്തു.
ഒന്നിന് 311 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി മുരളി വിജയും ചേതേശ്വര്‍പൂജാരയും ഉജ്ജ്വലഫോമില്‍ തന്നെ ബാറ്റ് വീശി. രണ്ടാം വിക്കറ്റില്‍ 109.4 ഓവര്‍ ക്രീസില്‍ നിന്ന പൂജാരയും വിജയും ചേര്‍ന്ന് 370 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് 24-ാം ഓവറില്‍ തന്നെ മുരളി വിജയെ നഷ്ടപ്പെട്ടു. 361 പന്തില്‍ നിന്ന് 23 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 167 റണ്‍സെടുത്ത മുരളിയെ മാക്സ്‌വെല്ലിന്റെ പന്തില്‍ ബാക്ക്‌വേഡ് ഷോര്‍ട്ട് ലെഗ്ഗില്‍ കോവന്‍ ഒരു അനായാസ ക്യാച്ചിലൂടെയാണ് മടക്കിയത്. മാക്സ്‌വെല്‍ എറിഞ്ഞ 120-ാം ഓവറിലെ ആദ്യ പന്ത് സ്ലിപ്പിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച് പൂജാര ഇരട്ടശതകം പൂര്‍ത്തിയാക്കി. 332 പന്തുകള്‍ നേരിട്ട് 29 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് പൂജാര ഡബിള്‍ സെഞ്ച്വറി തികച്ചത്. പൂജാരയുടെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്. 120 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടിന് 393 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ തന്നെ പൂജാര (204) പാറ്റിന്‍സന്റെ പന്തില്‍ ഡോഹര്‍ട്ടിക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. പാറ്റിന്‍സന്റെ ഒരു ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള പൂജാരയുടെ ശ്രമമാണ് മികച്ച ഒരു ഡൈവിങ് ക്യാച്ചിലൂടെ ഡോഹര്‍ട്ടി കൈയിലൊതുക്കി ഒാസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഈ ഇന്നിങ്ങ്സോടെ ടെസ്റ്റില്‍ ആയിരം റണ്‍സ് തികച്ചിരിക്കുകയാണ് പത്ത് ടെസ്റ്റ് മാത്രം കളിച്ച പൂജാര. 1950ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ താരവുമായി ഇതോടെ പൂജാര.
പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് കടപുഴകാനും തുടങ്ങി. പാറ്റിന്‍സണിന്റെ പന്തില്‍ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ മടങ്ങിയത്. സ്കോര്‍ 4ന് 404. തുടര്‍ന്ന് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ധോനിയും കോഹ്ലിയും ചെറുതായി പ്രതീക്ഷ ജനിപ്പിച്ചെങ്കിലും അഞ്ചാം വിക്കറ്റിലെ ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 460-ല്‍ എത്തിയപ്പോള്‍ ധോണിയും മടങ്ങി. 44 റണ്‍സെടുത്ത ധോണിയെ മാക്സ്‌വെല്ലിന്റെ പന്തില്‍ ഡോഹര്‍ട്ടി പിടികൂടി. പിന്നീട് പത്ത് റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ മാക്സ്‌വെല്‍ സ്വന്തം പന്തില്‍ പിടികൂടി. ഒരു റണ്‍സെടുത്ത അശ്വിനെ ഡോഹര്‍ട്ടിയുടെ ബൗളിംഗില്‍ ഹ്യൂഗ്സും അക്കൗണ്ട് തുറക്കും മുന്‍പ് ഹര്‍ഭജനെ ഡോഹര്‍ട്ടിയുടെതന്നെ പന്തില്‍ മാക്സ്‌വെലും പിടികൂടിയതോടെ ഇന്ത്യ എട്ടിന് 489 എന്ന നിലയിലായി. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 34 റണ്‍സെടുത്ത കോഹ്ലിയും മടങ്ങി. 150-ാം ഓവറിലെ അഞ്ചാം പന്തില്‍ മാക്സ്‌വെല്ലിന്റെ പന്തില്‍ കോവന്‍ പിടിച്ച് കോഹ്ലി മടങ്ങിയതോടെ പടുകൂറ്റന്‍ ലീഡ് സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമം അസ്തമിച്ചു. ഡോഹര്‍ട്ടി എറിഞ്ഞ 155-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ മാക്‌വെല്ലിന് ക്യാച്ച് നല്‍കി ഭുവനേശ്വര്‍ കുമാര്‍ മടങ്ങിയതോടെ ഇന്നിങ്ങ്സിന് തിരശീല വീഴുകയും ചെയ്തു.
ഉജ്ജ്വലമായ രീതിയില്‍ കുതിക്കുകയായിരുന്ന ഇന്ത്യയെ പിടിച്ചുകെട്ടിയത് ഇടങ്കയ്യന്‍ സ്പിന്നര്‍ ഡോഹര്‍ട്ടിയും ഓഫ് സ്പിന്നര്‍ മാക്സ്‌വെല്ലുമാണ്. മാക്സ്‌വെല്‍ നാലും ഡോഹര്‍ട്ടി മൂന്നും വിക്കറ്റ് സ്വന്തമാക്കി. പാറ്റിന്‍സണ്‍ രണ്ടും സിഡില്‍ ഒരു വിക്കറ്റും വീഴ്‌ത്തി.
266 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് കോവനും (26 നോട്ടൗട്ട്) വാര്‍ണറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യക്തിഗത സ്കോര്‍ 26-ല്‍ നില്‍ക്കേ വാര്‍ണറെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന ഹ്യൂഗ്സിനെയും അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് കോവനും വാട്സണും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത് അശ്വിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: