നാം പുറത്തേയ്ക്ക് കടന്നുചെല്ലണം. നമ്മുടെ ആദ്ധ്യാത്മികതയും ദര്‍ശനവും വഴി ലോകത്തെ വെല്ലണം. മറ്റു പോംവഴിയൊന്നുമില്ല. ഒന്നുകിലതു നാം ചെയ്യണം, അല്ലെങ്കില്‍ തുലയണം. ജനതയുടെ ജീവിതം, പ്രബുദ്ധവും ഉത്തേജകവുമായ ജനതാജീവിതം, എളുതാക്കുന്ന ഒരേ ഒരുപാധി ഭാരതീയ ചിന്ത ലോകത്തെ വെല്ലുക എന്നതത്രേ.
അതേസമയം മറ്റൊരു സംഗതി നാം മറക്കരുത്. ആദ്ധ്യാത്മികമായ ആശയങ്ങളിലൂടെ ലോകത്തെ വെല്ലുക എന്നതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്, ജീവിതസന്ദായകമായ തത്വങ്ങളെ വെളിയിലേക്ക് കടത്തിവിടുക എന്നാണ്. മറിച്ച് നൂറ്റാണ്ടുകളായി നാം മാറോടണച്ചുവന്ന നൂറുനൂറു അന്ധവിശ്വാസങ്ങളെയെന്നല്ല. ഈ ഭൂമിയില്‍നിന്ന് ഇവയെയൊക്കെ നാം എന്നന്നേക്കുമായി പിഴുതെറിയണം. അവ നശിച്ചേ പോകട്ടെ. നമ്മുടെ വംശം അധഃപതിക്കാനുള്ള കാരണങ്ങളാണവ. ഇവ മസ്തിഷ്കത്തെ പതപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്നതും ഉദാരവുമായ കാര്യങ്ങള്‍ ചിന്തിക്കാനാവാത്ത മസ്തിഷ്കത്തെ. അപൂര്വസര്ഗശക്തിയും ഓജസുമറ്റ മസ്തിഷ്കത്തെ, മതത്തിന്റെ പേരില്‍ നടപ്പിലിരിക്കുന്ന ക്ഷുദ്രങ്ങളായ പലപല അന്ധവിശ്വാസങ്ങളിലൂടെ സ്വയം വിഷലിപ്തമായ മസ്തിഷ്കത്തെ നാം തന്നെ സൂക്ഷിക്കണം. നമ്മുടെ ദൃഷ്ടിയില്ത്തന്നെ ഈ ഭാരതത്തില്‍ പല അപകടങ്ങളുമുണ്ട്. ഇവയിലൊന്ന് നഗ്നമായ ഭൗതികവാദം, മറ്റൊന്ന് അതിന് കടകവിരുദ്ധവും നിര്‍ലജ്ജവുമായ അന്ധവിശ്വാസം. ഒന്നൊരു നീര്‍ച്ചുഴി; മറ്റേതൊരു പാറക്കെട്ട്. ഇവ രണ്ടില്‍നിന്നും നാം ഒഴിഞ്ഞുമാറണം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: