അഹമ്മദാബാദ്: അഹമ്മദാബാദില്‍ കലാപ മ്യൂസിയം നിര്‍മിക്കാന്‍ ശേഖരിച്ച തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ടീസ്റ്റ സെതല്‍വാദിനോട് ഗുല്‍ബര്‍ഗ് വാസികള്‍ ആവശ്യപ്പെട്ടു. നിരവധി വര്‍ഷങ്ങളായി ഗുജറാത്ത് കലാപത്തില്‍ നിന്നും മുതലെടുത്തുകൊണ്ടിരിക്കുന്ന ടീസ്റ്റയുടെ പ്രവൃത്തിയില്‍ തങ്ങള്‍ വശംകെട്ടിരിക്കുകയാണ്. അതിനാല്‍ മ്യൂസിയത്തിനും കലാപത്തിനിരയായവര്‍ക്കും വേണ്ടി ശേഖരിച്ച തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റി വാസികള്‍ ടീസ്റ്റയ്ക്ക് മുന്നറിയിപ്പ് നല്കി.
ഈ ആവശ്യമുന്നയിച്ച് ഗുല്‍ബര്‍ഗ് സൊസൈറ്റി വാസികളായ നിരവധി ആള്‍ക്കാരാണ് ടീസ്റ്റയ്ക്ക് ഫെബ്രുവരി 13ന് നോട്ടീസ് അയച്ചിരിക്കുന്നത്. ദേശീയവും രാജ്യാന്തരവുമായ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കലാപത്തിനിരയായവര്‍ക്ക് പിന്തുണ നല്‍കാനെന്ന പേരില്‍ ഇതുവരെ ശേഖരിച്ച തുക എല്ലാവര്ക്കും തുല്യമായി വീതിച്ചു നല്‍കണം. അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറായിക്കൊള്ളുക എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ തെറ്റായ വാഗ്ദാനങ്ങളില്‍പ്പെട്ട് വഞ്ചിതരായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ചയാണ് കത്ത് പുറത്തുവിട്ടത്. എല്ലാവര്‍ഷവും ഫെബ്രുവരി 28ന് സാമ്പത്തികസഹായം നല്‍കാമെന്നും വീടുകള്‍ പുതുക്കിനിര്മിച്ച് ഗുല്‍ബര്‍ഗ് സൊ സൈറ്റിയെ രാജ്യാന്തരനിലവാരമുള്ള മ്യൂ സിയമാക്കി മാറ്റുമെന്നും ഉള്ള പൊള്ളയായ വാഗ്ദാനങ്ങളാണ് ടീസ്റ്റ നല്‍കുന്നതെന്ന് ഗുല്‍ബര്‍ഗ് വാസികള്‍ പറയുന്നു. സൊസൈറ്റിയില്‍ താമസക്കാരായ പന്ത്രണ്ട് പേര് ഒപ്പിട്ട നോട്ടീസാണ് ടീസ്റ്റ സെതല്‍വാദിന്റെ മുംബൈയിലുള്ള വസതിയിലേക്ക് ഫെബ്രുവരി 21ന് പോസ്റ്റിലയച്ചത്. വിവരാവകാശ നിയമപ്രകാരം തങ്ങളു ടെ തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സാമ്പത്തികസഹായം നല്കാ നും സൊസൈറ്റിയെ വികസിപ്പിച്ച് മ്യൂസിയമാക്കാനും ടീസ്റ്റ ദേശീയവും രാജ്യാന്തരവുമായ നിരവധി സംഘടനകളില്‍ നിന്നും ഭീമമായതുകകള് ശേഖരിച്ചിട്ടുണ്ടെന്ന് അറിഞ്ഞതായി അവര്‍ പറയുന്നു.
2002ലെ നിര്‍ഭാഗ്യകരമായ കലാപത്തിന്റെ 11-ാമത് വാര്‍ഷികാചരണം നടത്താന്‍ ഒരു എന്‍ജിഒകളെയും അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19ന് സൊസൈറ്റിയിലെ 15 അംഗങ്ങള്‍ ചേര്‍ന്ന് അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഗുല്ബര്ഗിന് വേണ്ടി ശേഖരിച്ച തുക ടീസ്റ്റയുടെ എന്‍ജിഒ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വിദേശ സംഭാവനയായി ലഭിച്ച 63 ലക്ഷം രൂപ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന്റെ അക്കൗണ്ടിലും 88 ലക്ഷം രൂപ സബ്രാംഗ് ട്രസ്റ്റിന്റെ അക്കൗണ്ടിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് അല്‍പ്പം പോലും തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കാനോ മ്യൂസിയം വികസിപ്പിക്കാനോ സൊസൈറ്റിയിലെ ഒരംഗത്തിനും നല്‍കിയിട്ടില്ലെന്ന് കത്തില്‍ തരംതിരിച്ച് വ്യക്തമാക്കുന്നു.
നോട്ടീസനുസരിച്ച് 2007 മുതല്‍ തുടര്‍ച്ചയായി ടീസ്റ്റ സെതല്‍വാദ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന വര്‍ഗീയ ലഹള പ്രചരിപ്പിക്കുകയാണ്. സംഭാവനകള്‍ സമാഹരിക്കുന്നതിനായി ഇവരുടെ ചുമതലയിലുള്ള വര്‍ഗീയ സമരമെന്ന മാസികയില്‍ മ്യൂസിയമെന്ന ആശയവും പ്രചരിപ്പിക്കുന്നു. താന്‍ മ്യൂസിയത്തിനായി ശേഖരിച്ച പണം വിതരണം ചെയ്യുമെന്ന് ഇവര്‍ നിരുത്തരവാദപരമായി പ്രചരിപ്പിച്ചുവരികയാണ്. സംഭാവനകള്‍ പൊതുജനങ്ങളുടെ മുമ്പില്‍ പട്ടികയായി പ്രസിദ്ധപ്പെടുത്തുമെന്ന് പൊള്ളയായ വാഗ്ദാനം നല്കി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നു മാത്രമല്ല ശേഖരിച്ച യഥാര്‍ഥ സംഭാവന എത്രയെന്ന് മറച്ചു വയ്ക്കുകയും ചെയ്യുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റി അംഗങ്ങള്‍ 2011 ജൂലൈ-ആഗസ്റ്റ് ലക്കം മാസികയില്‍ പ്രസിദ്ധീകരിച്ച അത്തരമൊരു പരസ്യത്തിന്റെ പകര്‍പ്പും കത്തിനൊപ്പം വച്ചിട്ടുണ്ട്.
ഇവിടുത്തെ താമസക്കാര്‍ രണ്ട് മാസം മുമ്പ് തങ്ങളുടെ വീട് സ്വകാര്യ നിര്‍മാതാക്കള്‍ക്കോ പ്രദേശവാസികള്‍ക്കോ വില്‍ക്കാനായി പ്രമേയം പാസ്സാക്കിയിരുന്നു. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, സബ്രാംഗ് ട്രസ്റ്റ് എന്നിവയുടെ പേരില്‍ ടീസ്റ്റ സെതല്‍വാദ് ശേഖരിച്ച പണത്തിന്റെ മുഴുവന്‍ കണക്കും തങ്ങള്‍ക്ക് കാണണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്തിനാണ് അവര്‍ ഈപണം സ്വകാര്യമായി സൂക്ഷിക്കുന്നത് ? എന്തു കൊണ്ട് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് അത് വീതിച്ചു നല്‍കുന്നില്ല ? ഒരംഗം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: