തൃശൂര്‍: ആര്‍ഷഭാരത സംസ്കൃതിയുടേയും കല, സാഹിത്യ പൈതൃകങ്ങളുടേയും സാംസ്കാരിക നഗരിയുടെ ദീപസ്തംഭമായ ഡോ.ടി.ഐ.രാധാകൃഷ്ണന് അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പൂങ്കുന്നത്തുള്ള വസതിയായ പ്രഭാസദനിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 2.30 വരെ പ്രഭാസദനില് പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ജന്മനാടായ കുഴൂരില് കൊണ്ടുപോയി വൈകീട്ട് അഞ്ചിന് തറവാട്ടുവളപ്പില്‍ സംസ്കരിച്ചു.
പൊതുരംഗത്ത് രണ്ടുനാള്‍ മുമ്പുവരെ സജീവമായിരുന്നു ഡോ.രാധാകൃഷ്ണന്. കുണ്ടൂരില്‍ അതിരാത്രത്തിന് മുളംകുന്നത്തുകാവില്‍ അപ്തോര്യാമ യാഗത്തിന് നേതൃത്വം നല്കി ഇന്ത്യയിലും പുറത്തും ശ്രദ്ധേയനായ ഡോ.രാധാകൃഷ്ണന് മികച്ച ഭിഷഗ്വരന് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
കുഴൂരില് ആക്കുളത്ത് കൃഷ്ണമേനോന്റേയും തോപ്പില്‍ ഇഞ്ചോരവീട്ടില് അമ്മാളുഅമ്മയുടേയും മകനായാണ് രാധാകൃഷ്ണന്റെ ജനനം. കുഴൂര്‍ പ്രൈമറി സ്കൂളിലും ഐരാണിക്കുളം ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസിലായിരുന്നു ബിരുദപഠനം. കോഴിക്കോട്, തിരുവനന്തപുരം, മെഡിക്കല്‍ കോളേജുകളിലായി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി. തിരിച്ച് ജന്മനാടായ കുഴൂരില് വന്ന് വൈദ്യവൃത്തി ആരംഭിച്ചത് അക്കാലത്തൊരു വിസ്മയമായിരുന്നു.
ജ്യേഷ്ഠന്റെ ആഗ്രഹവും ഉപദേശവും സ്വീകരിച്ചായിരുന്നു വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയശേഷം ഒരു ഗ്രാമത്തില്‍ സാധാരണരീതിയിലുള്ള പ്രാക്ടീസ് നടത്തുന്നത്. ചാലക്കുടിയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സി.സി.ഇസ്മായിലിന് പിടിപെട്ട അനൂറിസം എന്ന അത്യപൂര്‍വ്വരോഗം വീട്ടില്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഡോ.രാധാകൃഷ്ണന്റെ ചികിത്സാ വൈഭവത്തിന് പൊന്‍തൂവലായി. ഇസ്മയിലിന്റെ മരണശേഷം സഹോദരന് മുഹമ്മദ് കാസിം ഇസ്മയിലിന്റെ സ്മരണാര്‍ത്ഥം ചാലക്കുടിയില്‍ ആരംഭിച്ച ആശുപത്രിയിലേക്ക് സേവനം മാറ്റിയ ഡോ.രാധാകൃഷ്ണന് 1981 സെപ്തംബര്‍ 3ന് തൃശൂരിലെ പൂങ്കുന്നത്തേക്ക് പ്രവര്‍ത്തനരംഗം മാറ്റി.
കഥകളിയില്‍ അതിരറ്റ കമ്പമുണ്ടായിരുന്ന ഡോ.രാധാകൃഷ്ണന്, കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. മൂന്ന് അനാഥാലയങ്ങള്‍ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: