കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് ബംഗാള്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സുമന് മുഖോപാദ്ധ്യായ സംവിധാനം ചെയ്ത കംഗള് മല്സാത് (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമയ്ക്കാണ് അനുമതി നിഷേധിച്ചത്.
ചിത്രത്തില്‍ മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വളച്ചൊടിച്ച് കാണിച്ചുവെന്നും അത് ബംഗാളില്‍ അക്രമങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചിത്രത്തില്‍ മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ ചരിത്രത്തിന് നിരക്കാത്ത രീതിയില്‍ വളച്ചൊടിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍മ്മാതാക്കള്‍ക്ക് നല്കിയ കത്തില്‍ പറയുന്നു.
അനാവശ്യമായ രീതിയില്‍ അസഭ്യമായ ഭാഷ ഉപയോഗിക്കുന്നതും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും പൊതുസമൂഹത്തിന്റെ താളം തെറ്റിക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് കത്തില്‍ ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സംവിധായകന് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
ബംഗാളിലെ എഴുത്തുകാരി മഹാശ്വേത ദേവിയുടെ മകന് നബാരുണ്‍ ഭട്ടാചാര്യയുടെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ വിമത തൃണമൂല്‍ എം.പി കബീര്‍ സുമനാണ് നായകന്. മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരാളെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ടാറ്റാ മോട്ടോഴ്സ് ബംഗാളിന്റെ പരിതാപകരമായ കാഴ്ചയാണ്. അവര്‍ ഇവിടെ നിന്ന് പോവുകയും ചെയ്തു. എന്നാലിപ്പോള്‍ ധാരാളം കമ്മിറ്റികളുണ്ട്. കൊല്‍ക്കത്തയെ ലണ്ടന്‍ പോലെ ആക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് കബീര്‍ സുമന് പരിഹാസ്യ രൂപേണ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: