തിരുവനന്തപുരം: കുംഭമേളയ്ക്ക് ത്രിവേണി സംഗമത്തിലേക്കെന്ന പോലെ അനന്തപുരിയുടെ എല്ലാവഴികളും സര്‍വ്വമംഗള ദായിനിയായ ആറ്റുകാല്‍ ഭഗവതിയുടെ സവിധത്തിലേക്ക്. പൊങ്കാല അര്‍പ്പണത്തിന്റെ മഹാമുഹൂര്ത്തത്തിലേക്ക് മനസ്സ് അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. ലോകത്ത് സ്ത്രീകളുടെ ഏറ്റവും വലിയ ഭക്തജനസംഗമമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ 35 ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ ആറ്റുകാല്‍ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദേവീദര്‍ശനത്തിന് മണിക്കൂറുകള്‍ ക്യൂ നിന്നു. പൊങ്കാലയ്ക്ക് അതിശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി 5000ത്തോളം പോലീസുകാരെയാണ് നിയോഗിക്കുക. ക്ഷേത്രത്തിലും പരിസരപ്രദേശത്തും സിറ്റിപോലീസ് കമ്മിഷണറുടെയും രണ്ട് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെയും നേതൃത്വത്തില്‍ 16 ഡിവൈഎസ്പിമാര്‍, 36 സിഐമാര്‍, 7 വനിതാ സിഐ-എസ്ഐ മാര്‍, 130 എസ്ഐമാര്‍, 250 എഎസ്ഐമാര്‍, 1000 വനിതാപോലീസുകാരുള്പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേന, കേരളപോലീസിന്റെ കമാന്റോ വിഭാഗം, ദുരന്തനിവാരണ സേന എന്നിവരോടൊപ്പം 200 പുരുഷ-വനിതാ ഷാഡോ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഡോഗ് സ്ക്വാഡും ബോംബുസ്ക്വാഡും ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 28 ലധികം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ആറ്റുകാലിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ വീടുകളിലെല്ലാം ദൂരദേശങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. ഇനി എല്ലാ വീടുകളും ഭക്തജനങ്ങള്‍ക്ക് സ്വന്തമാണ്. ഭക്തരുടെ ഭക്ഷണവും അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും യജ്ഞമനോഭാവത്തോടെയാണ് വീട്ടുകാരും നാട്ടുകാരും നിറവേറ്റുക. കിഴക്കേക്കോട്ടയില്‍ നിന്ന് ആറ്റുകാലിലേക്കുള്ള ഇരുവശങ്ങളിലും പൊങ്കാല കലങ്ങളും ചുടുകട്ടയും കൊതുമ്പും ചൂട്ടും ശര്‍ക്കര ഉള്‍പ്പെടെയുള്ള പൊങ്കാല സാമഗ്രികളും അണിനിരന്നുകഴിഞ്ഞു. ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്നലെത്തന്നെ അടുപ്പുകൂട്ടി പൊങ്കാലയ്ക്ക് സ്ഥലംപിടിച്ചുകഴിഞ്ഞു. പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മഹായജ്ഞത്തിന് അഗ്നിപകരുന്ന മുഹൂര്‍ത്തം കാത്തിരിക്കുകയാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: