കോയമ്പത്തൂര്‍: വീട്ടമ്മയുടെ ജഡം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ജഡം കണ്ടെത്തിയ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ യാസര്‍ അരാഫത്തിനെ പോലീസ് തിരയുന്നു. കോയമ്പത്തൂര്‍ അവിനാശി റോഡിലെ രഹേജ സെന്ററില്‍ താമസിച്ചിരുന്ന മധ്യവയസ്കയുടെ ജഡമാണ് തൊട്ടരികിലുള്ള അപ്പാര്‍ട്ട്മെന്റ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. തിരുനെല്‍വേലി മേലപ്പാളയം സ്വദേശി എന്‍.സരോജ(54ാമാണ് കൊല്ലപ്പെട്ടത്. സമീപത്തെ ഫ്ലാറ്റുകളിലുള്ളവര്‍ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് സ്യൂട്ട്കേസുകളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് നടരാജിനും മകനും മകള്‍ക്കും കൊച്ചുമകള്‍ക്കും ഒപ്പമാണ് സരോജം രഹേജ സെന്ററിലെ അഞ്ചാം നമ്പര്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. തിരുനെല്‍വേലി സ്വദേശി യാസര്‍ അരാഫത്ത് (23) ഇവരുടെ അപ്പാര്‍ട്ട്മെന്റിന്റെ എതിര്‍വശത്തുള്ള രണ്ടാം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെയാണ് രണ്ട് സ്യൂട്ട്കേസുകളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഒളിപ്പിച്ചിരുന്നത്.
15 വര്‍ഷം മുമ്പാണ് സരോജ ഭര്‍ത്താവുമൊത്ത് ഇവിടെ താമസം തുടങ്ങിയത്. ഫെബ്രുവരി 13ന് വൈകീട്ട് മുതല്‍ സരോജയെ കാണാതായതിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ 16ന് റെയ്സ് കോഴ്സ് പോലീസില്‍ പരാതിപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ദുര്‍ഗന്ധം വമിക്കുന്നത് സംബന്ധിച്ച് സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തി പരിശോധന നടത്തവെ രണ്ട് സ്യൂട്ട്കേസുകളിലായി എട്ടു ഭാഗങ്ങളായി മുറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി.
മൃതദേഹം കഷ്ണങ്ങളാക്കി പോളിത്തീന്‍ കവറുകളിലാക്കി സ്യൂട്ട്കേസുകള്ക്കുള്ളില് വച്ച് പെട്ടിയുടെ വിടവുകള്‍ സിമന്റ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കൈകളും കാലുകളും ഒന്നിലും തലയും ഉടലും മറ്റൊരു സ്യൂട്ട്കേസിലുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ തുടഭാഗം കണ്ടെത്താനായില്ല.
2012 ആഗസ്റ്റിലാണ് യാസര്‍ അരാഫത്ത് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. മൊബെയില്‍ ടവര്‍ സ്ഥാപിക്കുന്ന ജോലിയാണെന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്. സരോജയെ കാണാതായ ദിവസം ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് യാസര്‍ അരാഫത്ത് ഇവരോട് സഹായം ചോദിക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ കമ്മലുകളും മൂക്കുത്തിയും ഉണ്ടായിരുന്നു. എന്നാല്‍ മാലയും വളകളും കാണാനില്ല. പരിശോധനയില്‍ യാസര്‍ അരാഫത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മുറിക്കുള്ളില്‍ നിന്നും പോലീസ് കണ്ടെത്തി. 16ന് മൂന്ന് സ്യൂട്ട്കേസുകള്‍ വാങ്ങിയതിന്റെ ബില്ലുകളും കിട്ടിയിട്ടുണ്ട്.
13ന് വൈകീട്ട് കാണാതായ സരോജയെ 16ന് കൊലപ്പെടുത്തിയിലിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന് കഷ്ണങ്ങളാക്കിയ മൃതദേഹത്തിന്റെ ഒരു ഭാഗവുമായി പുറത്തുപോയ യാസര്‍ മറ്റുള്ള സ്യൂട്ട്കേസുകള്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഒളിവില്‍ പോയതായിരിക്കാമെന്നും പോലീസ് കരുതുന്നു. ഡോക്ടര്‍മാരെക്കാളും വിദഗ്ധമായാണ് മൃതദേഹം മുറിച്ചിരിക്കുന്നത്.
സരോജത്തിന്റെ മകന് മഹേന്ദ്രന് കേരളത്തിലും ഇളയമകന് മഹേഷ്കുമാര്‍ ചെന്നൈയിലുമാണ് താമസിക്കുന്നത്. മറ്റൊരു മകന് ധനശേഖരനൊപ്പമാണ് സരോജം താമസിച്ചിരുന്നത്. യാസറിന്റെ കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനായി സിറ്റി പോലീസ് ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: