ആലപ്പുഴ: ഹൗസ്ബോട്ടുകള്‍ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പെണ്‍വാണിഭങ്ങളും അനാശാസ്യങ്ങളും നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞദിവസം തോണ്ടന്‍കുളങ്ങരയിലെ റിസോര്‍ട്ടില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവം.
അറസ്റ്റ് ചെയ്ത ഏഴുപേരില്‍ രണ്ടുപേര്‍ക്ക് ഒന്നിലേറെ ഹൗസ്ബോട്ടുകള്‍ ഉണ്ട്. പിടിയിലാകാനുള്ള മറ്റ് രണ്ടുപേര്‍ ഹൗസ്ബോട്ട് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അവലൂക്കുന്ന് സ്വദേശികളായ ലിജുചന്ദ്രന് (വാവച്ചി-35), ബാബു (38) എന്നിവരാണ് ഒളിവിലുള്ളത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പഴവീട് സ്വദേശി സാലി (42), കാവാലം സ്വദേശി ഗിരീഷ് (31) എന്നിവര്‍ക്കാണ് ഹൗസ്ബോട്ടുകള്‍ ഉള്ളത്.
ആലപ്പുഴ കേന്ദ്രീകരിച്ച് വന്‍ സെക്സ് റാക്കറ്റ് തന്നെ പ്രവര്ത്തിക്കുന്നവെന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പോലീസ് ആ വഴിക്ക് അന്വേഷണം നടത്താന്‍ തയാറാകുന്നില്ല. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്ഥിനികളാണെന്ന വ്യാജേന മോഡേണ്‍ ഡ്രസുകള്‍ ധരിപ്പിച്ചാണ് വാണിഭ സംഘത്തില്‍പ്പെട്ട യുവതികളെ ഹൗസ്ബോട്ടുകളിലെത്തിച്ച് ഇടനിലക്കാര്‍ പണം കൊയ്യുന്നത്. ഹൗസ്ബോട്ടുകളുടെ അനിയന്ത്രിതമായ വര്‍ധനവും അനാരോഗ്യകരമായ മത്സരങ്ങളുമാണ് സെക്സ് മാഫിയകളുടെ പ്രവര്‍ത്തനം ഈ മേഖലയില്‍ സജീവമാകാനുള്ള പ്രധാനകാരണം.
നിരവധി ഹൗസ്ബോട്ടുകളുള്ള വന്‍കിടക്കാര്‍ വിദേശവിനോദസഞ്ചാരികളെ നേരിട്ട് ചാര്‍ട്ട്ചെയ്ത് ഇവിടെയെത്തിച്ച നേട്ടമുണ്ടാക്കുമ്പോള്‍, ഒന്നും രണ്ടും ഹൗസ്ബോട്ടുകളുള്ള ചെറുകിടക്കാര്‍ സഞ്ചാരികളെ കിട്ടാതെ ബുദ്ധിമുട്ടുന്നു. ഈ കുറവ് പരിഹരിക്കാന്‍ പലരും കണ്ടെത്തുന്ന എളുപ്പ മാര്‍ഗമാണ് സെക്സ് ടൂറിസത്തിലേക്ക് വഴിതുറക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പോലീസിന്റെ പരിശോധനയെ ഭയക്കണമെങ്കില്‍ ഹൗസ്ബോട്ടുകളില്‍ പോലീസിന്റെ ശല്യവും ഉണ്ടാകാറില്ല.
കായലില്‍ ഒഴുകി നടക്കുന്ന ഹൗസ്ബോട്ടുകളില്‍ പോലീസ് പരിശോധന നടത്താറില്ല. കായല്‍ സഞ്ചാരത്തിനിടെ ഹൗസ്ബോട്ടുകളില്‍ പോലീസ് കയറിയാല്‍ വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും കടുത്ത നിയന്ത്രണമുണ്ടായാല്‍ വിദേശവിനോദ സഞ്ചാരികള്‍ കായല്‍ ടൂറിസം മേഖലയെ കയ്യൊഴിയുമെന്നൊക്കെയാണ് അധികൃതരുടെ വാദം. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സിനിമാതാരങ്ങളും വന്‍കിട ബിസിനസുകാരുമൊക്കെയാണ് ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയെ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൗസ്ബോട്ടുകളില്‍ കയറിയുള്ള പരിശോധനയ്ക്ക് പോലീസിനും താല്പര്യമില്ല. ഇതുകൂടാതെയാണ് കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഇടപാടുകള്‍. എങ്ങനെയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന രീതിയിലേക്ക് കായല്‍ ടൂറിസം അധപതിച്ച് കഴിഞ്ഞു. ഇതുമൂലമുണ്ടാകുന്ന വന്‍ദുരന്തങ്ങളുടെ സൂചനകളാണ് വര്‍ധിച്ചുവരുന്ന പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: