ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയം പടിപടിയായി നരേന്ദ്രമോദിക്ക് പാകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഗാന്ധിജിക്കുശേഷം ചരിത്രം തിരുത്തിക്കുറിക്കുന്ന ഗുജറാത്തിയായി നരേന്ദ്രമോദിയെ നാട് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു മോദിയുഗത്തിന്റെ പിറവിക്കുവേണ്ടി കാത്തിരിക്കുന്ന ഭാരതീയരുടെ എണ്ണം വളരെയാണ്. രാഷ്ട്ര വികസനത്തിന്റെ തേരാളിയും യുവഭാരതത്തിന്റെ ഹൃദയസാമ്രാട്ടുമൊക്കെയായി അദ്ദേഹം മാറിക്കഴിഞ്ഞിട്ടുണ്ട്.
ഭാരതീയ ജനതാപാര്‍ട്ടി അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയില്‍ നരേന്ദ്രമോദി മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കളുണ്ട്. ഉചിതമായ സമയത്ത് യോഗ്യനായ നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂട്ടായ്മയിലൂടെ നിശ്ചയിക്കുകയെന്നതാണ് പാര്‍ട്ടിയുടെ രീതി. മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ കെട്ടടങ്ങുമെന്നുറപ്പാണ്. കോണ്‍ഗ്രസ്സ് രാഹുലിനെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിനുള്ള പോര്‍ക്കളം സൃഷ്ടിക്കുമ്പോള്‍ രാഹുദോഷം ഇല്ലാത്തവരെ നിര്‍ത്തി കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി നേരിടാന്‍ ബിജെപിക്ക് കഴിയുമെന്നുറപ്പാണ്.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗുജറാത്തിന്റെ ഭരണസാരഥ്യത്തിന് നേതൃത്വം കൊടുക്കുന്നത് നരേന്ദ്രമോദിയാണ്. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇക്കൊല്ലം ഗുജറാത്ത് സര്‍ക്കാര്‍ യുവവര്ഷമായി കൊണ്ടാടുകയാണ്. പുതിയ തലമുറയെ രാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി സജ്ജമാക്കുന്നതില്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള തയ്യാറെടുപ്പുകളാണ് നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരും ചെയ്തുകൊണ്ടിരിക്കുന്നത്. ലോകം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ഭാരതത്തിന് അതില്‍ പ്രധാന ഇടമുണ്ട് എന്നദ്ദേഹം കരുതുന്നു. സ്വരാജിനെ സുരാജ് ആക്കാനുള്ള ശ്രമത്തില്‍ നരേന്ദ്രമോദിയോളം മുന്നേറിയ മറ്റൊരു ഭരണാധിപനെയും ഇന്ത്യയില്‍ ചൂണ്ടിക്കാട്ടാനുണ്ടാവില്ല. ജനങ്ങള്‍ക്കുവേണ്ടി സദ്ഭരണം എന്ന അദ്ദേഹത്തിന്റെ ആശയം വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഭാരതാംബ വിശ്വവിജയിയായി മാനവരാശിക്ക് വഴിക്കാട്ടിയാകുമെന്ന് പ്രവചിച്ച മഹാനായിരുന്നു സ്വാമി വിവേകാനന്ദന്. സ്വാമി വിവേകാനന്ദന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒന്നടങ്കം അക്ഷീണയജ്ഞം നടത്തുമ്പോള്‍ അവര്‍ക്കു മുമ്പിലെ മികച്ച മാതൃകയായി നരേന്ദ്രമോദി ഭരണകൂടം മാറികഴിഞ്ഞിട്ടുണ്ട്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാക്കി മാറ്റാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നരേന്ദ്രമോഡിയുടെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഗുജറാത്ത് ഒരു കാര്‍ഷിക സംസ്ഥാനമല്ല. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും അതിന്റെതായ ഒരു കാര്‍ഷികനയം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകൂടമാണ് ആദ്യമായി ഒരു ദേശീയ കാര്‍ഷികനയം പ്രഖ്യാപിക്കുകയും ബജറ്റില്‍ കാര്‍ഷിക ഗ്രാമീണ മേഖലകള്‍ക്കായി ഏറ്റവും കൂടിയ ബജറ്റ് തുക അനുവദിച്ച് റിക്കാര്‍ഡ് സൃഷ്ടിച്ചതും ! കര്‍ഷകര്‍ക്ക് കൊടുക്കേണ്ടിവരുമ്പോള്‍ കൈവിറയ്ക്കാത്ത ദല്‍ഹിയിലെ ആദ്യത്തെ ഭരണകൂടമെന്ന ബഹുമതി എന്‍.ഡി.എ. ഭരണകൂടത്തിന്റതായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ലക്ഷ്യമാക്കുന്ന കാര്‍ഷിക വളര്‍ച്ച 4 ശതമാനമാണ്. എന്നാല്‍ ഇപ്പോള്‍ കാര്‍ഷിക വളര്‍ച്ചയുടെ തോത് ശരാശരി 2 ശതമാനത്തില്‍ ഒതുങ്ങുകയാണ്.
കേരളത്തിലിപ്പോള്‍ കാര്‍ഷിക വളര്‍ച്ച താഴേക്കാണ്. ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ കീഴില്‍ കാര്‍ഷിക വളര്‍ച്ച 10 ശതമാനമാണ് എന്നറിയുമ്പോള്‍ ഗ്രാമീണ കര്‍ഷകനെ വികസനത്തിന്റെ അടിസ്ഥാന ബിന്ദുവാക്കിയ ഗാന്ധിയന്‍ സമീപനത്തിന്റെ സാക്ഷാത്കാരമായി അതിനെ കണക്കാക്കാവുന്നതാണ്.
മൃഗപരിപാലനത്തില്‍ ഗുജറാത്ത് ചരിത്ര മുന്നേറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. പാലുല്പാദനം 80 ശതമാനം കണ്ടാണ് വര്‍ദ്ധിച്ചിട്ടുള്ളത്. വൈദ്യുതിക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ച് സമൃദ്ധമായ അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. വ്യാവസായിക വളര്‍ച്ച അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിന്റെ ചിത്രം വരച്ചുകാട്ടുന്നു.
മദ്യത്തില്‍നിന്നുള്ള വരുമാനമില്ലാതെ ഒരു സംസ്ഥാനം വന്‍ സാമ്പത്തിക വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നത് വിസ്മയമായിട്ടാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാരും മറ്റും കാണിക്കുന്നത്.
ഒരേസമയം ചരിത്രത്തിന്റെയും വികസനത്തിന്റെയും വീരപുരുഷനാകാന്‍ സാധിച്ചു എന്നതാണ് നരേന്ദ്രമോദിയുടെ നേട്ടം. നാടിന് കരുത്തുപകരുക മനോധര്‍മ്മമായി കരുതുകയും നാടിന്റെ മോചനം തന്നിലര്‍പ്പിതമായ നിയോഗമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രതന്ത്രജ്ഞനാണ് ഗുജറാത്ത് മുഖ്യമന്ത്രി. ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ ഈ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതികൂട്ടിലാക്കപ്പെട്ട ഭരണാധിപനാണ് നരേന്ദ്രമോദി. ഗുജറാത്തിലെ ജനങ്ങളോ ഇന്ത്യയിലെ നീതിന്യായ സംവിധാനമോ നരേന്ദ്ര മോഡി ഗോദ്ര സംഭവത്തോട് ബന്ധപ്പെട്ട കലാപത്തില്‍ ചെറു തെറ്റെങ്കിലും ചെയ്തതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കലാപവുമായി ബന്ധപ്പെടുത്തി ലോകമെമ്പാടും അദ്ദേഹത്തെ പ്രതികൂട്ടിലാക്കി വേട്ടയാടാനുള്ള സംഘടിത ശ്രമമാണ് എതിരാളികള്‍ നടത്തിയത്. ജ്വലിക്കുന്ന സൂര്യനെ മുഖം കാണിക്കാന്‍ അന്ധകാരത്തിന് കഴിയാത്തപോലെ മോദിക്കെതിരായ എതിര്‍പ്പുകളെല്ലാം ഏതാണ്ട് നിഷ്പ്രഭമായിക്കഴിഞ്ഞിരിക്കുന്നു. നല്ലൊരു രാജപാത മുന്നില്‍ തുറന്നുകിടക്കേ അത് മലിനമാക്കി ഊടുവഴികളിലൂടെ സഞ്ചരിക്കുന്നവരാണ് മോദിവിരുദ്ധരെന്ന് പിന്നിട്ട ഒരു വ്യാഴവട്ടക്കാലം തെളിയിച്ചിരിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമാണ് ശരിയെന്ന് ശഠിക്കുന്ന വിമര്‍ശകരെ അവഗണിക്കുക എന്നതാണ് നരേന്ദ്രമോദിയുടെ ശൈലി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പൊതുസമൂഹത്തില്‍ നരേന്ദ്രമോദിയുടെ ഗ്രാഫ് എപ്പോഴും മേലോട്ടുതന്നെ കുതിച്ചുകൊണ്ടിരിക്കുന്നു.
നരേന്ദ്രമോദിക്കെതിരെ കുപ്രചാരണങ്ങളും കല്ലുവെച്ച നുണകളും കൊടിയവ്യക്തിഹത്യയും അനസ്യൂതം അരങ്ങുതകര്‍ക്കുന്ന നാടാണ് കേരളം. ജനഹൃദയങ്ങളില്‍ മോദിക്കെതിരെ വിദ്വേഷത്തിന്റെ വിത്തുപാകി വിളവെടുക്കുന്നതില്‍ പ്രത്യേക താല്‍പ്പര്യം കാട്ടിയ ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ജനനേതാക്കളും ഇവിടെ ഒട്ടേറെയുണ്ട്. ഇത്തരം കുപ്രചാരണങ്ങളുടെ കെട്ടകാലത്തും സത്യത്തിന്റെ വെളിച്ചം അങ്ങിങ്ങ് മുളപൊട്ടി വന്നിട്ടുണ്ട്. സാക്ഷര കേരളം വേണ്ടത്ര അറിയപ്പെടാതെപോയ സുകുമാര്‍ അഴീക്കോടിന്റെ മോദിയെകുറിച്ചുള്ള വിലയിരുത്തല്‍ പലതുകൊണ്ടും സവിശേഷതയുള്ളതാണ്. 2008 മെയ് മാസത്തില്‍ മംഗളം സണ്‍ഡേ പതിപ്പിന് സുകുമാര്‍ അഴീക്കോട് നല്കിയ അഭിമുഖത്തില്‍ നരേന്ദ്രമോഡിയേയും ഭരണത്തേയും അഴീക്കോട് ഇപ്രകാരം വിവരിച്ചു: മോദിയില്‍ അത്ര കമ്യൂണലിസം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കുറെ നാളുകളായി അവിടെനിന്ന് ക്രൈംസണ്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറെക്കുറെ നല്ല ഭരണമാണെന്നു പറയാം. പിന്നെ വേറൊന്നു പറഞ്ഞു കേള്‍ക്കുന്നത്, അവിടുത്തെ മുസ്ലീംസ് നമ്മുടെ മാതിരി നേറ്റീവ് മുസ്ലീംസ് അല്ല. പാക്കിസ്ഥാനില്‍നിന്നോ മറ്റോ വന്നിട്ടുള്ള ഒരുപാട് മുസ്ലീംസ് ഉണ്ടവിടെ. ഇത് എന്നോട് ഒരാള്‍ പറഞ്ഞു. അവര്‍ക്ക് ഇന്ത്യയോട് ഒരു കൂറുമില്ല. ഇതാണ് സംഗതി. അവരെ നാട്ടുകാര്‍ക്കും ഇഷ്ടമല്ല. അങ്ങനെയാണ് ഇയാള്‍ക്ക് നാട്ടുകാരുടെ സപ്പോര്‍ട്ട് കിട്ടുന്നത്. നമ്മള് പത്രം വായിക്കുമ്പോള്‍ മുസ്ലീംസിനെ ദ്രോഹിക്കുന്നു എന്നൊക്കെ വിചാരിക്കും.
ഞാനും അങ്ങനെയാണ് വിചാരിച്ചത്. അയാള്‍ വിഡ്ഢിയൊന്നുമല്ല. വളരെ ബുദ്ധിമാനാണ്. രണ്ട് മുഖ്യമന്ത്രിമാരെയാണ് ഇയാള്‍ക്ക് എതിരെ നിര്‍ത്തിയത്. എല്ലാം തോറ്റ് തുന്നംപാടിയില്ലേ? അവരൊന്നും ബാക്കിയില്ലാതായി. അവരെയൊക്കെ കോണ്‍ഗ്രസ് വിശ്വസിച്ചതാണ് കോണ്‍ഗ്രസ്സിന്റെ തെറ്റ്. ഗുജറാത്തിനെപ്പറ്റി എബിസിഡി ഇവര്‍ക്കറിയോ ? ഇവരൊക്കെ കണ്ടം ചെയ്ത മുഖ്യമന്ത്രിമാരാണ്. ഇതൊന്നും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് നമ്മുടെ നാടിന്റെ ദുര്യോഗം.
കമ്യൂണിസത്തെകുറിച്ച് സുകുമാര്‍ അഴീക്കോട് നല്കിയ നിര്‍വ്വചനം അദ്ദേഹത്തിന്റെ അന്ത്യനാളുകള്ക്കല്പ്പം മുമ്പ് സ്ഥിരീകരിക്കാനും പ്രൊഫസര്‍ അഴീക്കോട് മറന്നില്ല. കമ്യൂണിസത്തിന് അഴീക്കോട് നല്കിയ നിര്‍വ്വചനം ഇതായിരുന്നു. മനുഷ്യന് അധ:പതിച്ചാല്‍ മൃഗമാകും, മൃഗം അധ:പതിച്ചാല്‍ കമ്യൂണിസ്റ്റാകും. കമ്യൂണിസ്റ്റ് അധ:പതിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റാകും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് അധ:പതിച്ചാല്‍ കേരള കമ്യൂണിസ്റ്റാകും. കമ്യൂണിസത്തിന്റെ കണ്ണൂര്‍ പതിപ്പ് സൃഷ്ടിച്ച മനുഷ്യത്വമില്ലായ്മയും നരനായാട്ടും കണ്ട് വിറങ്ങലിച്ച മനസ്സുമായിട്ടാകാം പ്രൊഫ: അഴീക്കോട് ഇപ്രകാരം പറഞ്ഞത്.
പ്രമുഖ കഥാകൃത്തും കണ്ണൂര്‍ക്കാരനുമായ ടി.പത്മനാഭന് ഞാനറിയുന്ന മാര്‍ക്സ് ഈ തലശ്ശേരി – കൊല്ലം പോലെയല്ല എന്നു പറഞ്ഞുകൊണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് മൊഴിഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: മാര്‍ക്സ് മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട മകളോട് അന്ത്യമായി പറഞ്ഞത് ബീഥോവന്റെ ഇത്രാമത്തെ സോണറ്റ ഒന്നു വായിക്കാനാണ്. മകള്‍ പിയാനോയില്‍ ഇതു വായിക്കുന്നത് കേട്ടിട്ടാണ് ആ മനുഷ്യന് അന്ത്യശ്വാസം വലിച്ചത്. ഞാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ലോക തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി എഴുതിയ ആ ഇത്രാമത്തെ പാരഗ്രാഫ് ഒന്നു നീ വായിക്ക്. അതും കേട്ട് ഞാന്‍ പോയ്ക്കോട്ടെ എന്നല്ല അദ്ദേഹം പറഞ്ഞത്. ബീഥോവന്റെ സംഗീതം കേട്ടിട്ടാണ് അദ്ദേഹം പോയത്. ഈ മാര്‍ക്സിനെ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുമോ? എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഇന്ന് മാര്‍ക്സിന്റെ പേരും പറഞ്ഞ് കണ്ഠക്ഷോഭം നടത്തുന്ന അമാര്ക്സിയന്മാരായ ആളുകള്‍ക്കുമാത്രമേ കഴിയുകയുള്ളൂ. മോഡിയും മാര്‍ക്സും കമ്യൂണിസവുമെല്ലാം വികലമായി അവതരിപ്പിക്കപ്പെട്ട കേരളം സത്യത്തെ കണ്ടെത്താനുള്ള പ്രയാണത്തിന് ഇനിയെങ്കിലും ഒരുക്കു കൂട്ടുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: