തിരുവനന്തപുരം: ചീഫ്വിപ്പ് പി.സി.ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എം.മാണിയുടെ പിആര്‍ഒയുടെ ലേഖനം. കേരളാകോണ്‍ഗ്രസ്-എം വൈസ്ചെയര്‍മാന്‍ കൂടിയായ ജോര്‍ജ്ജിനെതിരെ രൂക്ഷമായ ആക്രമണമാണ് കലാകൗമുദിയിലെഴുതിയ ലേഖനത്തില്‍ മാണിയുടെ പ്രസ് സെക്രട്ടറി ബിനുകുമാര്‍ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ബിനുകുമാര്‍ പ്രസ്സെക്രട്ടറി പദം രാജിവെച്ചു.
‘ടെലിവിഷന്‍ ന്യൂറോസിസ്’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പി.സി.ജോര്‍ജ് അടുത്ത കാലത്ത് നടത്തിയ പരാമര്‍ശങ്ങളെ കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
സംഭവം വിവാദമായതോടെ ബിനുകുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്ജ് മാണിയോട് ആവശ്യപ്പെട്ടിരുന്നു. ബിനുകുമാറില്‍ നിന്ന് മന്ത്രി വിശദീകരണം തേടുകയും ചെയ്തു. മന്ത്രിക്ക് പ്രയാസമുണ്ടാകാതിരിക്കാനാണ് താന്‍ രജിവെക്കുന്നതെന്ന് ബിനുകുമാര്‍ പറഞ്ഞു.
‘മൈക്ക് ഹോള്‍ഡറുകളുടെ എണ്ണം കൂടുമ്പോള്‍ മലയാളികളുടെ ചങ്കിടിക്കുകയാണ്. ജോര്‍ജിനെ പോലുള്ളവരെ സഹിക്കേണ്ടി വരുമല്ലോ തമ്പുരാനേ’ എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. കേരളത്തില ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ടെലിവിഷന്‍ ന്യൂറോസിസ് ബാധിച്ചതായി ആരോപിക്കുന്ന ലേഖനം ഈയിടെ പല വിഷയങ്ങളിലും ജോര്‍ജ് നടത്തിയ പ്രസ്താവനകളെ വിമര്‍ശവിധേയമാക്കുന്നു. ദലിത് വിഭാഗക്കാര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന, സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ പരാമര്‍ശം, പ്രതിപക്ഷത്തനെതിരായ പരാമര്‍ശം തുടങ്ങിയവ ലേഖനത്തില്‍ എടുത്ത് കാണിച്ചിട്ടുണ്ട്.
ഗാന്ധിജിയെ മറന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ പ്രായോഗികമായി ഉടച്ചുവാര്‍ത്തപ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നല്കിയ പ്രത്യാശയും പ്രതീക്ഷകളുമാണ് കേരളത്തെ മുന്നോട്ടു നയിച്ചതെന്നും ബിനുകുമാര്‍ എഴുതുന്നു. കേരളത്തിന് പ്രത്യാശഭരിതമായ ഭാവിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന നേതാവായാണ് ലേഖനം വി.എസിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, തനിക്കെതിരെ ലേഖനമെഴുതിയ ബിനുകുമാര്‍ വിവരദോഷിയാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. മനപൂര്‍വം അപമാനിക്കാന്‍ കെട്ടിയുണ്ടാക്കിയതാണിത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മന്ത്രിയുടെ സ്റ്റാഫായിരുന്നുകൊണ്ട് ഇതു ചെയ്യുന്നത് ശരിയല്ല. ബിനുകുമാറിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ മന്ത്രി മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിനുകുമാറിനെ എല്ലാ രീതിയിലും കൈകാര്യം ചെയ്യുമെന്നും ജോര്‍ജ് മുന്നറിയിപ്പ് നല്കി. ബിനുകുമാറിനെതിരെ നേരത്തെ പി.സി.ജോര്‍ജ് രംഗത്തുവന്നിരുന്നെന്നാണ് അറിയുന്നത്. പലകാര്യങ്ങളിലും ബിനുകുമാറിന്റെ പ്രവര്‍ത്തനങ്ങളോട് ജേര്‍ജ്ജ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവത്രെ. ബിനുവിന്റെ നിയമനം റദ്ദാക്കണമെന്ന് അന്നേ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു.
അതേസമയം, 25 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ ആദ്യമായല്ല, ലേഖനമെഴുതുന്നതെന്ന് ബിനുകുമാര്‍ പ്രതികരിച്ചു. വര്‍ത്തമാനകാലത്തെ ഒരു യാഥാര്‍ഥ്യം വിലയിരുത്തുക മാത്രമാണ് ചെയ്തത്. ആരെയും വ്യക്തിപരമായി വിമര്‍ശിക്കുന്നത് തന്റെ സ്വഭാവമല്ല.
പി.സി.ജോര്‍ജ്ജിനെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. ജോര്‍ജ്ജിന്റെ പല നല്ലപ്രവര്ത്തനങ്ങളെയും പ്രതീക്ഷയോടെയാണ് ഞാന്‍ വീക്ഷിച്ചിട്ടുള്ളത്. തന്നോട്, മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. അതിന് മറുപടി നല്‍കുമെന്നും ബിനുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: