ന്യൂദല്‍ഹി: പോലീസിന്റെ അലംഭാവമാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയാകാന്‍ ഇടയാക്കിയതെന്ന് സംഭവത്തില്‍ അധികൃതരുടെ വീഴ്ചകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഉഷ മേഹ്ത്ത കമ്മിറ്റി. ദല്‍ഹി പോലീസിനെയും സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. ഇരുവകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മയും പോലീസിന്റെ അലംഭാവവുമാണ് നിഷ്ഠുരമായ കൃത്യം ചെയ്യാന്‍ പ്രതികള്‍ക്ക് സഹായകമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കരാണ് ജസ്റ്റിസ് ഉഷ മേഹ്ത്ത സമിതിയെ നിയോഗിച്ചത്. സമിതി വെള്ളിയാഴ്ച കേന്ദ്രനിയമമന്ത്രി അശ്വിനി കുമാറിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ സമിതി ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ തെളിവുകള്‍ ചീഫ് എക്സാമിനേഷനായി പരിഗണിക്കപ്പെടുന്ന ക്രിമിനല്‍ നടപടിക്രമത്തിന്റെ 164- ആം വകുപ്പ് ഭേദഗതി ചെയ്യണമെന്നും ഉഷ മേഹ്ത്ത സമിതി ശുപാര്‍ശ ചെയ്തു. ഇത്തരത്തിലുള്ള നടപടിക്രമത്തില്‍ ക്രോസ് വിസ്താരത്തിനുള്ള സാധ്യതയുണ്ടെന്നും പീഡനത്തിന് ഇരയായവരുടെ മൊഴി ചീഫ് എക്സാമിനേഷനായി കണക്കാക്കി ഇവര്‍ വീണ്ടും കോടതിയില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഉഷ മേഹ്ത്ത പിന്നീട് പറഞ്ഞു.
ദല്‍ഹിയിലെ ഗതാഗതസംവിധാനത്തിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഉഷ രാത്രിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തേണ്ടതിന്റെ ആവശ്യകത ഊന്നി പറയുന്നു. പോലീസിന്റെ പ്രവര്‍ത്തികള്‍ പരിശോധിക്കാന്‍ മേല്‍നോട്ടസമിതി രൂപീകരിക്കണം. വിദഗ്ദ്ധരും വിരമിച്ച സൈനികരും ആര്ഡബ്യൂഎ അംഗങ്ങളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുമായിരിക്കണം ഈ കമ്മറ്റിയിലെ അംഗങ്ങള്‍. പോലീസിന്റെയും സിറ്റി ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ഏകോപനമില്ലായ്മയാണ് ഡിസംബര്‍ 16 സംഭവത്തിന് വഴി തെളിയിച്ചത്. ബസ് ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പൂര്വ്വചരിത്രത്തെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് ഒരു ധാരണയുമില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദല്‍ഹി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ബസ് സ്ഥിരമായി നിരത്തിലോടുന്നതായിരുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പോലീസ് പൂര്‍ണമായും അവഗണിക്കുകയായിരുന്നു. നിയമം ലംഘിക്കുന്നു എന്ന് പലപ്രാവശ്യം കണ്ടെത്തിയിട്ടും പോലീസ് ഇക്കാര്യം ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെ അറിയിക്കാന്‍ തയ്യാറായിട്ടില്ല, ജസ്റ്റിസ് ഉഷ ചൂണ്ടിക്കാണിക്കുന്നു.
ജസ്റ്റിസ് ഉഷ സമിതി മുന്നോട്ടുവയ്ക്കുന്ന ശുപാര്ശകളിന്മേല് സാധ്യമായതെല്ലാം ചെയ്യുമെന്ന് നിയമന്ത്രി അശ്വിനി കുമാര്‍ ഉറപ്പ് നല്കി. കാലാവധിക്ക് മുമ്പ് തന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും പോലീസിന്റെ സംവേദനക്ഷമത, പോലീസിന്റെയും ട്രാന്‍സ്പോര്‍ട്ട് വികുപ്പിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള ഏകോപനം, മാധ്യമങ്ങളുടെ ഇടപെടല്‍ തുടങ്ങിയ പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും കേന്ദ്രനിയമമന്ത്രി പറഞ്ഞു. മൊബെയില്‍ ഫോണില്‍ ബട്ടണമര്‍ത്തി അപകടത്തില്‍പ്പെടുന്നവര്‍ക്ക് കുംടുംബാംഗങ്ങളെയോ പോലീസിനെയോ വിവരമറിയിക്കാന്‍ സാധിക്കുന്ന സംവിധാനം പ്രാബല്യത്തിലാക്കുക, ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് അന്വേഷണ ഏജന്‍സികളെ വേര്‍തിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജസ്റ്റിസ് ഉഷ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: