“പാമ്പാടികളുടേയും ദുര്‍മന്ത്രവാദികളുടേയും നാട്”. വിവേകാനന്ദസ്വാമിയുടെ വിശ്വവിജയത്തിനുമുമ്പ് പാശ്ചാത്യ ലോകത്തിന്റെ കണ്ണ് ഭാരതത്തെ കണ്ടത് ഇങ്ങനെയായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുകാണിച്ചപ്പോള്‍ പാശ്ചാത്യലോകം ഭാരതത്തിലേക്കൊഴുകിയത് ചരിത്രം. കാസര്‍കോടിന്റെ വടക്കനതിര്‍ത്തിയിലെ തുളുനാടന്‍ ഗ്രാമമായ കൊണ്ടേവൂരിനുമുണ്ട് ഇങ്ങനെയൊരു ചരിത്രത്തിന്റെ കഥ പറയാന്‍. കൊണ്ടേവൂര്‍ പക്ഷേ കുപ്രസിദ്ധമായത് കാഴ്ചകണ്ട കണ്ണിന്റെ കുഴപ്പം കൊണ്ടായിരുന്നില്ല. ഭൂതകാലത്തിലെ കാഴ്ചകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ കരിപുരണ്ടിരുന്ന മനുഷ്യക്കോലങ്ങള്‍… മദ്യലഹരിയില്‍ ജീവിതം ഹോമിച്ച ചെറുപ്പക്കാര്‍… അതിജീവനത്തിന്റെ അഗാധതയിലും പരസ്പരം പോരടിച്ചിരുന്ന മനുഷ്യ ജന്മങ്ങള്…
അക്ഷരവെളിച്ചത്തെ അകറ്റി നിര്‍ത്തിയ തലമുറ… മനുഷ്യത്വമില്ലാത്ത നാടെന്ന കുപ്രസിദ്ധി കൊണ്ടേവൂരെന്ന ദളിത്ഗ്രാമത്തിന് ചാര്‍ത്തിക്കൊടുക്കാന്‍ ഇത്രയൊക്കെ ധാരളമായിരുന്നു. വര്‍ത്തമാനകാലത്ത് കൊണ്ടേവൂരിന് പറയാനുള്ളത് ഒരു പരിവര്‍ത്തനത്തിന്റെ കഥയാണ്. അല്‍പ്പമകലെ ചെറുഗോളിയെന്ന ഗ്രാമത്തില്‍ ജനിച്ച സതീഷ്കുമാറെന്ന യുവാവ് ദൈവകല്പ്പനയെന്നപോലെ ഗ്രാമത്തിന്റെ ആത്മാവിനെ വീണ്ടെടുത്ത കഥ. നീണ്ട പത്ത് വര്‍ഷത്തെ സാധനയും ത്യാഗനിര്‍ഭരമായ സേവനത്തിന്റെ കര്‍മപഥങ്ങളും പിന്നിടുമ്പോള്‍ കൊണ്ടേവൂരിന് അന്യമായിരുന്ന ചൈതന്യവും ഗ്രാമവിശുദ്ധിയും കൈവന്നിരിക്കുന്നു. അവജ്ഞയോടെയും പരിഹാസത്തോടെയും കൊണ്ടേവൂരിനെ ദര്‍ശിച്ച കണ്ണുകള്‍ ഇപ്പോള്‍ ആദരവ് ചൊരിയുന്നു. ഗ്രാമത്തിന്റെ നാഥനായി സതീഷ്കുമാര്‍ യോഗാനന്ദ സരസ്വതിയിലേക്ക് ദീക്ഷ ചെയ്തിരിക്കുന്നു. ഗ്രാമത്തിന്റെ ഇരുട്ടിനെ അകറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര് ത്തിയ ഗ്രാമത്തിന്റെ സ്വന്തം ഗുരുജിയാണിന്ന് ആ യുവാവ്. സന്ന്യാസമന്ത്രങ്ങള്ക്കും കാഷായ വസ്ത്രത്തിനും സാധ്യമാകുന്നതെന്തെന്ന ഉത്തരത്തിന് നിങ്ങള്‍ കൊണ്ടേവൂരിലെത്തിയേ മതിയാകൂ.
മനസ്സിന് നിലതെറ്റിയാല്‍ സമൂഹത്തിന്റെ മനസാക്ഷിക്കു പുറത്താണ്. ഉപ്പളയിലെ റോഡരികില്‍ ദിവസങ്ങളോളം കിടന്ന നാരായണഷെട്ടിയെന്ന സാധു മനുഷ്യനോടും സമൂഹം അതുതന്നെചെയ്തു. മാനസിക നിലതെറ്റി മഞ്ഞും വെയിലുമേറ്റ് മലമൂത്ര വിസര്‍ജ്ജനം നടത്തി റോഡരികില്‍ക്കിടന്ന ആ വൃദ്ധനെ നോക്കാന്‍ പോലും സമൂഹം അറച്ചു. എന്നാല്‍ ആ യുവാവിനത് കഴിയുമായിരുന്നില്ല. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത യുവാവിന്റെ കാരുണ്യത്താല്‍ നാരായണഷെട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നു. ആശുപത്രിയില്‍ നിന്നിറങ്ങിയ ഷെട്ടി പക്ഷെ യുവാവിനെ വിട്ടില്ല. നിഴലുപോലെ നാട്ടിലും വീട്ടിലും പിന്തുടര്ന്നു.
‘എന്തിനെന്റെ പിറകെ, എന്നെ വിട്’ സഹികെട്ടപ്പോള്‍ യുവാവ് പറഞ്ഞു. ‘ഞാനെവിടെ പോകും’ നിസഹായതയോടെ ഷെട്ടി ചോദിച്ചു. ഒടുവില്‍ കര്‍ണാടക കന്യാനയിലെ ആശ്രമം തുണച്ചു. എങ്കിലും ഉള്ളിന്റെയുള്ളില്‍ അസ്വസ്ഥത പടര്‍ത്തി ആ ചോദ്യം അവശേഷിച്ചു. എന്തുകൊണ്ട് ഈ ഗ്രാമത്തിനെ സംരക്ഷിക്കാന്‍ ഇവിടെയൊരു ആശ്രമം പാടില്ല? നാരായണഷെട്ടിക്കു മാത്രമല്ല, നാശത്തിലേക്ക് നീങ്ങുന്ന ഈ നാടിനും ചികിത്സ വേണം.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ നല്കിയ 40 സെന്റ് സ്ഥലത്ത് ചെറിയൊരു കുടില്‍കെട്ടി 10 വര്‍ഷം മുമ്പ് ആശ്രമം തുടങ്ങി. മുടന്തി നീങ്ങിയ മൂന്ന് വര്‍ഷങ്ങള്‍. ഇതിനിടയില്‍ ആശ്രമത്തിന്റെ സ്ഥലത്തില്‍ ഒരു ഭാഗം വില്‍ക്കേണ്ടതായും വന്നു. ഭ്രാന്തുപിടിച്ച മനസ്സുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവാക്കളായിരുന്നു ഗ്രാമം നിറയെ. മദ്യത്തിന്റെ മരണക്കയത്തില്പ്പെട്ട് ജീവിതം തുലച്ചവര്. ഇവരില്‍നിന്നായിരുന്നു തുടക്കം. എതിര്‍പ്പുകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. സാമൂഹ്യദ്രോഹികളുടെ സംഘമെന്ന ചീത്തപ്പേര് ചാര്‍ത്തപ്പെട്ടു. ആശ്രമവും സ്വാമിയും സംശയത്തിന്റെ നിഴലിലായി. എങ്കിലും പിന്തിരിയാന് ഒരുക്കമായിരുന്നില്ല. കഠിനാധ്വാനത്തിന്റേയും കൂട്ടായ്മയുടേയും മന്ത്രമുപദേശിച്ചു. നിവര്‍ന്നു കിടക്കുന്ന വയലുകളിലും കുന്നിന്‍പുറങ്ങളിലെ ചരിവുകളിലും അദ്ധ്വാനത്തിന്റെ അര്ത്ഥങ്ങള്തേടി. വിതച്ച വിത്തുകള്‍ക്ക് നൂറുമേനി നല്കി ദൈവം അനുഗ്രഹിച്ചു. രാപകലുകളില്ലാത്ത അദ്ധ്വാനം മനസ്സിന്റെ ഭ്രാന്തുപേക്ഷിച്ചു. ശരീരം ആലസ്യം കൈവിട്ടു. ജീവിതമെന്തെന്ന് അവര്‍ ആദ്യമായി തിരിച്ചറിഞ്ഞു. സ്വാമി കൊള്ളാമല്ലോയെന്ന് നാട്ടുകാര്‍ക്കും തോന്നിതുടങ്ങി. യുവാക്കള്‍ കൂട്ടത്തോടെ മദ്യം ഉപേക്ഷിച്ചു. സ്വയം രക്ഷപ്പെടാന്‍ കഴിയാത്തവര്‍ക്ക് കൗണ്‍സിലിംഗും ഡോക്ടറുടെ സഹായവും എത്തിച്ചു. സ്വാമിയുടെ സ്വാധീനഫലമായി കൊണ്ടേവൂരെന്ന കൊച്ചു ഗ്രാമത്തില്‍ മദ്യമുപേക്ഷിച്ചത് നാനൂറോളം ചെറുപ്പക്കാരാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരാണിത് കഴുകിക്കളഞ്ഞത്. ഗ്രാമങ്ങളിലെ സ്ത്രീകളൊന്നടങ്കം ആശ്രമത്തിനെ നെഞ്ചേറ്റിയതും ഈയൊരൊറ്റക്കാരണം കൊണ്ടാകാം.
പഞ്ചഭൂതമാണ് പ്രകൃതി. കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമത്തിന്റെ സേവനങ്ങള്‍ക്കും അഞ്ച് മുഖമാണ്. അന്ന, അക്ഷര, ആരോഗ്യ, ആശ്രയ, ആധാര- സേവനത്തിന്റെ പഞ്ചാക്ഷരീ മന്ത്രങ്ങള്‍. സേവനത്തിന്റെ കോര്‍പ്പറേറ്റ് മാതൃകകളെ അനുകരിക്കാന്‍ ആശ്രമത്തിന് കഴിയില്ല. പണത്തിന്റെ കാര്യത്തില്‍ തുടങ്ങിയിടത്തു തന്നെയാണ് ആശ്രമമിപ്പോഴും. എങ്കിലും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സവുമാകുന്നില്ല. ഉള്ളവരില്‍നിന്നും ഇല്ലാത്തവരിലേക്ക് സഹായം എത്തിക്കുകയാണ് ചെയ്യുന്നത്. വിശക്കുന്നവന് ഭക്ഷണവും ഉടുക്കാനില്ലാത്തവന് വസ്ത്രവും നല്കി ആശ്രയമില്ലാത്തവന് ആശ്രയമായി സ്വാമി മാറിയതങ്ങനെയാണ്. ഗ്രാമത്തെ പുനര്‍നിര്‍മിച്ചതും അങ്ങനെതന്നെ.
ദീര്ഘവീക്ഷണമായിരുന്നില്ല സേവന പദ്ധതിക്ക് അടിസ്ഥാനം. ഗ്രാമത്തിന് എന്താണാവശ്യമെന്ന് മനസ്സിലാക്കാന്‍ ധ്യാനനിമഗ്നനാകേണ്ട ആവശ്യമുണ്ടായിരുന്നില്ല സ്വാമിജിക്ക്. അതിന് ഭൂതകാലത്തിലെ ഒരുദിനം ഓര്‍ത്തെടുത്താല്‍ മതി. മുഴുപ്പട്ടിണിയിലായിരുന്ന കുട്ടിക്കാലം ഗ്രാമത്തിന്റെ വിശപ്പ് വിളിച്ചറിയിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ നാളുകള്‍. ദാനമായി കിട്ടിയ പഴയ പിഞ്ഞിക്കീറിയ കുപ്പായത്തിനും ദാരിദ്ര്യം മറയ്ക്കാനാകുമായിരുന്നില്ല. പ്രതീക്ഷയുടെ ചെറുനാമ്പുകളെപ്പോലും വറുതിയുടെ തീക്കനലുകള്‍ കരിച്ചുകളഞ്ഞു. കുടുംബത്തില്‍ മൂത്തവനായതിനാല്‍ ആ ഭാരവും തലയിലേന്തി. പഠിച്ച് മിടുക്കനാകണമെന്നായിരുന്നു ആഗ്രഹം. വിശന്നുപൊരിയുന്ന വയറിലും അക്ഷരങ്ങളെ അവഗണിച്ചില്ല. ഒന്നാമതായി മുന്നേറി. അണയാത്ത ആഴിയായി അക്ഷരദീപം ആളിക്കത്തിയെങ്കിലും കാലം വീണ്ടും കുരുക്കിട്ടു. ‘കീറാത്ത ഒരു പേപ്പറെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട്.’ ജീവിതത്തിന്റെ കടലാസുപുസ്തകങ്ങള്‍ തുറക്കുമ്പോള്‍ സ്വാമിജിയുടെ മുഖത്ത് വേദന പടര്‍ന്നിരുന്നു.
ഗ്രാമത്തിന്റെ വിശപ്പുമാറ്റണം. വിശക്കുന്നവനെ ഭക്ഷണം കൊണ്ടേ തൃപ്തിപ്പെടുത്താനാകൂ. സേവനത്തിന്റെ പഞ്ചമഹാധ്യേയങ്ങളില് പ്രഥമസ്ഥാനം അന്നത്തിനുതന്നെ. ഗ്രാമത്തിലൊരാളും വിശന്നിരിക്കരുതെന്ന് നിര്‍ബന്ധമുണ്ട് സ്വാമിജിക്ക്. മൂന്ന് നേരം ഭക്ഷണമുണ്ട് ആശ്രമത്തില്‍. രാവിലെ ലഘുഭക്ഷണം, ഉച്ചയ്ക്കും രാത്രിയിലും ഊണ്. ദിവസവും നൂറിനടുത്ത് ആള്ക്കാര്. കിടപ്പിലായ രോഗികള്‍ക്ക് അന്നം വീട്ടിലെത്തിച്ചുകൊടുക്കും. ഭക്ഷണത്തിനുവേണ്ട അരിയും പച്ചക്കറികളും ആശ്രമത്തില്‍ത്തന്നെ ഉണ്ടാക്കുന്നു. കുന്നിന്മുകളില് പയറും വെണ്ടയും വിളയുന്നു. വര്‍ഷത്തില്‍ പത്തായപ്പുര നിറയ്ക്കുന്നത് അറുപത് ക്വിന്റല്‍ അരി. കാര്‍ഷിക വൃത്തിയിലൂടെ പുലരുന്നത് നിരവധി കുടുംബങ്ങള്‍. ജോലി നേടിക്കൊടുത്തു എന്നതിനപ്പുറം കൃഷിയുടെ പാരമ്പര്യംപോലും ബാധ്യതയാകുന്ന പുതുതലമുറയെ അതിലുറച്ചുനിന്നുകൊണ്ട് മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ പഠിപ്പിച്ചു എന്നതാണ് കൊണ്ടേവൂരിലെ ഹരിതവിപ്ലവത്തെ വ്യത്യസ്തമാക്കുന്നത്.
ഇന്ന് ദാരിദ്ര്യംമൂലം കൊണ്ടേവൂരിലെ കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നില്ല. അക്ഷരവെളിച്ചം അണഞ്ഞാല്‍ നാട് ഇരുട്ടിലാകുമെന്ന് സ്വാമിക്കറിയാം. അതുകൊണ്ടാണ് നിത്യാനന്ദ വിദ്യാപീഠം ഗ്രാമത്തിന്റെ വിളക്കാകുന്നത്. ഭാരതീയ വിദ്യാനികേതന്‍ കീഴിലുള്ള വിദ്യാപീഠം ചുരുങ്ങിയ നാള്‍കൊണ്ടുതന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. എട്ടാംക്ലാസ് വരെയുള്ള ഇവിടെ മുന്നൂറോളം കുട്ടികള്‍ പഠിക്കുന്നു. പതിനായിരങ്ങളുടെ ഡൊണേഷന്‍ സമ്പ്രദായം ഇവിടില്ല. ദരിദ്രരായ കുട്ടികളുടെ പഠനച്ചെലവുകളും സ്കൂള്‍ വഹിക്കുന്നു. സ്കൂളിലെ ഉച്ചഭക്ഷണം ആശ്രമത്തിന്റെ വകയാണ്. ഓര്‍മകള്‍പോലും ഭയപ്പെടുത്തുന്ന കൊണ്ടേവൂരിന്റെ ഭൂതകാലം ഇനിയാവര്‍ ത്തിക്കരുത്. അതിന് സമഭാവനയുടെ സംസ്കാരം ഉയര്‍ന്നുവരണം. പുതുതലമുറയെ സാംസ്കാരിക പാരമ്പര്യത്തിലൂടെ വഴിതെളിക്കുകയാണ് വിദ്യാപീഠം. വിദ്യ അമൃതാണ്. ദേവിയാണ്. ഭൂമിമാതാവാണ്. ഗുരുവും മാതാവും പ്രകൃതിയും ഈശ്വരന്മാരും പൂജിക്കപ്പെടേണ്ടവരുമാണെന്ന് തലമുറ തിരിച്ചറിയുന്നു. മാതൃപൂജയിലൂടെയും ഗുരുപൂജയിലൂടെയും ഈ സാംസ്കാരികധാരയെ അവര്‍ പിന്തുടരുന്നു.
ഇതിനിടയില്‍ പൂട്ടാനൊരുങ്ങിയ നവോദയ എഎല്‍പി സ്കൂളും ആശ്രമം ഏറ്റെടുത്തു. ആശ്രമത്തിന്റെ നേതൃത്വത്തില്‍ നൂറോളം കുട്ടികളാണ് ഇപ്പോഴവിടെ പഠിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തനത്തിനും ആശ്രമം തനതായ മാതൃക സൃഷ്ടിച്ചു. മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നിരന്നുനില്ക്കുന്ന ഇക്കാലത്ത് ആശ്രമത്തിന് സ്വന്തമായി ഒരു മരുന്നുകട പോലുമില്ല. ‘അത്ഭുത രോഗശാന്തി ശുശ്രൂഷയും’ സ്വാമിജിക്കറിയില്ല. എന്നാല്‍ ഗ്രാമത്തിലെല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുന്നുവെന്നതാണ് സത്യം. സമീപ പ്രദേശത്തെയും കര്‍ണാടകയിലേയും ആശുപത്രികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട് ആശ്രമം. ഇത്തരം ആശുപത്രികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തിലെത്തിക്കുന്നു. നിരന്തരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെടുന്നു. കിടപ്പിലായവര്‍ക്ക് വീടുകളില്‍ച്ചെന്ന് ചികിത്സ നല്കുന്നു. മനസ്സിന്റേയും ശരീരത്തിന്റേയും മുറിവുണക്കി സാന്ത്വനം പകര്‍ന്ന് സ്വാമിയുണ്ടാകും കൂടെ.
വീടില്ലാത്തവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ക്കൂര പണിയാനും ആശ്രമം മുന്നിട്ടിറങ്ങി. വീട് കെട്ടിപ്പൊക്കി താക്കോല്‍ കൈമാറുന്ന രീതിയായിരുന്നില്ല ഇവിടെയും. സേവന മനസ്കരായ ആളുകളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ഗ്രാമത്തിന്റെ കൂട്ടായ്മയോടുകൂടി വീടുയരുന്നു. പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് ആശ്രമം ഇത്തരത്തില്‍ അഭയകേന്ദ്രമായത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ കൂട്ടായ്മയും ലക്ഷ്യംവയ്ക്കുന്നുണ്ട് സ്വാമിജി.
സ്ത്രീശാക്തീകരണത്തിന്റെ പാഠവും ആശ്രമം പഠിപ്പിച്ചു തരുന്നു. ജോലിയെന്നത് ഒരുകാലത്ത് ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വിദൂരസ്വപ്നം പോലുമായിരുന്നില്ല. ഇന്ന് ആശ്രമത്തിന്റെ പിന്‍ബലത്തില്‍ സ്വയംതൊഴില്‍ മേഖലയിലേക്ക് ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടത്തോടെ ചുവടുവയ്ക്കുന്നു. വെറുതെയിരിക്കുന്ന പുരുഷന്മാരെപ്പോലെതന്നെ വെറുതെയിരിക്കുന്ന സ്ത്രീകളെയും നിങ്ങള്‍ക്കിന്ന് കൊണ്ടേവൂരില് കാണാനാകില്ല.
സമൂഹ വിവാഹങ്ങള്‍ക്കും ആശ്രമം വേദിയായി. രണ്ട് വര്‍ഷം തുടര്‍ച്ചയായി സമൂഹ വിവാഹം നടത്തി. കഴിഞ്ഞ ജനുവരിയില്‍ നടന്ന വിവാഹത്തില്‍ എട്ട് വധൂവരന്മാര് അഗ്നിസാക്ഷിയായി ആശ്രമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതം ആരംഭിച്ചു. സേവനത്തിന്റെ കര്‍മപഥങ്ങളില്‍ പുതിയൊരേട് കൂടി ആശ്രമം എഴുതിച്ചേര്‍ത്തു. ഭൂദാനയജ്ഞം – ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി. പത്തിലധികം പേര്‍ക്ക് ഇതിനകം വീട് വയ്ക്കാന്‍ ഭൂമി ലഭ്യമാക്കി. പ്രകൃതി ദേവിയാണെന്ന സന്ദേശത്തിലൂന്നി പ്രകൃതിസംരക്ഷണത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ആശ്രമമിപ്പോള്.
ആശ്രമത്തിനരികിലുള്ള ഗോശാലയിലേക്ക് സ്വാമിയോടൊപ്പം നടന്നു. കാസര്‍കോടിന്റെ സ്വന്തം കുള്ളന്‍ പശു മുതല്‍ രാജസ്ഥാനിലെ ഉയരം കൂടിയ കോണ്‍കറേജ് പശു വരെ ഗോശാലയില്‍ നിറഞ്ഞുനില്ക്കുന്നു. ഗോസംരക്ഷണത്തിന്റെ സംസ്കാരം ആശ്രമത്തില്‍ നിന്നും ഗ്രാമങ്ങളിലേക്കുമൊഴുകി. പശുവിനെ ദാനമായും ആശ്രമം നല്കുന്നു. ഒരു പശുവിനെയെങ്കിലും കാണാന്‍ കഴിയാത്ത വീടുകള്‍ ഗ്രാമത്തിലില്ലെന്നുതന്നെ പറയാം. നിലനിര്‍ത്തപ്പെടേണ്ട സംസ്കാരത്തിനൊപ്പം ഗ്രാമത്തിന്റെ ഉപജീവനമാര്‍ഗം കൂടിയാണിത്. ഗോശാലയില്‍ വച്ചാണ് ശോഭന്‍ ബാബുവിനെ കണ്ടത്. ശോഭന്‍ ബാബു ഒരു പ്രതീകമാണ്. ആശ്രമം വരുത്തിയ മാറ്റമെന്തെന്ന് ശോഭന്‍ ബാബുവിന്റെ ജീവിതം പറഞ്ഞുതരും. കൊണ്ടേവൂരിന്റെ ദുഷിച്ച ഭൂതകാലത്തിന്റെ കഥയിലെ ഒരു കഥാപാത്രമാണീ ദളിത് യുവാവ്. ഓര്‍ത്തെടുക്കാന്‍ ഇഷ്ടമില്ലാത്ത ഓര്‍മകളെപ്പോലും ഉപേക്ഷിച്ച് ഇന്ന് ശോഭന്‍ ബാബു സ്വാമിക്കൊപ്പമുണ്ട്. ഗോപരിപാലകനായി, ആശ്രമം തിരികെത്തന്ന ജീവിതത്തിന് പകരമായി.
ബുധനാഴ്ച്ച ആരംഭിക്കുന്ന സഹസ്രചണ്ഡികാ മഹായാഗത്തിന് യാഗശാല ഒരുങ്ങിക്കഴിഞ്ഞു ആശ്രമത്തില്‍. സ്വയംപര്യാപ്ത ഗ്രാമത്തിന്റെ നേര്‍ചിത്രമാണ് ആശ്രമത്തിന്റെ മുന്നൊരുക്കങ്ങളിലും പ്രതിഫലിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തുടങ്ങിയ ഒരുക്കങ്ങള്‍ പൂര്‍ണതയിലെത്തിച്ചത് ഗ്രാമത്തിന്റെ കൂട്ടായ്മയാണ്. ആശ്രമത്തിന്റെ ലക്ഷ്യം കടമയായിക്കണ്ട് സേവന നിരതരാവുകയായിരുന്നു ഗ്രാമവാസികള്‍. ആശ്രമം ഗ്രാമത്തെ പഠിപ്പിച്ചതും സേവനത്തിന്റെ പാഠങ്ങളാണല്ലോ!. യാഗത്തിനാവശ്യമുള്ളതൊന്നിനും ഗ്രാമത്തിന് പുറത്തേക്ക് പോകേണ്ടിവന്നിട്ടില്ല. ആറുദിവസം ഗ്രാമത്തിലെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിനുള്ള അരി പോലും ആശ്രമത്തിന്റെ വയലുകളില്‍നിന്നും പത്തായപ്പുര നിറച്ചുകഴിഞ്ഞു.
കൊണ്ടേവൂരെന്ന ദളിത് ഗ്രാമത്തില്‍നിന്നും നിത്യാനന്ദ യോഗാശ്രമത്തില്നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. വെല്ലുവിളികള്‍ നേരിടാന്‍ തനതായ മാര്‍ഗം ഈ നാടിനുണ്ടെന്ന പ്രഖ്യാപനമാണ് കൊണ്ടേവൂരിലേത്. സേവനത്തിലധിഷ്ഠിതമായ ആത്മീയതയുടെ മന്ത്രമാണത്. ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നതിയിലേക്ക് രാജ്യത്തെ നയിക്കാന്‍ ഉഴിഞ്ഞുവയ്ക്കേണ്ടതാണ് സന്ന്യാസിമാരുടെ ജീവിതമെന്നായിരുന്നു വിവേകാനന്ദ സ്വാമിയുടെ വാക്കുകള്‍. ധര്‍മത്തിന്റെയും ത്യാഗത്തിന്റെയും സനാതന മൂല്യങ്ങള്‍ അന്യമായിരുന്ന ജനതയെ ഉണര്‍വിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തി യോഗാനന്ദ സരസ്വതി ആ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി. ശംഖുവിളികളും മണിനാദങ്ങളും ദേവീസ്തുതികളും ഇഴുകിച്ചേര്‍ന്ന ഉച്ചപൂജയ്ക്ക് ദേവീവിഗ്രഹത്തിനു മുന്നില്‍ പ്രാര്ത്ഥനാനിരതരാകുമ്പോഴും ഗ്രാമം തിരിച്ചറിയുന്നത് ഒന്നുതന്നെ… നരസേവ നാരായണ സേവ.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: