കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ മലയാളത്തിന്റെ കവയത്രി സുഗതകുമാരിക്ക് പ്രണാമം അര്‍പ്പിക്കുകയാണ് ഒരു സംഘം കുട്ടികള്‍. സാമൂഹിക, പാരിസ്ഥിതിക രംഗത്തെ സുഗതകുമാരിയുടെ പ്രവര്‍ത്തനങ്ങളെ ഒരു സ്കിറ്റിലൂടെ രംഗാവിഷ്കരണം നടത്തി ശ്രദ്ധേയമായത് കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഡോണ്‍ബോസ്കോ സ്കൂളിലെ കുട്ടികളാണ്. പ്രപഞ്ചത്തിന്റെ ‘സത്ത’യും അസ്തിത്വവും നിലനിര്‍ത്തുന്നത് പരിസ്ഥിതിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കവയത്രി സുഗതകുമാരി ടീച്ചറുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങ ളെയും വിശദമാക്കി കുട്ടികള്‍ നിര്‍വഹിക്കുന്നത്.
പ്രകൃതി സംരക്ഷണമെന്ന ടീച്ചറുടെ ഏറെ താല്‍പ്പര്യമുള്ള വിഷയം തന്നെയായിരുന്നു സ്കിറ്റിന്റെ ആധാരം. മനുഷ്യന് യാതൊരു വിവേചനവുംകൂടാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും മലിനപ്പെടുത്തുന്നതും അതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചുരുങ്ങിയ സമയക്രമത്തിനുള്ളില്‍ ആസ്വാദകരെ ആകര്ഷിക്കുംവിധത്തിലാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.
വാക്കുകള്‍ക്കപ്പുറം പ്രകൃതിയെ ഉന്മൂലനം ചെയ്യുന്ന, വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ധനമോഹികളുടെ ചെയ്തികളും ഇതിലൂടെ പ്രത്യക്ഷത്തിലെത്തിക്കപ്പെടുന്നു. കോണ്‍ട്രാക്ടര്‍മാര്‍, കാട്ടുകള്ളന്മാര്, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെല്ലാം സംഘടിതമായി പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും ഈ സ്കിറ്റിലൂടെ കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ വ്യവസായവല്‍ക്കരണവും, നഗരവല്‍ക്കരണവും എങ്ങനെ പ്രകൃതിയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നതും വിഷയാവതരണത്തിലൂടെ വ്യക്തമാക്കുന്നു.
“ഒരു പാട്ടുപിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി….” എന്ന സുഗതകുമാരി ടീച്ചറുടെ പ്രശസ്തമായ കവിതയുടെ പശ്ചാത്തലത്തിലാണ് സ്കിറ്റിന്റെ വിവരണം നടക്കുന്നത്. മലനിരകള്‍ ഇടിച്ചു നിരത്തുന്നതും മരങ്ങള്‍ വെട്ടിമാറ്റുന്നതും ചിറകറ്റു വീഴുന്ന പക്ഷികളും ദാഹജലം തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലും അട്ടപ്പാടി, മാവൂര്‍, ചാലിയാര്‍ പ്രക്ഷോഭമൊക്കെയും ഈ രംഗാവിഷ്കരണത്തില്‍ എത്തുന്നു.
“യത്തേ ഭൂമി വിഖനാമി
ക്ഷിപ്രം തദപി രോഹതു
മാതേ മര്‍മ്മ വിമൃഗ്വരി
മാ തേ ഹൃദയമര്‍പ്പിപം”
(ഹേ ഭൂമി, ഞാന്‍ നിന്നില്‍നിന്നും വെട്ടിയും കുഴിച്ചും എന്തുതന്നെയെടുക്കുന്നുവോ അവയെല്ലാം വേഗത്തില്‍ തഴച്ചുവളരുമാറാകട്ടെ. ഞാന്‍ അവിടുത്തെ മര്‍മ്മങ്ങളെ പിളര്‍ക്കാതിരിക്കട്ടെ. ഹൃദയത്തെ മുറിപ്പെടാതിരിക്കട്ടെ.) അഥര്‍വവേദത്തിലെ ഈ ശ്ലോകത്തോടു കൂടി പരിസമാപ്തമാകുന്ന സ്കിറ്റില്‍ മനുഷ്യമനസുകളില്‍ പ്രകൃതി സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചര്‍ പൊലിയാത്ത ദീപമായി, അനശ്വരയായി എന്നെന്നും ജീവിക്കട്ടെയെന്ന ആശംസയും കുട്ടികള്‍ നല്കുന്നു. ഡോണ്‍ബോസ്കോയിലെ പത്താം ക്ലാസ് വിദ്യര്‍ത്ഥിനി ഗംഗാഹരികുമാറാണ് സുഗതകുമാരി ടീച്ചറായി രംഗത്തെത്തുന്നത്. ഒപ്പം അന്‍പതോളം കുട്ടികളും. ഈ സ്കൂളിലെ മലയാളം അധ്യാപിക മേരി എം.എ. ആണ് ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്.
ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: