കൊച്ചി: കാര്‍ഷിക മേഖലയുടെ പുരോഗതിയിലൂടെ മാത്രമേ സംസ്ഥാനത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വ്യാവസായ, അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ലക്ഷ്യമിടേണ്ടത്. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ യഥാര്‍ഥ വികസനം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചാമത് ഇന്ത്യാ-ഇന്റര്‍നാഷണല്‍ ഭക്ഷ്യ, കാര്‍ഷിക, വ്യവസായ മേളയില്‍ കൃഷി-ഭക്ഷ്യ സുരക്ഷ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാളികേരം, അടയ്ക്ക തുടങ്ങി കേരളത്തില്‍ ധാരാളമായി കൃഷി ചെയ്തിരുന്നവയിലെല്ലാം സംസ്ഥാനം പിന്നോട്ടു പോയി. റബ്ബര്‍ കൃഷിയില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്. മനസ് വെച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് പച്ചക്കറിയില്‍ സ്വയം പര്യാപ്തമാവാന്‍ കേരളത്തിന് സാധിക്കും. അതിന് ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണം. കാര്‍ഷിക മേഖലയ്ക്ക് അനിവാര്യമായ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കര്‍ഷകരെ അംഗീകരിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ കാര്‍ഷിക മേഖലയ്ക്ക് പുരോഗതിയുണ്ടാകൂ-മുഖ്യമന്ത്രി പറഞ്ഞു.
കലൂര്‍ ഇന്റനാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഹരിത വിദ്യാലയം അവാര്‍ഡ് ഫിഷറീസ് മന്ത്രി കെ.ബാബുവും പരിസ്ഥിതി ഡോക്യുമെന്ററി അവാര്‍ഡ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബും വിതരണം ചെയ്തു. എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബെഹനാന്, മേയര്‍ ടോണി ചമ്മിണി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ഫൗണ്ടേഷന് ഫോര്‍ ഓര്‍ഗാനിക്ക് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെപലപ്പ്മെന്റ് ചെയര്മാന് പി.സി.സിറിയക്, വെല്‍ഫെയര്‍ സര്‍വീസസ് എക്സി.ഡയറക്ടര്‍ ഫാ.പോള്‍ ചെറുപ്പിള്ളി, തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാണി മേല്‍വട്ടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: