ന്യൂദല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് മലേഷ്യന്‍ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഏഷ്യ സമര്‍പ്പിച്ച അപേക്ഷ മാര്‍ച്ച് ആറിന് പരിഗണിക്കും. ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കുന്നത്. വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡ് മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ടാറ്റ സണ്‍സ് ലിമിറ്റഡ്, അരുണ്‍ ഭാട്യയുടെ ടെലസ്ട്ര ട്രേഡ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി സംയുക്ത സംരഭത്തിലേര്പ്പെട്ടിരിക്കുന്ന എയര്‍ ഏഷ്യ 49 ശതമാനം ഓഹരിയ്ക്കായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സപ്തംബറിലാണ് വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്. എയര്‍ ഏഷ്യയുടെ ശുപാര്‍ശ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അംഗീകരിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ആദ്യ വിദേശ വിമാന കമ്പനിയായി എയര്‍ ഏഷ്യ മാറും.
50 ദശലക്ഷം ഡോളറാണ് കമ്പനി ഇന്ത്യയില്‍ നിക്ഷേപിക്കുക. ചെന്നൈ ആസ്ഥാനമായിട്ടായിരിക്കും പുതിയ കമ്പനി പ്രവര്‍ത്തിക്കുക.
ടിയര്‍ രണ്ട്, ടിയര്‍ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കുക. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ വിദേശ വിമാന സര്‍വീസിന് യോഗ്യത നേടാന്‍ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: