ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ആനയോട്ടം നാളെ ഉച്ചക്ക് 3-മണിക്കാരംഭിക്കും. ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ഒട്ടുമിക്ക ആനകളും ആനയോട്ട മത്സരത്തില്‍ പങ്കെടുക്കും. വിദഗ്ദസമിതിയടെ തീരുമാനപ്രകാരം തിരഞ്ഞെടുത്ത 8 ആനകളില്‍ നിന്നും നറുക്കിട്ടെടുത്ത 5 ആനകളെയാണ് ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളുവെന്ന് ആനയോട്ട മത്സര വിദഗ്ധസമിതി അറിയിച്ചു.
ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുന്ന 5 ആനകളില്‍ ആദ്യം ക്ഷേത്ര ഗോപുരനട കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആദ്യം വരുന്ന 3-ആനകളെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുമുള്ളു. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച ആനകളെ ഓടാന്‍ അനുവദിക്കുകയില്ല. ആനയോട്ടത്തില്‍ പങ്കെടുക്കുന്ന ആനകള്‍ ഉച്ചക്ക് കൃത്യം 2-മണിക്ക് മജ്ഞുളാല്‍ പരിസരത്ത് എത്തണമെന്ന് ആനക്കാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ദേവസ്വം നല്കിയ ബാഡ്ജുധരിച്ചവര്ക്ക് മാത്രമേ ആനകളുടെ കൂടെ ഓടുവാന്‍ പാടുകയുള്ളു. ഉച്ചക്ക് 2.40-ന് ശേഷം ആനയോട്ടം നടക്കുന്ന ഗുരുവായൂര്‍ ദേവസ്വം വക റോഡില്‍ പ്രവേശിക്കുകയോ, റോഡ്മുറിച്ച് കടക്കുകയോ ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും വിദഗ്ധസമിതി അറിയിച്ചു. നാളെ രാവിലെയാണ് ക്ഷേത്രത്തിലെ “ആനയില്ലാശീവേലി.”
62-ഗജസമ്പത്തുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇപ്പോഴും “ആനയില്ലാശീവേലി” നടക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിലെ ഉത്സവത്തിനായി എഴുന്നെള്ളിച്ചുനിന്നിരുന്ന ആനകള്‍, കഴുത്തിലണിഞ്ഞ മണികളുമായി കിലുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നും, ആ സ്മരണപുതുക്കുന്നതിന് വേണ്ടിയാണ് ഉത്സവദിവസം ഉച്ചയ്ക്ക് ഗുരുവായൂരില്‍ നടക്കുന്ന ആനയോട്ടമെന്നുമാണ് ഐതിഹ്യം.
ആനയോട്ടത്തിന് ശേഷം, രാത്രി കുംഭമാസത്തിലെ പൂയ്യം നാളില്‍ കൊടികയറുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമായി. തുടര്‍ന്നുള്ള 9 ദിനരാത്രങ്ങള്‍ ശ്രീകൃഷ്ണനഗരി ഉത്സവലഹരിയുടെ ആഹ്ലാദതിമര്പ്പിലാകും. ഇന്ന് ആചാര ഐതിഹ്യപ്പെരുമ നിറഞ്ഞ സഹസ്രകലശാഭിഷേകം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: