കണ്ണൂര്‍: രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും ശക്തമായ പണിമുടക്കായി മാറിയെന്നും, പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിസ്സംഗത മാറ്റണമെന്നും, പ്രശ്ന പരിഹാരത്തിന് ഇനിയെങ്കിലും അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും സംഘടിത അസംഘടിത മേഖലകളിലെയും മഹാ ഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കില്‍ അണിചേര്‍ന്നു. രാജ്യതാല്‍പ്പര്യത്തെയും സാധാരണക്കാരായ ജനവിഭാഗത്തെയും ബാധിക്കുന്ന 10 സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിയെടുക്കുന്ന എല്ലാ ജനവിഭാഗവും ഈ പോരാട്ടത്തില്‍ പങ്കെടുത്തത്. നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം തടയുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുക, ദേശീയ മിനിമം വേതനം 10000 രൂപയാക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് ഈ പണിമുടക്കിന് ആധാരമായി ഉന്നയിക്കുന്നത്.
നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിച്ചുവെന്നാണ്. സര്‍ക്കാര്‍ തന്നെ നിയോഗിച്ച അര്ജുന് സെന്‍ഗുപ്ത കമ്മീഷന് സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ 60 ശതമാനം വരുന്ന സാധാരണക്കാരുടെ ആളോഹരി പ്രതിദിന വരുമാനം 20 രൂപയ്ക്കും 30 രൂപയ്ക്കും താഴെയാണെന്ന് വ്യക്തമാക്കുന്നു.
കേന്ദ്രബജറ്റില്‍ നീക്കിവെക്കുന്ന തുകയുടെ സിംഹഭാഗവും വന്‍കിട, കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്ക്കുംവേണ്ടിയാണ്. സാധാരണക്കാരുടെ സബ്സിഡിപോലും വെട്ടിക്കുറച്ച് കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ പണിമുടക്കം. 36 കോടിയോളം വരുന്ന രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനായി നിലവില്‍വന്ന സാമൂഹ്യ സുരക്ഷ പദ്ധതിക്ക് കേവലം 1 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തുച്ഛമായ ഈ തുകപോലും ഇതുവരെ വിനിയോഗിച്ചിട്ടില്ല. അതേവര്‍ഷം വന്‍കിട കുത്തക കമ്പനികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് അനുവദിക്കുകയും പുതിയ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാണ്.
2012 സെപ്റ്റംബര്‍ 4ന് ഡല്‍ഹിയില്‍വെച്ച് കേന്ദ്ര തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിക്കുകയും രാജ്യത്താകമാനം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പണിമുടക്കിന്റെ 5 ദിവസം മുമ്പു മാത്രമാണ് കേന്ദ്ര ട്രേഡ് യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ 4 മന്ത്രിമാരെ ചുമതലപ്പെടുത്തിയത്. പണിമുടക്കില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പകരം പണിമുടക്ക് മറ്റീവ്ക്കണം എന്നാണ് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്. കേന്ദ്ര ധനമന്ത്രി പി. ചിദംബരം ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതുമൂലം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് ആത്മാര്ത്ഥതയില്ലായെന്നുവേണം കരുതാന്‍. സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഈ നിലപാടുകള്‍ തിരുത്തി വരുംകാലങ്ങളില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭ പരിപാടികള്‍ നിരന്തരമായി നടത്തേണ്ടതുണ്ടെന്നും ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ഈ ദൗത്യം ഏറ്റെടുക്കണമെന്നും രാജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: