തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നിന്നൊഴിവാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പരിസ്ഥിതി തകര്‍ത്തുകൊണ്ടുള്ള വിമാനത്താവള പദ്ധതിക്കെതിരെ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരരംഗത്താണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ ആറന്മുള വിമാനത്താവളം കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂനിയമങ്ങളും പരിസ്ഥിതി നിയമങ്ങളും ലംഘിച്ചു സ്വകാര്യ കമ്പനി സ്ഥാപിക്കാന്‍ നീക്കം നടത്തുന്ന വിമാനത്താവള നിര്‍മാണം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അപലപനീയമാണ്. കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം ആറന്മുള വിമാനത്താവള പദ്ധതിയും നടപ്പാക്കുമെന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം ദുരുപദിഷ്ടിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതികള്‍ നേടി നിയമാനുസൃതം നടപ്പാക്കുന്ന കണ്ണൂര്‍ വിമാനത്താവള പദ്ധതി പോലെയല്ല ആറന്മുള വിമാനത്താവള പദ്ധതി.
ആറന്മുള വിമാനത്താവളത്തിനായി സ്വകാര്യ കമ്പനി സ്ഥലം വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടു നിരവധി പരാതികളുണ്ട്. ഭൂപരിഷ്കരണ നിയമം ലംഘിച്ചാണു ഭൂമി വാങ്ങിക്കൂട്ടിയതെന്ന് കലക്റ്റര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിക്കൊണ്ടു നിയമവിരുദ്ധമായാണ് വിമാനത്താവള നിര്‍മാണത്തിനു ശ്രമിക്കുന്നത്. നിയമം ലംഘിച്ചുള്ള ഈ നടപടികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്തിരിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: