മലയാളത്തിലെ ആദ്യ സിനിമ ഏതെന്ന ചോദ്യത്തിന് ‘ബാലന്’ എന്ന പേരാണ് ഏറെക്കാലം പ്രചരിച്ചിരുന്നത്. ടി.ആര്.സുന്ദരം നിര്‍മ്മിച്ച് 1938 ല്‍ പുറത്തിറങ്ങിയ ‘ബാലന്’ എന്ന ചലച്ചിത്രം മലയാളത്തിലെ ആദ്യ ശബ്ദസിനിമയായിരുന്നു. അതുതന്നെയാണ് മലയാളത്തിലെ ആദ്യ സിനിമയെന്ന് ചലച്ചിത്ര ചരിത്രകാരന്മാര് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ‘ബാലന്’ പുറത്തു വരുന്നതിനും പത്തു വര്‍ഷം മുമ്പ് 1928 ലാണ് ‘വിഗതകുമാരന്’ എന്ന ചലച്ചിത്രം ഉണ്ടാകുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും എഴുത്തും അഭിനയവുമെല്ലാം മലയാളിയായ ജെ.സി.ഡാനിയേല്‍. നിശബ്ദ സിനിമയായിരുന്നു ‘വിഗതകുമാരന്’. സിനിമ, ഭാഷ സംസാരിക്കാതെ അതെങ്ങനെ ഏതെങ്കിലുമൊരു ഭാഷയിലുള്ള സിനിമയായി കാണാനാകുമെന്നാണ് ആദ്യ സിനിമയായി ‘ബാലനെ’ അനുകൂലിച്ചിരുന്നവര്‍ വാദിച്ചിരുന്നത്. എന്നാല്‍ മലയാളിയായ ജെ.സി.ഡാനിയേലിന്റെ ചലച്ചിത്രം സംസാരിക്കുന്നില്ലെങ്കിലും മലയാളസിനിമയായി കണക്കാക്കണമെന്നാണ് ‘വിഗതകുമാര’നു വേണ്ടി വാദിച്ചിരുന്നവരുടെ പക്ഷം.
തര്‍ക്കങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, മലയാളത്തിലെ ആദ്യ സിനിമാ പരിശ്രമമായിരുന്നു ജെ.സി.ഡാനിയേലിന്റെ ‘വിഗതകുമാരന്’. സിനിമയെന്ന കലാരൂപത്തിന്റെ സാധ്യതകളെ ദീര്‍ഘ ദൃഷ്ടിയോടെ കാണുകയും അതിനെ അളവറ്റ് സ്നേഹിക്കുകയും സിനിമയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് ജെ.സി.ഡാനിയേല്‍. ഡാനിയേലിനു മുമ്പ് അത്തരത്തിലൊരു പരിശ്രമം മലയാളത്തില്‍ നടന്നിട്ടില്ലാത്തതിനാല്‍ മലയാള സിനിമയുടെ പിതാവായി ജെ.സി.ഡാനിയേലിനെ അംഗീകരിക്കുക തന്നെ വേണം. സിനിമയെന്താണന്ന് അറിയാത്ത കാലത്ത് ബോംബെയിലും ചെന്നൈയിലുമൊക്കെ പോയി സിനിമയെക്കുറിച്ച് മനസ്സിലാക്കി, തിരുവിതാംകൂറില്‍ വന്ന് സിനിമാശ്രമങ്ങള്‍ അദ്ദേഹം തുടങ്ങുകയായിരുന്നു.
തിരുവിതാംകൂറിലെ 1928 കാലം അയിത്തത്തിന്റെയും അനാചാരത്തിന്റെയും കാലമായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളും ജന്മിത്വവുമെല്ലാം ഡാനിയേലിന്റെ ‘വിഗതകുമാരനെ’യും ബാധിച്ചുവെന്നത് ചരിത്രം. ‘വിഗതകുമാരന്’ പുറത്തു വന്നെങ്കിലും ആദ്യ പ്രദര്‍ശനം തന്നെ ജാതിക്കോമരങ്ങളുടെ കൊലവിളിക്കുമുമ്പില് തകര്‍ന്നു പോകുകയായിരുന്നു. കേരളത്തില്‍ സാമൂഹ്യമുന്നേറ്റത്തിനും അനാചാരങ്ങള്‍ക്കെതിരായ ഉയിര്ത്തെഴുന്നേല്പ്പിനും സഹായകരമായി സിനിമയും നാടകവുമുള്പ്പടെയുള്ള കലാരൂപങ്ങള്‍ നിലനിന്നിട്ടുണ്ട്. അത്തരം ഉദ്ദേശ്യത്തോടെ തന്നെയുള്ള സിനിമകളുണ്ടായിട്ടുമുണ്ട്.
സിനിമയുടെ അനന്ത സാധ്യതകളെക്കുറിച്ച് തിരിച്ചറിവില്ലാതിരുന്ന കാലത്ത് ഡാനിയേല്‍ ചെയ്തതും അതു തന്നെയാണ്. താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ നായികയാക്കി സിനിമയില്‍ ജാതിയും അയിത്തവുമില്ലെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ അതിന് ഡാനിയേലിനു നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എല്ലാം വിറ്റു തുലച്ച് സിനിമയെടുത്ത അദ്ദേഹത്തിന് ഒടുവില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ, പട്ടിണിയില്‍ കഴിയേണ്ടി വന്നു.
ജെ.സി.ഡാനിയേലിന്റെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നുവെന്ന് സിനിമയെ പിന്തുടരുന്നവര്ക്കെല്ലാം ഇപ്പോള്‍ പരിചിതമാണ്. അതിനു സഹായകരമായത് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമമായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് അദ്ദേഹം നടത്തിയ അന്വേഷണത്തിലൂടെയാണ് ‘വിഗതകുമാരന്’ മലയാളത്തിന്റെ ആദ്യ ചലച്ചിത്രമായി മാറിയത്. അതു സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന് വളരെയധികം കഷ്ടപ്പെട്ടു. അധികാരസ്ഥാനങ്ങളിലുള്ളവരുടെ മനസ്സും രൂപവും തിരിച്ചറിയാനുമായി.
ചേലങ്ങാട്ട് കണ്ടെത്തിയ ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചലച്ചിത്രമാണ് ഇതിത്രയും വിസ്തരിക്കാന്‍ പ്രേരണയായത്. മലയാള സിനിമയുടെ ചരിത്രമാകുന്ന ഈ സിനിമ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കു സന്തോഷം നല്‍കുന്നതാണ്.
രണ്ടു തരത്തിലാണ് ഡാനിയേല്‍ മലയാള സിനിമയുടെ ദുരന്തമായി മാറുന്നത്. വിഗതകുമാരന് പ്രദര്‍ശിപ്പിച്ച തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തീയറ്ററില്‍ ആദ്യ പ്രദര്ശനസമയത്തു തന്നെ പ്രശ്നങ്ങളുണ്ടായി. സിനിമയിലെ നായിക താഴ്ന്ന ജാതിക്കാരിയായ റോസിയായിരുന്നു. അന്നത്തെ സാമൂഹ്യ പശ്ചാത്തലം വളരെ വിശദമായി സിനിമ പ്രതിപാദിക്കുന്നുണ്ട്. താഴ്ന്ന ജാതിക്കാര്‍ നേരിട്ടിരുന്ന അവഗണനയില്‍ നിന്ന് രക്ഷനേടാന്‍ മതംമാറിയ നിരവധി പേരുണ്ടായിരുന്നു അക്കാലത്ത്. (അതിനെ മുതലെടുത്ത് മിഷനറി പ്രവര്‍ത്തനം നടത്തിയവരുമുണ്ട്.) അതില്‍ റോസിയുടെ കുടുംബവുമുണ്ട്. എന്നാല്‍ മേല്ജാതിക്കാര്, മതംമാറിയതൊന്നും കാര്യമാക്കുന്നില്ല. താഴ്ന്ന ജാതിക്കാരി നായര്‍ സ്ത്രീയായി സിനിമയിലഭിനയിച്ചത് അവര്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ പ്രദര്‍ശനം തടയുന്നു. പിന്നീട് സിനിമ പ്രദര്‍ശിപ്പിച്ചിടത്തെല്ലാം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുകയും എല്ലാം വിറ്റ് സിനിമ പിടിച്ച ഡാനിയേല്‍ പാപ്പരാകുകയും ചെയ്യുന്നു. ജെ.സി.ഡാനിയേലിനെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ചിലരെല്ലാം ശ്രമിച്ചിരുന്നുവെന്നതാണ് ‘സെല്ലുലോയ്ഡ്’എന്ന സിനിമ പ്രേക്ഷകരെ അറിയിക്കുന്ന പ്രധാന വിഷയം.
1928 കാലത്ത് അന്നത്തെ സാമൂഹ്യാന്തരീക്ഷമായിരുന്നു ഡാനിയേലിനും വിഗതകുമാരനും എതിരായി നിന്നിരുന്നതെങ്കില്‍ ആധുനിക കാലത്ത് ജാതിയുടെയും ആധിപത്യത്തിന്റെയും മല്ക്കോയ്മ വിടാത്ത ഭരണക്കാര്‍ ഡാനിയേലിനെയും വിഗതകുമാരനെയും തള്ളിക്കളയാനും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് ഇല്ലായ്മ ചെയ്യാനും ശ്രമിച്ചു. വിഗതകുമാരനെ മലയാളത്തിലെ ആദ്യ സിനിമയായി അംഗീകരിപ്പിക്കാനും പട്ടിണിയിലും രോഗക്കിടക്കയിലുമായിപ്പോയ ജെ.സി.ഡാനിയേലിന് സഹായം വാങ്ങിക്കൊടുക്കാനും ശ്രമം നടത്തിയിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശ്രമങ്ങള്‍ക്ക് എതിരു നിന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനും സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനുമായിരുന്നുവെന്ന് ‘സെല്ലുലോയ്ഡ്’ സ്ഥാപിക്കുന്നു.
മലയാറ്റൂരിന് താല്പര്യം ‘ബാലന്’ എന്ന സിനിമയെ മലയാളത്തിലെ ആദ്യസിനിമയാക്കി ചരിത്രത്തില്‍ ഇടം നല്‍കാനായിരുന്നു. അതിനുവേണ്ടിയുള്ള വാദങ്ങള്‍ അദ്ദേഹം നിരത്തി. തന്റെ കണ്ടെത്തലുകളുമായി മുഖ്യമന്ത്രിക്കു മുന്നിലെത്തിയ ചേലങ്ങാട്ടിനെ അച്യുതമേനോനും ഇറക്കി വിട്ടു. അവര്‍ക്കെല്ലാം താല്പര്യം മേല്ജാതിക്കാരനായ തിരുവനന്തപുരത്തെ ടി.ആര്.സുന്ദരം നിര്‍മ്മിച്ച ‘ബാലന്’ സ്ഥാനം നല്‍കാനായിരുന്നുവത്രെ. ഡാനിയേലിനെക്കുറിച്ച് പുച്ഛത്തോടെ മലയാറ്റൂര്‍ സംസാരിക്കുന്നു.
സിനിമയ്ക്കു വേണ്ടി ജീവിച്ച്, എല്ലാം സിനിമയ്ക്കായി സമര്‍പ്പിച്ച ജെ.സി.ഡാനിയേലിന് ഒരു സഹായവും ചെയ്യാന്‍ അന്നത്തെ ഭരണക്കാര്‍ തയ്യാറായില്ല. അവസാനകാലത്ത് തമിഴ്നാട്ടിലെ അഗസ്തീശ്വരത്ത് യാചകസമാനമായ ജീവിതം നയിച്ച ഡാനിയേലിനെ അംഗീകരിക്കാത്തതിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്റെയും സാംസ്കാരിക മന്ത്രിയായിരുന്ന കെ. കരുണാകരന്റേയും സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റേയും ജാതിചിന്തയായിരുന്നുവെന്ന് ‘സെല്ലുലോയ്ഡ്’ സ്ഥാപിക്കുന്നു. സിനിമയിലെ രാമകൃഷ്ണ അയ്യര്‍ എന്ന ഐ.എ.എസ് ഓഫീസര്‍ ചേലങ്ങാട്ട് എന്ന പത്രപ്രവര്‍ത്തകനോട് അത്തരത്തില്‍ പെരുമാറുന്നത് വ്യക്തതയോടെ പ്രേക്ഷകനെ മനസിലാക്കിക്കുന്നു. പിന്നീട് നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ‘വിഗതകുമാരനും’ ജെ.സി.ഡാനിയേലും അംഗീകരിക്കപ്പെട്ടത്.
സെല്ലുലോയ്ഡിലൂടെ ഡാനിയേലിന്റെ ജീവിതത്തിലേക്ക് യാതൊരു മുഖവുരയുമില്ലാതെയാണ് കമല്‍ ചുവടുവയ്ക്കുന്നത്. മുംബൈയിലും ചെന്നൈയിലും പോയി സിനിമയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും പിന്നീട് സിനിമ എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമ്പന്നനായ ജെ.സി.ഡാനിയേലിനെയാണ് സിനിമയുടെ ആദ്യ പകുതിയില്‍ കാണുന്നത്. വിഗതകുമാരന്റെ ചിത്രീകരണവും മറ്റും രസകരമായി പുന:സൃഷ്ടിക്കാന്‍ സംവിധായകനായിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ചേലങ്ങാടിന്റെ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ഭാര്യയ്ക്കൊപ്പം അഗസ്തീശ്വരത്ത് കഴിഞ്ഞിരുന്ന ജെ.സി.ഡാനിയേലിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്. 1968ല്‍ ആദ്യമായി ജെ.സി. ഡാനിയേലിനെ തേടിപ്പോകുന്നതും പിന്നീട് വിഗതകുമാരന് എന്നൊരു ചിത്രം ഉണ്ടായിരുന്നു എന്നും ജെ.സി.ഡാനിയേലാണ് അത് നിര്‍മിച്ചതെന്നും സര്‍ക്കാര്‍ രേഖകളില്‍ വരുത്തുന്നതിനായുള്ള ചേലങ്ങാടിന്റെ ശ്രമങ്ങളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. വിഗതകുമാരനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ഡാനിയേല്‍ ചേലങ്ങാടിനോട് പറയുന്ന രീതിയിലാണ് അവതരണം. ഇതോടൊപ്പം അക്കാലത്ത് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് നടത്തിയ അന്വേഷണത്തില്‍, വിഗതകുമാരനുശേഷം തിരുവിതാംകൂറില്‍ നിര്‍മിച്ച സുന്ദരരാജന്റെ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രവും കടന്നുവരുന്നുണ്ട്.
പ്രിഥ്വിരാജിന്റെ ഡാനിയേലായിട്ടുള്ള നല്ല അഭിനയം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞ ഗാനങ്ങളും നിലവാരം പുലര്‍ത്തുന്നതാണ്. കാലത്തെ പുന:സൃഷ്ടിക്കുന്നതില്‍ വിജയം വരിക്കാനും ചിത്രത്തിനായി. കമല്‍ എന്ന സംവിധായകന്റെ ഏറെനാള്ക്കുശേഷമുള്ള തിരിച്ചുവരവാണ് സെല്ലുലോയിഡില്‍ സംഭവിച്ചിരിക്കുന്നത്. വൈകിയെങ്കിലും മലയാളസിനിമയുടെ പിതാവിനെ സിനിമയിലൂടെ ആദരിക്കുവാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. സര്‍വസമ്പാദ്യങ്ങളും ജീവിതവും സിനിമയ്ക്കായി ത്യജിച്ച ഒരു മനുഷ്യന്റെ ജീവിതമാണ് ഈ സിനിമ. അതിനാല്‍ തന്നെ ഈ ചിത്രം തീയറ്ററില്‍ വിജയിക്കേണ്ടതുണ്ട്.
എന്നാല്‍ ഒഴിവാക്കാമായിരുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ അവസാനം സിനിമയുടെ ഇന്നത്തെ കാലത്തെ കാണിക്കാനായി 2000 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ‘നരസിംഹം’ എന്ന സിനിമയുടെ റിലീസിംഗ് ദിവസത്തെ ആഘോഷം കാണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ന്യൂതിയറ്ററില് മോഹന്‍ലാലിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തുന്നവര്‍. ഫിലിംപെട്ടിയില് പുഷ്പവൃഷ്ടി നടത്തുന്നവര്‍. എല്ലാവരും വലിയ ചുവന്ന പൊട്ടു തൊട്ടവര്‍. എല്ലാവരുടെയും കൈത്തണ്ടയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സൂചിപ്പിക്കുവാന്‍ രാഖി കെട്ടിയവര്‍. അത് പ്രാധാന്യത്തോടെ എടുത്തു കാട്ടുന്നു. സിനിമയില്‍ ഇപ്പോഴും ജാതിയും രാഷ്ട്രീയവും നിലനില്ക്കുന്നു എന്നു പ്രകടിപ്പിക്കാന്‍ സംവിധായകന് ഉപയോഗിച്ച രംഗങ്ങള്‍ വിലകുറഞ്ഞതായിപ്പോയി. ഒരു മമ്മൂട്ടി സിനിമയുടെ റിലീസിംഗ് ദിവസത്തെ ആഘോഷങ്ങള്‍ ഇക്കാലത്തെ സിനിമയെ കാണിക്കാനായി കമല്‍ തെരഞ്ഞെടുത്തതുമില്ലെന്നത് കമലിന്റെ മനോഭാവത്തെയാണ് തുറന്നു കാട്ടുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: