മലപ്പുറം: കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ പയറ്റുന്നത് ദ്വിമുഖതന്ത്രം. കര്‍ണാടക രഹസ്യാന്വേഷണ വിഭാഗം കേരള പോലീസിന് കൈമാറിയ രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. വളരെ വിലപ്പെട്ട വിവരങ്ങള്‍ കര്‍ണാടക എടിഎസ് കേരളത്തിന് കൈമാറിയെങ്കിലും അതെല്ലാം അവഗണിക്കുന്ന നിലപാടാണ് കേരള പോലീസ് കൈക്കൊണ്ടതെന്നും സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. കേരളം ഇടതുപക്ഷങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നും അതുകൊണ്ട് തന്നെ വ്യാപകമായ ആശയപ്രചരണത്തിലൂടെ ബഹുജനപിന്തുണ ആര്ജിക്കാമെന്നും മാവോയിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.
ഇതിനായി തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള ചില സംഘടനകളുമായി മാവോയിസ്റ്റ് നേതൃത്വം ആശയവിനിമയം നടത്തിയത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതുപോലെ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ളത് മാവോയിസ്റ്റുകള്‍ സഹായകരമായിട്ടുണ്ട്. ഇവര്‍ തമ്മില്‍ സംഘടനാ തലത്തില്‍ പരസ്പര ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ആയുധപരിശീലനത്തിലും ഒളിപ്പോരിലും പോലീസ് പിടിയിലാകാതെ രക്ഷപ്പെടാനുമുള്ള ധാരണയാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഛത്തീസ്ഗഢിലും ഒറീസയിലും നടത്തുന്നതുപോലെ ഗറില്ലാ ആക്രമണം കേരളത്തില്‍ വേണ്ടെന്നാണ് പൊതുവായ തീരുമാനം. അട്ടിമറികളും മറ്റും സംഘടിപ്പിക്കുന്നതിലൂടെ സംഘടനയ്ക്കുണ്ടാകുന്ന ആള്‍നാശം കുറയ്ക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇന്ത്യയിലെ നാലാമത്തെ മാവോയിസ്റ്റ് ഗറില്ലാ പ്രവര്‍ത്തനകേന്ദ്രമാണ് പശ്ചിമഘട്ടമലനിരകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ നക്സലൈറ്റ് ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ കിട്ടുന്ന ആശയപരമായ സ്വാധീനവും സഹതാപവും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്. പ്രധാനമായും കര്‍ണാടക-തമിഴ്നാട് വനാതിര്ത്തിക്കുള്ളിലാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളെങ്കിലും പ്രവര്‍ത്തനം കേരളം കേന്ദ്രമാക്കിയാണ് നടത്തുന്നത്. കേരളത്തില്‍ ആശയപ്രചരണത്തിന്റെ ഘട്ടം പിന്നിട്ട് ഇപ്പോള്‍ റിക്രൂട്ട്മെന്റ് ഘട്ടത്തിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തനമെന്നാണ് കര്‍ണാടകം കൈമാറിയ രേഖകളിലുള്ളത്. സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ ആളുകളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടുതരത്തിലാണ് ആളുകളെ റിക്രൂട്ട്ചെയ്യുന്നത്. ഒളിപ്പോരും അട്ടിമറികളും നടത്തുന്ന ചാവേര്‍ സംഘാംഗങ്ങളായും ആശയപ്രചരണത്തിനുള്ള ടീമിലേക്കും. ഇതില്‍ സ്ഥലവാസികളെ പ്രധാനമായും ഉപയോഗപ്പെടുത്തുക ആശയപ്രചരണത്തിനാകും. താരതമ്യേന ഗറില്ലാ ഓപ്പറേഷനുകള്‍ക്ക് ഉപയോഗപ്പെടുത്തുക അന്യസംസ്ഥാനക്കാരെയാകും. സംസ്ഥാനത്ത് വിവിധപ്രദേശങ്ങളിലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പശ്ചിമഘട്ടമലനിരകളില് എവിടെ വേണമെങ്കിലും ‘ഓപ്പറേഷന്’ നടത്താനാകുമെന്നുമാണ് കര്‍ണാടക പോലീസ് കരുതുന്നത്. അതേസമയം അന്വേഷണസംഘത്തെ കബളിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി സൂചനയുണ്ട്. സ്ഥിരമായി ഒരു കേന്ദ്രത്തില്‍ തങ്ങാതെ പലയിടങ്ങളിലായി സഞ്ചരിച്ചും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടും അന്വേഷണ സംഘത്തെ വട്ടംകറക്കുകയാണ് ഒരു രീതി. ആയുധധാരികളായ സംഘാംഗങ്ങള്‍ കൊടുംകാടിനുള്ളില്‍ രഹസ്യകേന്ദ്രങ്ങളില്‍ മാത്രമാണുണ്ടാവുകയെന്ന ധാരണ ശരിയല്ലെന്നും കര്‍ണാടക രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും രൂപത്തില്‍ ജനവാസ കേന്ദ്രങ്ങളിലും ഇവര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത നിലനില്ക്കുന്നുണ്ടത്രെ. ഇത്തരത്തില്‍ കര്‍ണാടക പോലീസ് നല്കിയ വിലപ്പെട്ട വിവരങ്ങള്‍ അവഗണിച്ചതാണ് ഇന്ന് കേരളത്തെ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: