കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ക്ഷേത്രമായ തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തില്‍ കാണിക്കപ്പണം അപഹരിച്ച ജീവനക്കാര്‍ക്ക് എതിരെനടപടി. കാണിക്കപണം ക്ഷേത്രം ഊട്ടുപുരഹാളില് എണ്ണുന്നതിനിടെയാണ് രണ്ട്ജീവനക്കാര് അപഹരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുജീവനക്കാരില്‍ ചിലര്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ദേവസ്വം ജീവനക്കാരായ ആറന്മുള സ്വദേശി അശോകന്, തൃക്കാരിയൂര്‍ സ്വദേശി വേണുവെന്ന് വിളിക്കുന്ന ആനന്ദരാജന്‍ എന്നിവരാണ് പണാപഹരണം നടത്തിയത്. ഇവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി.
ബുധനാഴ്ച ഉച്ചയോടെ ഒരു സ്വകാര്യ ചാനലാണ് പണാപഹരണ ദൃശ്യം പുറത്തുവിട്ടത്. ദൃശ്യം പുറത്തുവിട്ടതിനെതുടര്‍ന്ന് ദേവസ്വം അധികൃതര്‍ പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കുനേരെയും തൃക്കാരിയൂര്‍ അസി.ദേവസ്വം കമ്മീഷണര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ കുറെനാളുകളായി തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക തിരിമറി നടക്കുകയാണ്. രസീതില്‍ കൃത്രിമം കാണിച്ച് ഭക്തജനങ്ങളില്‍ നിന്ന് വന്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന എം.എസ്.സന്തോഷ് മുണ്ടയ്ക്കല്‍, പി.എസ്.സന്തോഷ്, പറപ്പാട്ട് എന്നിവരെയും ഇതിന് കൂട്ടുനില്‍ക്കുന്ന മുഴുവന്‍ ജീവനക്കാരെയും ഉടന്‍ പിരിച്ചുവിടണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഭക്തര്‍ നിരന്തരമായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭണ്ഡാരമോഷണം, ക്ഷേത്രങ്ങളിലെ പാത്രങ്ങളിലുള്ള തിരിമറി, രസീതുകളിലുള്ള തിരിമറി തുടങ്ങിയ വിഷയങ്ങളില്‍ പരാതിപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡില്‍ നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു പരാതിയുടെ വിധിപറയുന്നതിന് ഫെബ്രുവരി 28ന് ഓംബുഡ്സ്മാന് നിശ്ചയിച്ചിരിക്കുകയാണ്. കാണിക്കയില്നിന്നും പണാപഹരണത്തില്‍ പ്രതിഷേധിച്ച് തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേയ്ക്ക് ഹിന്ദുഐക്യവേദി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് എം.പി.അപ്പു ഉദ്ഘാടനം ചെയ്തു. അഡ്വ.രാധാകൃഷ്ണന്, പി.ജി.വിജയന്, നടരാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: