ഇനിയുള്ള മൂന്ന് മാസങ്ങള്‍ പരീക്ഷയുടെ മാസങ്ങളാണ്. ക്ലാസ്സുപരീക്ഷ, മോഡല്‍ പരീക്ഷ, സ്കോളര്‍ഷിപ്പ് പരീക്ഷ, എസ്എസ്എല്‍സി പരീക്ഷ സാക്ഷാല്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ അങ്ങനെ എന്തൊക്കെപ്പരീക്ഷണങ്ങള്! കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ടെന്‍ഷന്‍.
വീട്ടിലെത്തിയാല്‍ ടെന്‍ഷന്‍, സ്കൂളിലെത്തിയാല്‍ ടെന്‍ഷന്‍, ട്യൂഷന് സെന്ററിലെ കാര്യം പറയുകയേ വേണ്ട. മോണിംഗ് ക്ലാസ്, ഈവനിംഗ് ക്ലാസ്, നൈറ്റ് ക്ലാസ്, ഇന്റെന്‍സീവ് കോച്ചിംഗ് ക്ലാസ് (ചില സ്കൂളുകളില്‍ ഐസിയു എന്നുതന്നെയാണ് വിളിക്കാറ്) …. എന്തൊക്കെയോ പുകില്. പാവം നമ്മുടെ വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടം തന്നെ. പരീക്ഷാപ്പേടി മാറ്റാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും മിക്കവാറും എല്ലാ സ്കൂളുകളിലും വിദഗ്ദ്ധരായ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. വിദഗ്ദ്ധരായ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ടെന്നാണ് കേള്‍വി. എന്നാലും നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷയോടുള്ള പേടി തീരെ മാറുന്നില്ല. മക്കളുടെ പഠിപ്പിനെക്കുറിച്ചോര്ത്ത് ബിപി കയറിയ രക്ഷിതാക്കന്മാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം മെച്ചപ്പെട്ട മാര്‍ക്ക് നേടാന്‍ ഇത്രയൊക്കെ ടെന്‍ഷന്‍ വേണോ?
വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ലെന്നാണ് പ്രമാണം. എന്നാലും ചില്ലറ സൂത്രപ്പണികളിലൂടെ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ എന്തെങ്കിലുമൊക്കെ വിദ്യകള്‍ കാണില്ലേ? ഉണ്ടെന്ന് തന്നെയാണ് വാസ്തവം. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പോലുള്ള പരീക്ഷകള്‍ക്ക് ദീര്‍ഘനാളത്തെ തീവ്രപരിശീലനം കൂടിയേ തീരൂ. എന്നാല്‍ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കും സ്കൂളിലെ വാര്‍ഷിക പരീക്ഷകള്‍ക്കും എസ്എസ്എല്‍സി പരീക്ഷയ്ക്കുപോലും ചിട്ടയോടെയുള്ള കുറച്ചുനാളത്തെ പരിശീലനം തന്നെ ധാരാളമാണ്. അതിനാല്‍ ടെന്‍ഷന്‍ കുറച്ച് ശ്രദ്ധയോടെ പഠിക്കാനൊരു ശ്രമം തുടങ്ങിക്കോളൂ.
പരീക്ഷയെ മെരുക്കാന്‍
* പരീക്ഷയെ ഭയപ്പെടാനോ വെറുക്കാനോ പാടില്ല. പരീക്ഷയെ നിസ്സാരമായി കാണുകയുമരുത്.
* നിങ്ങള്‍ക്ക് യോജിച്ച ടൈംടേബിള്‍ സ്വയം തയ്യാറാക്കുക.
* പഠിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം കണ്ടെത്തുക. കാറ്റും വെളിച്ചവും കിട്ടുന്ന, നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ പഠിക്കാനിരിക്കുക.
*സമയനിഷ്ഠത പാലിച്ച് പഠിക്കുക.
* പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചെറിയ സ്റ്റഡി നോട്ടുകള്‍ തയ്യാറാക്കി പിന്നീട് റഫര്‍ ചെയ്യുക.
* ദീര്‍ഘനേരം ഒരു വിഷയം തന്നെ പഠിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* ആവശ്യത്തിനുള്ള ഉറക്കവും വിശ്രമവും കണ്ടെത്തുക.
* അമിതമായി കലോറിയില്ലാത്ത ഭക്ഷണം ശീലിക്കുക. ദ്രവരൂപത്തിലുള്ള ഭക്ഷണം, പഴങ്ങള്‍, ജ്യോൂസ് എന്നിവ ശീലിക്കുക. ധാരാളം വെള്ളം കുടിക്കുക.
* മൊബെയില്‍ ഫോണ്‍/ടിവി/കമ്പ്യൂട്ടര്‍ ഉപയോഗം ഒഴിവാക്കി പഠനത്തില്‍ തന്നെ ശ്രദ്ധിക്കുക.
* സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുന്നത് തല്ക്കാലം ഒഴിവാക്കുക.
* ദീര്‍ഘനേരം പഠിച്ച് കഴിഞ്ഞാല്‍ കുറച്ചുസമയം മെഡിറ്റേഷന്‍/ഈശ്വര പ്രാര്‍ത്ഥന/വ്യായാമം എന്നിവയ്ക്കായി നീക്കിവെക്കുക. പഠനം ആസ്വദിക്കാന്‍ ശ്രമിക്കൂ. പഠിക്കാനുള്ള സ്വന്തം കഴിവില്‍ വിശ്വാസം വേണം. എങ്കിലേ എളുപ്പം പഠിക്കാന്‍ സാധിക്കൂ.
* ഓരോ വിഷയത്തിലും നിങ്ങള്‍ക്ക് നേടാനാകുന്ന ടാര്‍ജറ്റ് മാര്‍ക്ക് നിശ്ചയിക്കുക. അത് നേടാനാവശ്യമായ പരമാവധി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുക.
* ഓരോ പാഠഭാഗവും ഒഴിവാക്കാതെ പഠിക്കുക.
* ഓരോ പാഠഭാഗത്തുനിന്നും പരമാവധി ചോദ്യങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക.
* വിഷമമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ഉപയോഗപ്പെടുത്തുക.
* ശരീരത്തിനും മനസ്സിനേയും ക്ഷീണിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക.
* ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുക.
രക്ഷിതാക്കളോട്
പഠനകാര്യങ്ങളില്‍ കുട്ടികളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാമെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. കുട്ടികളെ വഴക്കുപറഞ്ഞ് ഉള്ള പഠനം കൂടി ഇല്ലാതാക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വഴിവിട്ട് പോകരുത്. കുട്ടികളോട് സൗഹൃദത്തോടെ സംസാരിച്ച് അവര്‍ക്കുള്ള പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഉയര്‍ന്ന മാര്‍ക്ക് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സമാധാനപൂര്‍വം സംസാരിച്ച് ബോധ്യപ്പെടുത്തുക. കുട്ടികളെ ശകാരിക്കുന്നതിലൂടെ അവരുടെ മാനസിക പിരിമുറുക്കം കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് അവരുടെ പഠനകാര്യത്തിലുള്ള ഉത്കണ്ഠ അവരെ ബോധ്യപ്പെടുത്തിയാല്‍ ത്തന്നെ ധാരാളമായി.
കുട്ടികള്‍ പഠിക്കാനിരുന്നാല് അവര്‍ക്കൊപ്പമിരുന്ന് പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതായി അവരെ ബോധ്യപ്പെടുത്തണം. ശകാരമല്ല പ്രോത്സാഹനമാണ് കുട്ടികള്‍ക്കാവശ്യം. അവരുടെ ശ്രമങ്ങളെ അംഗീകരിക്കാനും പുകഴ്ത്താനും മടി കാണിക്കരുത്. രാവിലെ വിളിച്ചുണര്‍ത്തി ഒരു കപ്പ് ചൂടു കാപ്പി നല്കി അവരുടെ സമീപത്ത് തന്നെ ഇരുന്ന് നോക്കൂ. പരീക്ഷകഴിയുന്നതുവരെ ടിവിയും കമ്പ്യൂട്ടറും മറ്റും നിങ്ങളും ഒഴിവാക്കൂ. അവരുടെ പഠനത്തിനായി നിങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചതായി കുട്ടികളെ ബോധ്യപ്പെടുത്തണം.
വീട്ടില്‍ മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാന്‍ ഓരോ രക്ഷിതാവിനും ബാധ്യതയുണ്ട്. പഠിക്കാത്തതിന് അവരെ കുറ്റപ്പെടുത്തും മുമ്പ് പഠിക്കാനുള്ള അന്തരീക്ഷം വീടിനകത്തുണ്ടോ എന്ന് നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടണം. അധ്യാപകരും രക്ഷിതാക്കളും ഉണര്‍ന്നാല്‍ കുട്ടികളും ഉണരും. വരൂ നമ്മുടെ കുട്ടികളെ ഉണര്‍ത്തി നമുക്ക് പഠിപ്പിക്കാം. അവര്‍ ഉത്സാഹത്തോടെ പരീക്ഷയെഴുതട്ടെ.
രാജേഷ് വാര്യര്‍, പൂമംഗലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: