കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വികസനത്തിന്റെ പേരില്‍ ലഭിക്കുന്ന കേന്ദ്ര ഫണ്ട് ദൈനംദിന ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. ധനദുര്വിനിയോഗത്തിെന്റ ദൃഷ്ടാന്തമായി കേരളം മാറുകയാണ്. കുതിച്ചുയരുന്ന കടം, വര്‍ധിച്ചുവരുന്ന ചെലവുകള്‍, പലിശ ബാധ്യത മുതലായവയാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. മൊത്തം ചെലവിന്റെ അഞ്ചിലൊന്ന് കടം വാങ്ങി ചെലവഴിച്ച് ആളോഹരികടത്തില് ഒന്നാംസ്ഥാനത്തേക്ക് കേരളം കുതിക്കുകയാണ്. കേരളത്തിന്റെ പൊതുകടം ഒരുലക്ഷം കോടി രൂപയായപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. കേരളത്തിന്റെ ഏറ്റവും വലിയ ചെലവ് ജീവനക്കാരുടെ ശമ്പളമാണ്. അതിന് പുറമെയാണ് സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളുടെ ഗ്രാന്റ്, പെന്ഷന്, പലിശ മുതലായവ. അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയും വിദ്യാഭ്യാസ മേഖലയിലാണ്. 1,41,362 പേര് സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലാണ്. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ടീച്ചിംഗ് ഗ്രാന്റ് ശമ്പളം, പെന്ഷന് മുതലായവയില്‍ക്കൂടി സാമ്പത്തികബാധ്യത കൂട്ടുന്നത്.
2011-12 സാമ്പത്തികവര്‍ഷം സര്‍ക്കാരിന്റെ ചെലവ് 49897 കോടി രൂപയില്‍ 62 ശതമാനവും ശമ്പളം, പെന്ഷന് പലിശ എന്നിവക്കാണ് ചെലവായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 145 ശതമാനവും പെന്‍ഷനില്‍ 165 ശതമാനവും പലിശയില്‍ 50 ശതമാനവും വര്‍ധിച്ചു.
സര്‍ക്കാര്‍ ഇപ്പോള്‍ പങ്കാളിത്ത പെന്ഷന് നടപ്പാക്കിയെങ്കിലും ഫലം കാണാന്‍ സമയമെടുക്കും. 1990 ല്‍ പൊതുകടം 4717 കോടി രൂപയായിരുന്നെങ്കില്‍ 2011-12 ല്‍ ഒരുലക്ഷം കോടിയായി. പൊതുകട വര്‍ധന സമ്പദ്ഘടന തകര്‍ക്കുമെന്നും രാജ്യാന്തര പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജിഡിപിയുടെ 27.33 ശതമാനമായിരുന്നു പൊതുകടം. ഡീസല്‍വില വര്‍ധന കെഎസ്ആര്‍ടിസിയെ നിശ്ചലമാക്കുമെന്ന പ്രവചനം വരുമ്പോഴും കെഎസ്ഇബിയും കാര്‍ഷിക സര്‍വകലാശാലയും എല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്‍ഷിക സര്‍വകലാശാല തങ്ങളുടെ കൈവശമുള്ള 30 ഏക്കര്‍ സ്ഥലം വില്ക്കാന് തയ്യാറാകുന്നത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാനാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രതിസന്ധി കാരണം അതിനെ സ്വകാര്യവല്ക്കരിക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിക്കഴിഞ്ഞു.
കുത്തഴിഞ്ഞ ഭരണസംവിധാനവും പെരുകുന്ന രാഷ്ട്രീയ-സാമൂഹിക അഴിമതിയുമാണ് ധനപ്രതിസന്ധിക്ക് കാരണം എന്ന് വിദഗ്ധര്‍ പറയുന്നു. ഇത് തടയാന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം വ്യാപകമാക്കുകയും നികുതിചോര്‍ച്ച തടയുകയും ബ്യൂറോക്രസിയുടെ ക്യാഷ് നെക്സസ് തകര്‍ക്കുകയും വേണം. കേരളത്തിന്റെ ഒരു പ്രമുഖ വരുമാനം ബിവറേജസ് കോര്‍പ്പറേഷനില്‍ക്കൂടി ലഭിക്കുന്ന മദ്യവില്‍പ്പനയിലൂടെയാണ്. പക്ഷെ വ്യാജമദ്യ വില്‍പ്പന നിര്‍ബാധം തുടരുന്നത് ഈ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. മറ്റൊരു പ്രധാന വരുമാനചോര്‍ച്ച രാഷ്ട്രീയക്കാര്‍ മൂലമാണ്. കോര്‍പ്പറേഷനുകള്‍, ബോര്‍ഡ്, കമ്പനികള്‍, കൂട്ടുടമ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ 4,206.43 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. പക്ഷെ ഇവിടെനിന്നുള്ള ശരാശരി വരുമാനം ഒരു ശതമാനമാണ്. കൂടാതെ സര്‍ക്കാര്‍ എടുത്ത വായ്പകളില്‍ പലിശയും നല്‍കേണ്ടിവരുന്നു. സംസ്ഥാനത്തെ നികുതി, നികുതിയേതര വരുമാനം 300 ശതമാനം വര്‍ധിപ്പിക്കാനാകും. പക്ഷെ സര്‍ക്കാര്‍ തലത്തിലുള്ള ധൂര്‍ത്തും ആര്‍ഭാടവും കുറയ്ക്കാന്‍ മന്ത്രിമാര്‍തന്നെ തയ്യാറാകണം. കേരളത്തില്‍ കടുത്ത വൈദ്യുതിപ്രതിസന്ധി നിലനില്‍ക്കെ മുഖ്യമന്ത്രിതന്നെയാണ് ഏറ്റവും അധികം വൈദ്യുതി ദുരുപയോഗം ചെയ്തത് എന്നത് വാര്‍ത്തായിരുന്നല്ലോ.
മന്ത്രിമാരെ കുറയ്ക്കുക, പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുക മുതലായവ ചെയ്ത് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ താല്പര്യവും പ്രതിബദ്ധതയും പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് പ്രതിവര്‍ഷം 250 ടണ്‍ സ്വര്‍ണം വില്ക്കപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ 71,625 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ അഞ്ച് ശതമാനം നികുതി ഇനിമേല്‍ പിരിക്കുകയാണെങ്കില്‍ 3581 കോടി രൂപ മാത്രമാണ് പിരിക്കുന്നത്. ഈ വിഷയം യാഥാര്‍ത്ഥ്യബോധത്തോടെയും ഇച്ഛാശക്തിയോടെയും കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പെരുകുന്ന കടങ്ങളും മോശമാകുന്ന സാമ്പത്തിക സ്ഥിതിയും സംസ്ഥാനത്തിന്റെ വായ്പായോഗ്യത പോലും നഷ്ടപ്പെട്ടേക്കാം. കടം ലഭ്യമല്ലാതായാല്‍ ശമ്പളം നല്‍കാനാകാത്ത സ്ഥിതിയുണ്ടാകും. കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികളെ ചെറുക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി തകരാറിലാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്താനും ഒരു ഭരണകക്ഷിയുടെ അഞ്ച് കൊല്ല ഭരണത്തിനപ്പുറം നിലനില്‍ക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: