ന്യൂദല്‍ഹി: പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് കിങ്ങ്ഫിഷറിനോട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. 390 കോടിയിലധികം രൂപയാണ് കിങ്ങ്ഫിഷര്‍ നല്‍കാനുള്ളത്. ഈ നിര്‍ദ്ദേശം കിങ്ങ്ഫിഷറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 390 കോടിയില്‍ അധികം കുടിശ്ശികയാണ് കടക്കെണിയിലായ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്കാനുള്ളതെന്നും കുടിശ്ശിക അടച്ചുതീര്‍ക്കാമെന്ന ഉറപ്പ് നല്‍കിയിട്ടും പലതവണ അത് പാലിച്ചില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് വി.പി.അഗര്‍വാള്‍ പറയുന്നു.
കുടിശ്ശിക ഭാഗീകമായി അടച്ച് തീര്‍ക്കാന്‍ കിങ്ങ്ഫിഷര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 117 കോടിയുടെ ചെക്ക് കിങ്ങ്ഫിഷര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പണമാക്കി മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും അഗര്‍വാള്‍ അറിയിച്ചു. ബാക്കി തുക നല്‍കുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെക്കുകള്‍ ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ ബൗണ്‍സായതായും നിയമ പ്രശ്നം നിലനില്‍ക്കുന്നതായും അഗര്‍വാള്‍ വ്യക്തമാക്കി.
ഇതിനോടകം തന്നെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നിരവധി വിമാനങ്ങള്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോ സര്‍വീസ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റോ പിടിച്ചെടുത്തിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നല്‍കാനുള്ള കുടിശ്ശികയ്ക്ക് പുറമെ വിവിധ ബാങ്കുകള്‍ക്ക് 7,000 കോടി രൂപയാണ് വായ്പ ഇനത്തില്‍ നല്‍കാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,600 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കിന് 800 കോടി രൂപയും ഐഡിബിഐയ്ക്ക് 800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 650 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 550 കോടി രൂപയുമാണ് കിങ്ങ്ഫിഷര്‍ നല്‍കാനുള്ളത്. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മൊത്തം കടം 15,000 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുന്ന എയര്‍ലൈന്‍സിന്റെ ലൈസന്‍സ് കാലാവധി 2012 ഡിസംബര്‍ 31 നാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: