ന്യൂദല്‍ഹി: വന്‍കിട ഊര്‍ജ പദ്ധതികള്‍ക്ക് വേണ്ടിയുള്ള പുതിയ ലേല മാനദണ്ഡങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്ന് ഊര്‍ജ്ജ മന്ത്രാലയം. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ, പൊതുമേഖല കമ്പനികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയെന്നും വൈദ്യുതി മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ടാറ്റ ചെയര്മാന് സൈറസ് മിസ്ത്രി, റിലയന്‍സിന്റെ അനില്‍ അംബാനി, ജിഎംആര്‍ ഗ്രൂപ്പ് മേധാവി ജി.എം.റാവു, കൂടാതെ ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ഛന്ദ കൊച്ചാര്‍ എന്നിവരാണ്് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത 15 ദിവസത്തിന് ശേഷം കൂടുതല്‍ അവലോകനത്താനായി വീണ്ടും യോഗം ചേരുമെന്നും സിന്ധ്യ വ്യക്തമാക്കി. സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ്സ്, ഇന്ധന ക്ഷാമം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ്സ് മന്ത്രിസഭാ ഉപസമിതി മുമ്പാകെ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപദേശക സമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.
പുതിയ ലേല പ്രമാണങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ടെന്നാണ് നേരത്തെ ജോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നത്.
പുതിയ സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ്സ് പ്രാബല്യത്തില്‍ വരുന്നതോടെ ഒഡീസ, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 4,000 മെഗാവാട്ട് അള്‍ട്രാ മെഗാ പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം വേഗത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: