ലണ്ടന്‍: ശ്രീലങ്കയിലെ തമിഴ്പുലികള്ക്കെതിരേ നടന്ന യുദ്ധത്തിലെ അറിയാപ്പുറങ്ങള്‍ പുറത്തുവരുമ്പോള്‍ തെളിയുന്നത് ലങ്കന്‍ സൈന്യത്തിന്റെ നിഷ്ഠുരതകള്‍. പുലത്തലവന് വേലുപ്പിള്ള പ്രഭാകരന്റെ മകന് ബാലചന്ദ്രന് പ്രഭാകരനെന്ന 12 വയസുകാരനെ സായുധ സൈനികര്‍ അതി മൃഗീയമായി കൊലചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കെ അന്താരാഷ്ട്ര സമൂഹം ഞെട്ടിയിരിക്കുകയാണ്.
ഇന്‍ഡിപ്പെന്റന്റ് പത്രത്തില്‍ വന്ന ചിത്രങ്ങളില്‍ ഒന്നില്‍ ഈ കുട്ടി ലങ്കന്‍ സൈനികര്‍ക്കിടയില്‍ ഒരു ബങ്കറില്‍ ജീവനോടെ ഇരിക്കുന്നതു കാണാം. എന്നാല്‍ ഏതാനും സമയം കഴിഞ്ഞെടുത്തതെന്നു കരുതുന്ന ചിത്രത്തില്‍ കൊല്ലപ്പെട്ടു കിടക്കുന്ന കുട്ടിയെയാണു കാണുന്നത്. കുട്ടിയുടെ നെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറിയ ആഴത്തിലുള്ള മുറിവുകള്‍ കാണാം.
ചിത്രങ്ങള്‍ 2009 മെയ് മാസമെടുത്തവയാണ്. ഈ സമയത്താണ് എല്‍ടിടിഇക്കെതിരേ ശ്രീലങ്കന്‍ സൈന്യം നടത്തിയ പോരാട്ടം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നത്. പതിറ്റാണ്ടു നീണ്ട രക്ത രൂഷിത യുദ്ധത്തില്‍ ലങ്കന്‍ സേന ഏതാണ്ട് 70,000 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭാകരന്റെ മകന് കൊല്ലപ്പെട്ടത് സൈന്യവുമായുള്ള നേരിട്ടുള്ള പോരാട്ടത്തിലാണെന്നാണ് പുറം ലോകം കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത് ലങ്കന്‍ സൈന്യത്തിന്റെ യുദ്ധ ക്രൂരതകളാണ്.
നോ ഫയര്‍ സോണ്‍ എന്നു പേരുള്ള ഒരു ഡോക്യുമെന്ററി ചിത്രത്തിലാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍.
മാര്‍ച്ചില്‍ നടക്കുന്ന യുഎം ഋയൂമന് റൈറ്റ്സ് കൗണ്‍സിലിന്റെ ഭാഗമായ ജെയിനെവയിലെ ഹ്യൂമന്‍ റൈറ്റ്സ് ഫിലം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. പ്രഭാകരന്റെ മകനെ ജീവനോടെ പിടിച്ച് പിന്നീടു കൊലചെയ്ത ഈ ചിത്രം ലങ്കന്‍ സര്‍ക്കാരിനെതിരേയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപത്രമായി മാറിയേക്കാം.
ഈ ഡോക്യൂമെന്ററിയുടെ നിര്‍മ്മാണത്തിനു വേണ്ടി ചിത്രങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞത് കുട്ടിയുടെ നെഞ്ചില്‍ അഞ്ചുവട്ടം നിറയൊഴിച്ചിട്ടുണ്ടെന്നാണ്. അതുകൂടാതെ മുറിവിലെ അടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ വെടിയുതിര്‍ത്തത് തോക്ക് നെഞ്ചോടു ചേര്ത്തുവെച്ചാണെന്നും വ്യക്തമാകുന്നുണ്ട്.
കല്ലും മാക്രേയാണ് ചിത്രത്തിന്റെ സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: