പാലക്കാട്: ക്ഷേത്രസ്വത്ത് വില്‍പ്പനയിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥന് അതേ ക്ഷേത്രത്തില്‍ പ്രധാന പദവിക്കായി ചരടുവലി നടത്തുന്നു. കൊല്ലങ്കോട് കാച്ചാംകുറിശി ക്ഷേത്രത്തിലെ ചെമ്പുപാത്രങ്ങള്‍ അടക്കമുള്ളവ വില്‍ക്കുകയും ട്രസ്റ്റി, ചെയര്മാന് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്ത മലബാര്‍ ദേവസ്വംബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് വീണ്ടും അവിടേക്കുള്ള നിയമനത്തിനായി ശ്രമമാരംഭിച്ചിട്ടുള്ളത്.
ഇടതുഭരണകാലത്ത് മലബാറിലെ ഒരു പ്രധാനക്ഷേത്രത്തില്‍ ഉദ്യോഗസ്ഥനായി പോവുകയും യു.ഡി.എഫ് ഭരണത്തില്‍ കോഴിക്കോട് എംപിയെ സ്വാധീനിച്ച് പാലക്കാട്ടേക്ക് വരികയും തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറെ നോക്കുകുത്തിയാക്കി ഭരണനിയന്ത്രണം ഏറ്റെടുക്കുകയുമാണ് ഇയാള്‍. പാലക്കാട് ഓഫീസിലെ വിവരാവകാശ കമ്മീഷന്റെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ട്. ഇതുവഴി പല വിവരങ്ങളും പുറത്തുവിടുകയും ചെയ്യുന്നതായി ആരോപണമുണ്ട്. ഇദ്ദേഹം മുമ്പ് ഒറ്റപ്പാലം ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ അവിടെനിന്നും വിടുതല്‍ ലഭിക്കേണ്ട സമയമായപ്പോള്‍ ഇടതുപക്ഷത്തെ എംഎല്‍എയെ സ്വാധീനിക്കുകയും ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. സമാനമായ സ്ഥിതി മണ്ണാര്‍ക്കാടും ഉണ്ടായിരുന്നു.
നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കുവാനാണ് ഇയാള്‍ക്ക് വ്യഗ്രത. വടക്കന്തറ ഭഗവതി ക്ഷേത്രത്തില്‍ സ്ഥിര എക്സിക്യൂട്ടീവ് ഓഫീസര്‍ ഇല്ലെന്നിരിക്കെ അവിടുത്തെ ഭരണം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന ഇപ്പോഴത്തെ കമ്മിറ്റിയെ പിരിച്ചുവിടാനാണ് ഇദ്ദേഹം കമ്മീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ കമ്മീഷണറാവട്ടെ ഇദ്ദേഹം പറയുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഒരുകാലത്ത് ഇവിടെ നടപ്പിലായിരുന്ന മേധാവിത്വം വീണ്ടും തഴച്ചുവളരുന്നതായി ആരോപണമുയരുന്നു. കെ.രവികുമാര്‍ കമ്മീഷണറായിരിക്കെ നല്ലരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡിലുണ്ടായിരുന്നത്. ഈ സംഘം അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ആലത്തൂര്‍ പുതുക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ 70 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോള്‍ അതിനെ തുരങ്കംവെക്കാന്‍ ശ്രമിച്ച അന്നത്തെ അസി. കമ്മീഷണറെക്കൊണ്ടാണ് ഇപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് ഏരിയ കമ്മറ്റി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. അവരുടെ ഒരു ബന്ധുവിന് ജോലി നല്കിയതിനുള്ള പ്രത്യുപകാരമായിട്ടാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ഭക്തജനങ്ങള്‍ പറയുന്നു. പാലക്കാട്ട് അസി. കമ്മീഷണര്‍ ഉണ്ടായിരിക്കെ തലശ്ശേരിയില്‍നിന്ന് ഇതേ പദവിയിലുള്ള മറ്റൊരാളെ കൊണ്ടുവരേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. ഇക്കഴിഞ്ഞ 12നാണ് ഊട്ടുപുരയുടെ ഉദ്ഘാടനം നടന്നത്. താന്‍ താമസിയാതെ ഡപ്യൂട്ടി കമ്മീഷണര്‍ പദവിയിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് പലരേയും ചൊല്പ്പടിയില് നിര്‍ത്തുന്നതെന്നും പറയുന്നു.
ദേവസ്വംബോര്‍ഡ് ഇല്ലാത്തതിനാല്‍ വടക്കന്തറ ഭഗവതിക്ഷേത്രത്തിലെ ഒന്നരക്കോടിയോളം രൂപ ചെലവുവരുന്ന നിര്‍മാണപ്രവര്‍ത്തനം സ്തംഭനത്തിലാണ്. അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പാതിവഴിയിലെത്തിയിരിക്കയാണ്. ഇനി മുന്നോട്ടുപോകാന്‍ സാമ്പത്തികശേഷി അനുവദിക്കുന്നില്ലെന്ന് പറയുന്നു. ഇതേ അവസ്ഥയാണ് ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ഭഗവതിക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിനും. മുളയങ്കാവ് ഭഗവതിക്ഷേത്രത്തിലെ തൂണുകളും സ്മാരകങ്ങളായി നില്‍ക്കുകയാണ്. ചുരുക്കത്തില്‍ യു.ഡി.എഫ്. ഭരണത്തില്‍ ദേവസ്വംബോര്‍ഡ് പുനഃസംഘടന നടക്കാത്തതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നുവെന്നുമാത്രമല്ല ഉദ്യോഗസ്ഥലോബി പിടിമുറുക്കുകയും ചെയ്യുന്നു.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: