കൊച്ചിയുടെ ബോട്ട്ജെട്ടി റോഡ് ഹരിതാഭമാക്കിയത് കൊച്ചി കോര്പ്പറേഷന് മേയറായിരുന്ന ജസ്റ്റിസ് ജാനകിയമ്മയാണ്. ഇന്ന് മരങ്ങള്‍ ഹരിതചാമരം ഒരുക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നവരുടെ കണ്ണിനും ശരീരത്തിനും ഹൃദയത്തിനും കുളിര്‍മയേകി പടര്‍ന്നു പന്തലിച്ച് നില്ക്കുന്ന വൃക്ഷങ്ങളെ കാണുമ്പോള്‍ ഞങ്ങളുടെ തലമുറ ജാനകിയമ്മയെ നന്ദിപൂര്‍വം സ്മരിക്കുന്നു.
അതുപോലെ കലൂര്‍-കടവന്ത്ര പാലം മുതല്‍ കലൂര്‍ ജംഗ്ഷന് വരെ കൊന്നത്തൈകള്‍ വച്ചുപിടിപ്പിച്ചത് അന്ന് മേയറായിരുന്ന ഇപ്പോള്‍ എംഎല്‍എയായ ദിനേശ്മണിയാണ്. അന്ന് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇപ്പോള്‍ ‘ഹിന്ദു’വിലുള്ള കെ.എം. സുധിയും അദ്ദേഹത്തോടൊപ്പം കൊന്നത്തൈ നട്ടതും ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ ഇത് ഓര്‍ക്കാന്‍ കാരണം ഇന്ന് ആ കൊന്നമരങ്ങള്‍ സ്വര്‍ണാഭ പരത്തി പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടതിനാലാണ്. പണ്ടെല്ലാം കൊന്നമരങ്ങള്‍ പൂത്തിരുന്ന മീനം-മേടം മാസങ്ങളിലായിരുന്നെങ്കില്‍ ഇന്ന് കൊന്നമരങ്ങള്‍ കുംഭമാസാവസാനം മുതല്‍ പൂത്തുതുടങ്ങി. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷത്തില്‍ ചൂടുകൂടിയതും ഭൂഗര്‍ഭജലം ചൂടായതുമാണ് അകാലത്തില്‍ കൊന്ന പൂക്കാന്‍ കാരണമായി പരിസ്ഥിതിവാദികള്‍ പറയുന്നത്.
പണ്ട് കുട്ടികള്‍ മധ്യവേനലവധിക്കാലത്ത് ഏറ്റവും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും കാത്തിരുന്നത് വിഷുദിവസത്തിനാണ്. വിഷുകൈനീട്ടത്തിനേക്കാള്, മാലപ്പടക്കം പൊട്ടിക്കലിനേക്കാള്‍ ഇൗ കൊന്നപ്പൂക്കള്‍ പറിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ആനന്ദമേകിയിരുന്നു. അന്ന് ദീവാളിക്ക് പ്രധാനം എണ്ണതേച്ചു കുളിക്കലും സമൃദ്ധമായി ഇഡലിയും പലഹാരങ്ങളും കഴിക്കലായിരുന്നു; പടക്കം പൊട്ടിക്കലോ ദീപം കൊളുത്തലോ ആയിരുന്നില്ല. മലയാളികള്‍ കാര്‍ത്തികദീപമാണ് തെളിയിക്കുന്നത്.
വിഷുവിന് കണി ഒരുക്കുക എന്നത് ആവേശം തരുന്ന ഒരു ചടങ്ങായിരുന്നു. അന്ന് വെങ്ങോല ഗ്രാമത്തില്‍ എല്ലാവര്ക്കും എല്ലാ വീടുകളെയും അറിയാം. എവിടെയെല്ലാം കൊന്നപൂവുണ്ടെന്നും കണ്ണില്‍ രോഗം വന്നാല്‍ നന്ത്യാര്‍വട്ടപ്പൂവും മുലപ്പാലും കണ്ണിലൊഴിക്കുക പതിവായിരുന്നു. ഇതും എവിടെ ലഭ്യമാണ് എന്ന് എല്ലാവര്‍ക്കുമറിയാം.
അന്ന് എന്റെ വീട്ടില്‍ കൊന്നമരം ഉണ്ടായിരുന്നു. പക്ഷെ അത് സുഗതകുമാരി ഒരു കവിതയില്‍ എഴുതിയപോലെ കള്ളികൊന്നയായിരുന്നു. വിഷുവിന് മുമ്പുതന്നെയോ അല്ലെങ്കില്‍ വിഷുവിന് ശേഷമോ പൂക്കും. ഞങ്ങള്‍ കുട്ടികള്‍ അന്ന് കൊന്നപ്പൂവിന് ആശ്രയിച്ചിരുന്നത് വട്ടയ്ക്കാട്ടെ ഇട്ടിപ്പിള്ളയുടെ പറമ്പിലെ കൊന്നമരത്തെയായിരുന്നു. ഞാനും എന്റെ കസിന്സും ഉച്ചതിരിഞ്ഞാല്‍ കൊട്ടയുമായി വട്ടയ്ക്കാട്ട് പോയി കൊന്നപ്പൂ പറിച്ചോട്ടെ എന്ന് അനുവാദം വാങ്ങി പൂപറിച്ച് പോരുമായിരുന്നു. കുറച്ചുനാള്‍ പട്ടാളത്തില്‍ വടക്കേയിന്ത്യയില്‍ ജോലിനോക്കിയ ഇട്ടിപ്പിള്ള തന്റെ മകള്‍ക്ക് ഹിന്ദി വാക്കുകളാണ് പേരുകളായി നല്‍കിയിരുന്നത്. മോനിട്ട പേര് ലഡ്കാ. മോളുടെ പേര് പാനി. അടുത്തയിടെ കുടുംബശ്രീ 1400 പുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നല്ലോ. അന്ന് ഒരു പുസ്തകം ഏറ്റുവാങ്ങാന്‍ ഞാന്‍ വെങ്ങോല പോയപ്പോ ‘പാനി’ എന്റെ കൈപിടിച്ച് സ്വയം പരിചയപ്പെടുത്തി പറഞ്ഞു, ഞാന്‍ ഇട്ടിപ്പിള്ളയുടെ മകള്‍ പാനിയാണെന്ന്!
ഈ കുംഭമാസത്തില്‍ പൂത്തത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നും കാലാവസ്ഥാ വ്യതിയാനം മനുഷ്യസൃഷ്ടിയാണെന്നും വ്യാപകമായ വനം നശീകരണവും പാടം, തണ്ണീര്‍ത്തടങ്ങള്‍ മുതലായവ നികത്തി ഭൂഗര്‍ഭജലം അപ്രത്യക്ഷമായെന്നും നമുക്കറിയാം. പക്ഷെ ആഗോള സംസ്കാരത്തിന്റെ അധിനിവേശത്തില്‍, അഭിനിവേശത്തില്‍ എപ്രകാരം വികാരരഹിതനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജനങ്ങളെ പീഡിപ്പിക്കുന്നുവോ, അതേ വ്യഗ്രതയോടെ ഇന്ന് നമ്മള് വയലുകളും സ്രോതസുകളും ബഹുനില കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ഉയര്‍ത്തി പരിസ്ഥിതിയെ നശിപ്പിക്കുന്നു.
പെരുമ്പാവൂരില്‍ വികസനത്തിന്റെ പേരില്‍ അനുവദിച്ച പ്ലൈവുഡ് ഫാക്ടറികള്‍ ജനജീവിതം ദുഃസഹമാക്കി വര്‍ഗീസ് പുല്ലുവഴിയെ നിരാഹാരസമരത്തിലേക്കെത്തിച്ചു. അതേപോലെതന്നെ ഭൂമാഫിയ വനംകയ്യേറുകയും മണല്‍മാഫിയ മണല്‍ വാരി നദികളെ നശിപ്പിച്ച് കുടിവെള്ളക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നു. മലയാളികള്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യസൂചികാ വികസനത്തിലും മുന്നിലാണെങ്കിലും പ്രകൃതിദ്രോഹികളാണ്. ടൂറിസം കേരളത്തില്‍ വികസിച്ചത് ഇവിടത്തെ പ്രകൃതിരമണീയതയാലാണ്. ഇപ്പോള്‍ പൊന്മുട്ട ഇടുന്ന താറാവിനെക്കൊന്ന് നാം പ്രകൃതിയെ നശിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം വരുത്തി വിനോദസഞ്ചാര മേഖലയെയും നശിപ്പിക്കുകയാണ്.
ഇപ്പോഴത്തെ വനം മന്ത്രി ഗണേഷ് കുമാര്‍ വനസംരക്ഷണത്തില്‍ ജാഗരൂകനായതാണ് അദ്ദേഹത്തിന്റെ പിതാവിന്റെ രോഷത്തിനിരയാക്കിയത്. ലോകത്തിലെ എല്ലാ പിതാക്കന്മാരും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ പിണറായി, അച്യുതാനന്ദന് വരെ ആഗ്രഹിക്കുന്നത് സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണെങ്കില് കൊട്ടാരക്കര പെരുന്തച്ചന് ആഗ്രഹിക്കുന്നത് തന്റെ മകന്റെ ഭാവി എങ്ങനെ നശിപ്പിക്കാമെന്നാണ്. മകന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാന്‍ നടത്തുന്ന തീവ്രശ്രമങ്ങള്ക്കെല്ലാം സ്വന്തം പാര്‍ട്ടിയും കൂട്ടുനില്‍ക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും പറയുന്നത് ഗണേഷ് കുമാര്‍ നല്ല മന്ത്രിയാണെന്നാണ്. നെല്ലിയാംപതി വിഷയത്തില്‍ ഗണേഷ് കുമാറിനും ഹരിത എംഎല്‍എമാര്‍ക്കും എതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി കര്‍ഷക രക്ഷകനെന്ന നാട്യത്തില്‍ ഭൂമാഫിയ പ്രതിനിധി പി.സി.ജോര്‍ജും പിള്ള ഭാഗത്താണ്. ശത്രുവിനെ ഒതുക്കാന്‍ ശത്രുസംഹാര പൂജ നടത്താറുണ്ട്. ഇപ്പോള്‍ പുത്രനെ നശിപ്പിക്കാന്‍ ഒരച്ഛന് പുത്രസംഹാരഹോമം നടത്തുമോ എന്ന് കാത്തിരിക്കാം.
ഇപ്പോള്‍ എല്ലാവരും “ധനം സര്‍വ ധനാല്‍ പ്രധാനം” എന്ന തരത്തിലേക്കെത്തിനില്ക്കുമ്പോള് പണസമ്പാദനത്തിനുവേണ്ടി ഭൂമിയെ കുരുതി കൊടുക്കുമ്പോള്‍ കേരളം അന്ന് അപ്രത്യക്ഷമാകുമെന്ന് നമുക്ക് കാത്തിരിക്കാം. പരശുരാമന് മഴു എറിഞ്ഞു നേടിയ കേരളം കടലിലേയ്ക്ക് മറയുകയോ, മറ്റൊരു മരുഭൂമിയാകുമോ?
ഈ പരിസ്ഥിതി നാശത്തിന് ചുക്കാന്‍ പിടിയ്ക്കുന്നതില്‍ രാഷ്ട്രീയ മാഫിയയും ഉള്‍പ്പെടുന്നു. അടുത്തിടെ ഒരു മാധ്യമ സുഹൃത്ത് എന്നോട് പറഞ്ഞത് കേരളത്തില്‍ എല്ലാ എംഎല്‍എമാര്‍ക്കും സ്വന്തമായി ക്വാറി ഉണ്ടെന്നാണ്. ഏറ്റവും വികസിയ്ക്കുന്നത് ഫ്ലാറ്റ് സംസ്ക്കാരമാകുമ്പോള്‍ ക്വാറികള്‍ നല്ല മുതല്‍മുടക്കാണ്. പാറമടകള്‍ ഇന്ന് സര്‍വ സാധാരണമാണ്. എന്റെ പാവം വെങ്ങോലയിലെ കുട്ടികള്‍ പൂപറിച്ച് നടന്നിരുന്ന മലകളിലെല്ലാം ഇന്ന് ക്വാറികളായി, മണ്ണുനീക്കി നിരപ്പായ സ്ഥലങ്ങളായി.
ഇപ്പോള്‍ അനധികൃത പാറമടകള്‍ ഇടുക്കി അണക്കെട്ടിനെ ഗുരുതരമായി ബാധിയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നു. കയ്യേറ്റവും അനധികൃത നിര്‍മാണത്തിന് വേണ്ടി അണക്കെട്ടില്‍ നിന്നുള്ള വ്യാപകമായ മണല്‍വാരലും അണക്കെട്ടിനോട് ചേര്‍ന്നുള്ള ക്വാറി പ്രവര്‍ത്തനവും ജലസംഭരണികളുടെ ബലക്ഷയത്തിന് കാരണമാകുന്നു. പണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന് വ്യാജഭീതി ഉയര്‍ത്തിയാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞത്. ഇന്ന് വൈദ്യുതി ക്ഷാമ ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നു. ഇപ്പോള്‍ ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്നുള്ള അനധികൃത പാറമട അണക്കെട്ടിനെ ബാധിക്കുന്നു എന്ന് കണ്ടെത്തിയത് അണക്കെട്ടുകളുടെ സുരക്ഷയെ കുറിച്ച് പഠിച്ച സമിതിയാണ്. ജനജീവിതം അപകടത്തിലാണെന്ന റിപ്പോര്‍ട്ട് കൊടുക്കുന്നത് പക്ഷെ പാറമടകള്‍ സ്വന്തമായുള്ള എംഎല്‍എമാരടങ്ങുന്ന സര്‍ക്കാരിനാണ്!
സ്വാഭാവികമായി ഉദ്യോഗസ്ഥ നേതൃത്വവും ഉന്നത രാഷ്ട്രീയക്കാരും സഹകരിച്ചാണ് മാട്ടുക്കട വില്ലേജില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തുന്നതത്രെ. വൃഷ്ടിപ്രദേശത്ത് മണല്‍ ഖാനനം നടത്തുന്നതും അണക്കെട്ടിന് ഭീഷണിയാകുന്നു. തട്ടേക്കണ്ണി ലോവര്‍ പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇവിടെ 20 പേര് ചേര്‍ന്ന 167 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലമാണ് സ്വന്തമാക്കിയത്. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളുടെ സമീപമുള്ള ഉന്നതരുടെ കൈയേറ്റത്തിനും മീതെ കര്‍ട്ടനിടാനാണ് സര്‍ക്കാര്‍ നീക്കം. എല്ലാ അണക്കെട്ടും കയ്യേറ്റ മാഫിയയുടെ ആക്രമണത്തിനിരയായിരിക്കുകയാണ്. ഇടമലയറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആനമലയാറില്‍ കെഎസ്ഇബിയ്ക്കാണ് ഭൂമി നഷ്ടമായിരിക്കുന്നത്.
മലയാളികള്‍ക്ക് ഭാവി എന്നാല്‍ “നാളെ” എന്നാണ് പരിഭാഷ. സ്വന്തം മൂക്കിന്റെ തുമ്പിനപ്പുറം ലോകമില്ലെന്ന് വിചാരിക്കുന്നവര്‍, ബാങ്ക് ബാലന്‍സ് വര്‍ധനയാണ് ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കുന്നത് എന്ന് വിശ്വസിക്കുന്നവര്‍. ചവിട്ടി നില്ക്കുന്ന ഭൂമി പോലും ഇവര്‍ നശിപ്പിക്കുന്നു.
കൊന്നമരങ്ങള്‍ മാത്രമല്ല അകാലത്തില്‍ പൂത്തത്. കടുത്ത വേനലില്‍ എത്തുന്ന പക്ഷിക്കൂട്ടങ്ങള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. സമുദ്രജലം ചൂടായതോടെ മത്സ്യങ്ങളുടെ ജീവിതക്രമം തെറ്റുക മാത്രമല്ല, കൂടുതല്‍ പവിഴപ്പുറ്റുകള്‍ വളരാനും സാധ്യത ഒരുക്കുന്നു? മനുഷ്യരാശിയുടെ ഭാവി എന്ത്?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: