ഓരോ ദിവസവും ഓരോ തരത്തിലുള്ള അക്രമ-അശ്ലീലപ്രവണതകളിലേക്ക് ചിലര്‍ ആണ്ടിറങ്ങുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല. സമൂഹത്തിന്റെ കെട്ടുറപ്പിനും ഇഴയടുപ്പത്തിനും ക്ഷതം ഏല്‍പ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അഭിമാനബോധമുള്ള മലയാളിക്ക് തലതാഴ്ത്തി നടക്കേണ്ടിവരുന്നു പലപ്പോഴും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നുള്ള വാര്‍ത്ത യാദൃച്ഛികമല്ലെങ്കിലും ഞെട്ടലുളവാക്കുന്നതാണ്. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഒരു വീട്ടില്‍ ഇലക്ട്രിക് ജോലിക്കെത്തിയയാള്‍ പണിക്കിടെ കുളിമുറിയില്‍ രഹസ്യക്യാമറ വെച്ച് പോവുകയായിരുന്നുവത്രേ. ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ പാകത്തില്‍ തന്റെ വീട്ടില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇവിടെ മനസ്സിലാക്കേണ്ടത്, മനുഷ്യന് ഉപയുക്തമാവുന്ന സംവിധാനങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് പകരം നീചമായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നതാണ്. മനുഷ്യമനസ്സിലെ കുറ്റകരമായ പ്രവണതയ്ക്ക് ശമനമുണ്ടാവുന്നില്ല എന്നതാണ്. പകരം കൂടുതല്‍ നീചമായ കാര്യങ്ങളിലേക്ക് മനസ്സ് വ്യാപരിക്കുന്നു. ന്യൂദല്‍ഹിയില്‍ ബലിയര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിയും സൂര്യനെല്ലിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും സമൂഹ മനസ്സിന് മുമ്പില്‍ കണ്ണീര്‍ത്തുള്ളികളായി രൂപംകൊണ്ട് നില്‍ക്കുമ്പോഴും കുറ്റകരമായ രീതിയിലേക്ക് തന്നെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ കുതിക്കുന്നു. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അത് അത്രപൊടുന്നനെ കിട്ടുമെന്ന് കരുതാന്‍വയ്യ.
സമൂഹം എന്ന സംവിധാനത്തില്‍ പുഴുക്കുത്തുണ്ടാക്കി അത് തകര്‍ക്കുക എന്ന നിലപാടുമായി രംഗത്തുവരുന്നവരും മനോവൈകൃതത്തിന്റെ പേരില്‍ ചിലത് ചെയ്യുന്നവരും രണ്ട് തരത്തിലുള്ള സംസ്ക്കാരമാണ് പുലര്‍ത്തുന്നതെങ്കിലും ഫലത്തില്‍ ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് എത്തുന്നത്. ഇത്തരം ദുഷ്പ്രവണതകളെ ഒറ്റയടിക്ക് നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഓരോ ദിവസവും ഓരോ തരത്തിലുള്ള കണ്ടുപിടുത്തവുമായി ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അത് മനുഷ്യന് എത്രമാത്രം ഗുണകരമാക്കാം എന്നല്ല ചിലര്‍ ചിന്തിക്കുന്നത്. സ്വാര്‍ത്ഥതയുടെ ചളിക്കുണ്ടിലേക്ക് കുതിക്കാനാണ് അത്തരക്കാര്‍ക്ക് താല്പര്യം. ഇത്തരം അധമമനസ്കരെ സംസ്കൃതചിത്തരാക്കി മാറ്റാനുള്ള ഒരു ബൃഹത്പദ്ധതി തന്നെ വേണ്ടിവരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തവയാണ് അതെല്ലാം. പുറത്ത് തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും എന്നത് ലോകപ്രശസ്ത നാടകകൃത്തിന്റെ പാശ്ചാത്യവീക്ഷണമാവാം. എന്നാല്‍ അത് അക്ഷരംപ്രതി ശരിവെക്കുന്നതാണ് സംസ്ഥാനത്ത് നടക്കുന്ന അധാര്‍മ്മിക കൃത്യങ്ങള്‍. ഉത്തരേന്ത്യന്‍ നാടുകളില്‍ നടക്കുന്ന കാട്ടാള പ്രവൃത്തികളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കന്നവരാണ് മലയാളികള്‍. എന്നാല്‍ അതിനെക്കാള്‍ നീചമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച മധ്യവയസ്കന്റെ മനോവ്യാപാരം എന്തായാലും ഉചിതമായ ശിക്ഷ നല്കുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും ഉണ്ടാവരുത്. സമാനമായ ഒരു സംഭവം ഒരു വര്‍ഷം മുമ്പ് വടക്കന്‍ ജില്ലയിലെ ഒരു നഗരഹൃദയത്തിലുള്ള ഹോട്ടലില്‍ സംഭവിച്ചിരുന്നു. അവിടത്തെ ബാത്ത്റൂമില്‍ മൊബെയില്‍ ക്യാമറവെച്ചത് ചോദ്യംചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ പിടിച്ചുകൊണ്ടുപോയി കൈക്കരുത്ത് തീര്‍ക്കാനാണ് അന്ന് പോലീസ് ശ്രമിച്ചത്. ഒടുവില്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കും പൊതുപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലുകള്‍ക്കും ശേഷമാണ് ജീവച്ഛവമായ യുവാവ് ലോക്കപ്പില്‍ നിന്ന് പുറത്തുകടന്നത്. ഇന്നും ആ കേസ് ഒരു തുമ്പുമില്ലാതെ കിടക്കുന്നു. അപ്പോള്‍, ഇവിടെ ചിന്തിക്കേണ്ടകാര്യം എന്താണെന്നുവെച്ചാല്‍ സമൂഹദ്രോഹികളെ ഇവിടത്തെ നീതി-നിയമപാലകര്‍ തന്നെയല്ലേ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ്. ഇതിനാണ് ആദ്യം തടയിടേണ്ടത്. സമൂഹത്തില്‍ കുറ്റത്തിന്റെ വൈറസുകള്‍ പടര്‍ത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള സന്നദ്ധത ഭരണകൂടത്തിന് ഉണ്ടാവണം. ഇത്തരം വാര്‍ത്തകളുടെ രസാത്മക താല്പര്യത്തിനപ്പുറം ചിന്തിക്കാനുള്ള ധാര്‍മ്മികബോധം മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നീചകാര്യങ്ങളുടെ പര്‍വതീകരണം കഴിയുന്നത്ര ഒഴിവാക്കാനും അത്തരം ക്ഷുദ്രശക്തികള്‍ക്ക് തടയിടാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയണം. എല്ലാവരും ഒന്നിച്ചിരുന്ന് എതിര്‍ത്തെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവൃത്തികള്‍ അവസാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: