ന്യുദല്‍ഹി: വിവാദ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരില്‍ ഭിന്നതയില്ലെന്നു വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ഇക്കാര്യത്തില്‍ തീരുമാനങ്ങളെല്ലാം കൂട്ടായി എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലല്ല ഒരു തീരുമാനവും എടുക്കുന്നതെന്നും ഇടപാട് റദ്ദാക്കുന്നതിന് താന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും ഒളിച്ചുവെയ്ക്കാനില്ല. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളാണ് പിന്തുടരുന്നതെന്നും പ്രതിരോധമന്ത്രാലയം ഉചിതമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്നും സല്മാന് ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്റര്‍ ഇടപാട് വിവാദമായതോടെ കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചിരുന്നു. ഇതിന്റെ തുടക്കം എന്ന നിലയില്‍ കരാറില്‍ ഉള്‍പ്പെട്ട അഗസ്റ്റ വെസ്റ്റ് ലന്‍ഡിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരില്‍ ഇതു സംബന്ധിച്ച് ഭിന്നതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: