കൊച്ചി: താന്ത്രിക കുലപതി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിന് വൃക്കദാനത്തിലൂടെ ജീവിതത്തിന്റെ അമൃതപുണ്യം പകര്ന്നതിലുള്ള സന്തോഷത്തിലാണ് അജീഷാമോള്‍. വൃക്കദാനത്തിലൂടെ ആര്‍ക്കെങ്കിലും ജീവിതമേകണമെന്ന ആഗ്രഹം വളരെക്കാലമായിട്ടുണ്ടായിരുന്നു. ആ സ്വപ്നം സഫലമാകുവാന്‍ പത്ത് വര്‍ഷം വൈകിയതിലുള്ള വിഷമം മാത്രമേയുള്ളൂ. വൃക്കദാന ശസ്ത്രക്രിയ്ക്കുശേഷം ആശുപത്രിയില്‍നിന്നും ഞായറാഴ്ച കൊല്ലം ചിന്നക്കടയിലെ സഹോദരന്റെ വീട്ടിലേക്ക് മടങ്ങിയ അജീഷാ മോള് വലിയ സന്തോഷത്തോടെയാണ് ‘ജന്മഭൂമി’യോട് സംസാരിച്ചത്.
പത്ത് വര്‍ഷം മുമ്പ് അമ്മ സതി ചന്ദ്രമണി വൃക്കരോഗം മൂലമാണ് മരിച്ചത്. അന്ന് വൃക്ക മാറ്റിവയ്ക്കാന്‍ കഴിയാതിരുന്നതില്‍ ഏറെ സങ്കടമുണ്ടായിരുന്നു. ആ അഭിലാഷമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കുവാനായത്. ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ സ്വല്പ്പം വേദനയുണ്ട്. എന്നാല്‍ യാതൊരു ടെന്‍ഷനോ വിഷമമോ ഇല്ല. നിറഞ്ഞ സന്തോഷമാണുള്ളത്. സാധാരണ രീതിയില്‍ തന്നെ ഭക്ഷണം കഴിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. അ ല്പ്പം ശ്രദ്ധിക്കണം. ഭാരം എടുക്കരുത്. വലിയജോലികളൊന്നും ചെയ്യരുത്. സ്റ്റിച്ച് എടുക്കുവാനായി തിങ്കളാഴ്ച ആശുപത്രിയിലേക്ക് വരും. വീട്ടിലേക്ക് പോകുന്നതിന് മുമ്പുതന്നെ കാണണമെന്ന് ശാസ്തൃശര്‍മ്മന്‍ തിരുമേനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ആശുപത്രി വിടുന്നതിന്റെ തലേദിവസം അദ്ദേഹത്തെ കണ്ടു. വൃക്കദാതാവും സ്വീകര്‍ത്താവും തമ്മില്‍ ശസ്ത്രക്രിയാനന്തരം കാണാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് ആശുപത്രി അധികൃതരാആദ്യം സമ്മതിച്ചില്ല. പിന്നീട് അനുവാദം നല്കി. അ ല്പ്പം അകലെനിന്നാണ് സംസാരിച്ചത്. അദ്ദേഹം വലിയ സന്തോഷത്തോടെയാണ് സംസാരിച്ചത്. പോവുകയാണെന്ന് പറഞ്ഞപ്പോ ള്‍ തിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞു. വീണ്ടും വരുമ്പോള്‍ കാണണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയുംബന്ധുക്കളുമെല്ലാം വളരെ സന്തോഷത്തോടെ വന്ന് സംസാരിച്ച് നന്ദി പറഞ്ഞു.
ഓപ്പറേഷന് തലേദിവസമാണ് തിരുമേനിയുടെ ബന്ധുക്കളെ ആദ്യമായി കണ്ടത്. വളരെ കാര്യമായിട്ടാണ് എല്ലാവരും പെരുമാറിയത്. ഡോ.എബിഎബ്ര ഹാമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. സഹോദരി അന്സയ്ക്കും ഇളയ സഹോദരന് അനിരൂപ് തമ്പാനുമൊപ്പമാണിപ്പോള് താമസിക്കുന്നത്.
വൃക്കദാനം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം എതിര്‍ത്ത ബന്ധുക്കളും നാട്ടുകാരും ഇപ്പോള്‍ വളരെ സന്തോഷത്തോടെ വന്ന് അഭിനന്ദിക്കുന്നുണ്ട്. വീട്ടില്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണെന്നും എല്ലാം ഈശ്വരാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും അജീഷാമോള്‍ പറഞ്ഞു.
ശാസ്തൃശര്‍മന്‍ നമ്പൂതിരി പ്പാടിന് 15 ദിവസംകൂടി ഐസിയുവില്‍ കഴിയേണ്ടി വരും. ആശുപത്രിക്ക് സമീപം അദ്ദേഹം വീടെടുത്തിട്ടുണ്ട്. അവിടെ താമസിച്ച് ചികിത്സതുടരും. ഇപ്പോള്‍ സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: