ന്യൂദല്‍ഹി / പാറ്റ്ന: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെമ്പാടുമായി സംഘടിപ്പിച്ച സൂര്യനമസ്കാരത്തില്‍ സര്‍വകാല റെക്കോര്‍ഡ്. തിങ്കളാഴ്ച നടന്ന സൂര്യ നമസ്കാര പരിപാടിയില്‍ പങ്കെടുത്തത് രണ്ട് കോടി സ്കൂള്‍ കുട്ടികളാണെന്ന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്കൂള്‍ വിദ്യാഭ്യാസ വകുപ്പും വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിഒകളും സംയുക്തമായാണ് സൂര്യനമസ്കാരത്തിനു വേണ്ടി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്.
അതിനിടെ ബീഹാറില്‍ സ്കൂളുകളില്‍ നിര്‍ബന്ധിത സൂര്യനമസ്കാരം നടത്തുന്നു എന്നാരോപിച്ച് എതിര്‍പ്പുമായി മുസ്ലീം മതമൗലികവാദികള്‍ രംഗത്തെത്തി. നിര്‍ബന്ധിതം എന്നതു മാറ്റി ഇച്ഛാനുസൃതമോ സ്വമനസ്സാലയോ എന്നാക്കണമെന്ന് നിതീഷ്കുമാര്‍ സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൂര്യനമസ്കാര പരിപാടിയില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്തി. മുസ്ലീം സംഘടനകളുടെ ആവശ്യാര്‍ഥം ഉത്തരവ് തിരുത്തി.
നേരത്തെ ജനുവരി 12ന് മധ്യപ്രദേശില്‍ 50 ലക്ഷം വിദ്യാര്‍ഥികളാണ് സൂര്യനമസ്കാരത്തില്‍ പങ്കെടുത്തത്. ഇവിടെയും മുസ്ലീം മതമൗലികവാദികളുടെ ഫത്വയും പ്രതിഷേധവും ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ വകവച്ചില്ല. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിംഗ് പോലും ഈ യോഗാഭ്യാസത്തില്‍ ഒ രുതരത്തിലുമുള്ള അപാകതയില്ലെന്നും ഇതിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും പ്രസ്താവിച്ചിരുന്നു.
വ്യത്യസ്ത സ്കൂളുകള്‍. വിവിധങ്ങളായ യൂണിഫോം. പ്രായം പലതരം. എന്നാല്‍ ഒരേ താളം ഒരേ ലയം ഒരേ മന്ത്രം ഒരേ ചിന്ത. ഒരേ പ്രകടനം. വ്യത്യസ്ത പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച രാം ലീല മൈതാനം ഇന്നലെ കണ്ടത് വേറിട്ട കാഴ്ചയായിരുന്നു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാമൂഹിക സൂര്യനമസ്ക്കാരം. തലസ്ഥാനത്തെ 200 സ്കൂളുകളില്‍ നിന്നായി 12000 ത്തോളം കുട്ടികള്‍ മന്ത്രോച്ചാരണത്തോടെ ഒരേ താളത്തില്‍ സൂര്യനെ നമസ്ക്കരിച്ച് 13 തവണ യോഗാസനം ചെയ്തപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇന്നലെ രാജ്യത്താകെ 80000 കേന്ദ്രങ്ങളിലായി രണ്ടുകോടിയോളം വിദ്യാര്‍ഥികള്‍ സൂര്യ നമസ്കാരം ചെയ്തതായിട്ടാണ് കണക്ക്.
ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ കുട്ടികളാണ് ദല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്തത്.
ഉരുക്കുമുഷ്ടിയുള്ള യുവാക്കളാണാവശ്യം എന്നുപറഞ്ഞ വിവേകാനന്ദന്റെ വാക്കുകളെ സ്മരിച്ച് യുവാക്കളുടെ ശാരീരിക പ്രദര്‍ശനം, സ്കൂള്‍ കുട്ടികള്‍ തീര്‍ത്ത മനുഷ്യ പിരമിഡ്, ദേശഭക്തി ഗാനാലാപനം, ഘോഷ് പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സൂര്യ നമസ്ക്കാരത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവിന്റെ സന്ദേശം ഉച്ചഭാഷണിയിലൂടെ മുഴങ്ങിയപ്പോള്‍ സദസ്സ് ശ്രദ്ധയോടെ കേട്ടിരുന്നു.
ഏഷ്യാഡ് മെഡല്‍ ജേതാവ് മഹാബലി സത്പാല്‍ മുഖ്യാതിഥിയായിരുന്നു. ചരിത്രകാരന് ഡോ.നരേന്ദ്ര കൊ ഹ്ലി മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദ സാര്‍ധശതി സമാരോഹ് സമിതി പ്രസിഡന്റ് ഡോ.രാധേ ശ്യാം ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: