രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ഭാരതീയ മസ്ദൂര്‍ സംഘം സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഒഴിവാക്കാന്‍ മറ്റ് പോംവഴികള്‍ ഇല്ലാത്തതിനാലാണ് പന്ത്രണ്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് ദേശീയ പണിമുടക്ക് നടത്തി. അതിന് മുമ്പും ശേഷവും സമരത്തെകുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ അഞ്ച് മാസം മുമ്പ് സര്‍ക്കാരിനെ പണിമുടക്ക് വിവരം അറിയിച്ചിട്ടും അഞ്ച് ദിവസം മുമ്പാണ് ചര്‍ച്ചക്ക് വിളിച്ചത്. അതില്‍തന്നെ ഉന്നയിച്ച പത്ത് ആവശ്യങ്ങളെസംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് പറയാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് സാധിച്ചില്ല. ആവശ്യം സംബന്ധിച്ച് പ്രധാനമന്ത്രിയെ അറിയിക്കാന്‍ സമയം വേണമെന്നും അതിനാല്‍ സമരം നീട്ടിവെക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. രണ്ടുദിവസം രാജ്യം നിശ്ചലമാകുമെന്ന അവസ്ഥ രാജ്യത്തെ പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്ന പരിഹാസ്യമായ സ്ഥിതിവിശേഷത്തിലാണ് സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴില്‍ മന്ത്രിയെ ട്രേഡ്യൂണിയനുകള്‍ അറിയിച്ചത്.
കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, 2008ല്‍ പാസാക്കിയെങ്കിലും അഞ്ചു വര്‍ഷമായി നടപ്പാക്കാത്ത അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി നടപ്പില്‍ വരുത്തുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ നടപടിയെടുക്കുക, തൊഴിലില്ലായ്മ നേരിടാന്‍ തൊഴിലുകള്‍ സംരക്ഷിക്കുക, പുതിയ തൊഴിലവസരങ്ങളുണ്ടാക്കുക, ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ തീരുമാനം ഉപേക്ഷിക്കുക, മിനിമം വേതനം 1000 രൂപയാക്കുക, എല്ലാവര്ക്കും പെന്ഷന് പദ്ധതി ആവിഷ്കരിക്കുക, ബോണസ്, പിഎഫ് പരിധി പിന്‍വലിക്കുക, ഗ്രാറ്റുവിറ്റി വര്‍ദ്ധിപ്പിക്കുക, പുതിയ ട്രേഡ് യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തടസ്സം നീക്കുക, ഐഎല്‍ഒ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.
1990കള്‍ക്ക് മുമ്പ് രാജ്യത്ത് നിരവധി സമരങ്ങളുടെ വേലിയേറ്റംതന്നെ നടന്നിട്ടുണ്ട്. പക്ഷെ 90കള്‍ക്ക് ശേഷം ആഗോളവല്‍ക്കരണം നടപ്പിലാക്കിയശേഷം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യം കനത്ത സമരങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സംഘടിതമേഖല ചുരുങ്ങുകയും അസംഘടിതമേഖല വളരുകയും ചെയ്തു. പലയിടത്തും വന്കിടമേഖല നാമാവശേഷമായി. കാര്‍ഷിക മേഖല തകര്‍ന്നു, കര്‍ഷക ആത്മഹത്യരാജ്യത്ത് പെരുകി. തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു. മനേസറിലെ മാരുതി സുസുകി പ്ലാന്റ്, കോയമ്പത്തൂരിലെ പ്രീകോള്‍, നിപ്പോണ്‍ അയേണ്‍ കമ്പനി, ആസ്സമിലെ പ്ലാന്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാനേജര്‍മാര്‍ വധിക്കപ്പെടുന്ന സംഭവം വരെ രാജ്യത്തുണ്ടായി.
2008ന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സമരത്തിന്റെ കാലഘട്ടം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അസംതൃപ്തിയും പ്രതിഷേധവും നോക്കിനില്ക്കാന് തൊഴിലാളി സംഘടനകള്‍ക്ക് സാധിക്കില്ല. യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ സാധാരണ ജനങ്ങളും തൊഴിലാളികളും കര്‍ഷകരും ചെറുകിട വ്യാപാരികളും അനാഥരായി തീര്‍ന്നിരിക്കുകയാണ്. സാമൂഹ്യ ക്ഷേമ മേഖലകളില്‍ നിന്നും സാമ്പത്തിക മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് സര്‍ക്കാരിന്റെ ഭരണം. കഴിഞ്ഞ ബജറ്റില്‍ കോര്‍പ്പറേറ്റ് മേഖലക്ക് ഒന്നരലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് അനുവദിച്ചത്. എന്നാല്‍ 45 കോടി വരുന്ന അസംഘടിത മേഖലകളുടെ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് വകമാറ്റിവെച്ചത് വെറും 1000 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നിരവധി തവണ കോര്‍പ്പറേറ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു തവണപോലും കേന്ദ്രയൂണിയനുകളുമായി അദ്ദേഹം ചര്‍ച്ച നടത്തിയില്ല. സര്‍ക്കാരിന്റെ സമീപനം ഇതില്‍ നിന്നും വ്യക്തമാണ്. ഇതേ തുടര്‍ന്നാണ് 12 കേന്ദ്രീയ ട്രേഡ് യൂണിയനുകളെ സമരത്തിന് പ്രേരിപ്പിച്ചത്.
അഡ്വ. സി.കെ. സജി നാരായണന്
(ഭാരതീയ മസ്ദൂര്‍ സംഘം
ദേശീയ അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: