കോട്ടയം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയിലേക്ക്.
കേസില്‍ പുതിയ വെളിപ്പെടുത്തലുകളും മൊഴിമാറ്റവും വന്ന നിലവിലെ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രണ്ടുദിവസത്തിനകം പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. പി.ജെ. കുര്യന് കേസില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതി ധര്മരാജന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചതെന്നും ധര്മരാജന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ വന്ന ധര്‍മരാജന്റെ വെളിപ്പെടുത്തലുകളും അനുബന്ധ വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ തെളിവായി ഹാജരാക്കാനാണ് നീക്കം.
സൂര്യനെല്ലി കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്ന നിയമോപദേശം പെണ്‍കുട്ടിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നീങ്ങാന്‍ പെണ്‍കുട്ടിയും കുടുംബവും തീരുമാനിച്ചിരിക്കുന്നതായി അറിയുന്നത്. സുപ്രീംകോടതിയില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ചന്ദര്‍ ഉദയ്സിംഗാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ അഭിഭാഷകന് നല്കിയ നിയമോപദേശത്തിന്റെയും കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാകും കോടതിയെ സമീപിക്കുക. സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫാക്സ് സന്ദേശമയച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ പി. ജെ. കുര്യനെതിരെ പെണ്‍കുട്ടി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തേണ്ട കാര്യമില്ലെന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ സാഹിത്യകാരി അരുന്ധതിറോയി ഇന്നലെ എത്തി.
- പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: