ഇന്ത്യയിലെ വിവിഐപികള്‍ക്ക് സഞ്ചരിയ്ക്കാനുള്ള ഹെലികോപ്ടറുകള്‍ക്കായി ഇറ്റലിയുമായി 2011 ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ 3600 കോടിയുടേതായിരുന്നു. ഈ തുകയുടെ പത്ത് ശതമാനമായ 360 കോടി രൂപ ഇടനിലക്കാര്‍ക്ക് കോഴയായി നല്‍കിയെന്നാണ് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട കുറ്റപത്രത്തിലുള്ളത്. കോഴപ്പണത്തില്‍ 200 കോടി രൂപ ‘ഒരു കുടുംബ’ത്തിന് പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോഴപ്പണത്തിന്റെ ഏറിയ പങ്കും കൈപ്പറ്റിയ ഈ കുടുംബത്തെക്കുറിച്ച് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ നിരവധി തവണ പരാമര്‍ശിച്ചിട്ടുണ്ട്. ആരുടെതാണ് ഈ കുടുംബം എന്ന് വെളിപ്പെടുന്നതോടെ അഗസ്റ്റ് വെസ്റ്റ്ലാന്റുമായുള്ള ഹെലികോപ്ടര്‍ ഇടപാട് മറ്റൊരു ബോഫോഴ്സ് കേസായി മാറും എന്നാണ് എല്ലാ സൂചനയും.
ഇതിനകം ലഭ്യമായ വിവരങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഹെലികോപ്ടര്‍ ഇടപാടിലെ കോഴ കൈപ്പറ്റിയ കുടുംബം സോണിയാഗാന്ധിയുടേതല്ലാതെ മറ്റൊന്നാവാന്‍ യാതൊരു സാധ്യതയുമില്ല. ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന് മെക്കാനിക്ക’യുടെ അനുബന്ധ സ്ഥാപനവും ഹെലികോപ്ടര്‍ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്ത ബ്രിട്ടണിലെ ‘അഗസ്റ്റവെസ്റ്റ്ലാന്റി’ന്റെ കമ്മീഷന് ഏജന്റായ ക്രിസ്ത്യന്‍ മൈക്കേലിന്റെ അച്ഛന് മാക്സ് മൈക്കേല്‍ ആയിരത്തിത്തൊളളായിരത്തി എണ്‍പതുകള്‍ മുതല്‍ കോണ്‍ഗ്രസുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. ഇന്ത്യ പത്ത് ബില്യണ്‍ ഡോളറിന്റെ കരാറുണ്ടാക്കിയ ഫ്രഞ്ച് കമ്പനിയായ ‘ഡാസള്ട്ടി’ന്റെയും ഏജന്റായിരുന്നു ഈ മാക്സ് മൈക്കേല്‍. ഇപ്പോള്‍ വിവാദമായിരിക്കുന്ന ഹെലികോപ്ടര്‍ ഇടപാടുപോലെ ‘ഡാസള്ട്ടു’മായുള്ള കരാറിന് പിന്നിലും കോഴ കൈമറിഞ്ഞിട്ടുണ്ടാവുമെന്നും അത് ഒരുപക്ഷെ അഴിമതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരിക്കുമെന്നും ഊഹിക്കാവുന്നതേയുളളൂ.
ഹെലികോപ്ടര്‍ ഇടപാടിലെ മറ്റൊരു ഇടനിലക്കാരനായി ഇറ്റാലിയന്‍ പത്രമായ ‘ലെറ്റെറ 43’ വെളിപ്പെടുത്തിയത് സ്വിറ്റ്സര്‍ലന്റ് കേന്ദ്രീകരിച്ച് ആയുധ ഇടപാടുകള്‍ നടത്തുന്ന, ഇറ്റലിയുടേയും അമേരിക്കയുടേയും പാസ്പോര്‍ട്ടുകളുള്ള ഗുയ്ഡോ റാല്‍ഫ് ഹഷ്കെ ആണ്. രാഹുല്‍ഗാന്ധിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കനിഷ്ക സിംഗിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ‘എമ്മാര്‍-എംജിഎഫ്’ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ഈ ഹഷ്കെ. കോണ്‍ഗ്രസ് നേതാവായ സുരേഷ് കല്‍മാഡിയും മറ്റും പ്രതികളായ വന്‍ അഴിമതിയില്‍ കലാശിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് കരാര്‍ ലഭിച്ചത് ഈ കമ്പനിക്ക് ആയിരുന്നു. അഴിമതി വെളിപ്പെട്ടതോടെ 2009 ല്‍ എമ്മാര്‍- എംജിഎഫിന്റെ ഡയറക്ടര്‍ സ്ഥാനം ഹഷ്കെ രാജിവെക്കുകയായിരുന്നു. എമ്മാര്‍-എംജിഎഫുമായുള്ള കോണ്‍ഗ്രസ് ബന്ധം ഇവിടെയും അവസാനിക്കുന്നില്ല. കനിഷ്ക സിംഗിന്റെ മുത്തച്ഛനായ വേദ്പ്രകാശ് ഗുപ്ത സ്ഥാപിച്ച കമ്പനിയെ പിന്നീട് നയിച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന കനിഷ്ക സിംഗിന്റെ അച്ഛന് എസ്.കെ.സിംഗാണ്. രാജീവ്ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന ഇദ്ദേഹം രാജസ്ഥാന് ഗവര്‍ണ്ണറായിരുന്നു.
കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴപറ്റിയ കുടുംബം സോണിയാഗാന്ധിയുടെതാണെന്ന് കരുതാന്‍ ഇടനിലക്കാരെക്കുറിച്ചുള്ള ഇത്രയും വിവരങ്ങള്‍ ധാരാളമാണ്. ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ പറയുന്ന കുടുംബം സോണിയാഗാന്ധിയുടേതാണെന്നും കോഴപ്പണം കൈപ്പറ്റിയിട്ടുള്ളത് സോണിയയുടെ രണ്ട് സഹോദരിമാരാണെന്നും ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് പ്രതികരിക്കാതിരുന്നത് സംശയത്തിന്റെ സൂചിമുന സോണിയാഗാന്ധിയിലേക്കും മകന് രാഹുല്‍ ഗാന്ധിയിലേക്കും തിരിക്കുന്നു.
ബോഫോഴ്സ് തോക്കിടപാടിന്റെ കാര്യത്തില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് ഒരര്‍ത്ഥത്തില്‍ അഗസ്റ്റ വെസ്റ്റ്ലാന്റുമായുള്ള ഹെലികോപ്ടര്‍ ഇടപാടിലും അരങ്ങേറിയിട്ടുള്ളത്. ഏത് രാജ്യത്തുനിന്ന് തോക്കുകള്‍ വാങ്ങണം എന്ന കാര്യത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കുകയായിരുന്നു. കാരാറുണ്ടാക്കാന്‍ സ്വീഡിഷ് തോക്ക് നിര്‍മാണകമ്പനിയായ ബോഫോഴ്സ് നിയോഗിച്ച രണ്ട് ഇടനിലക്കാര്‍ക്ക് അതിന് കഴിഞ്ഞില്ല. പൊടുന്നനെയാണ് 1982ല്‍ എഇ സര്‍വീസസ് എന്ന കമ്പനി ബോഫോഴ്സ് അധികൃതരെ സമീപിക്കുന്നത്. 1986 മാര്‍ച്ച് 31ന് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മൂന്ന് ശതമാനം ഫീസ് തരിക, കഴിഞ്ഞില്ലെങ്കില്‍ ഒന്നുംതരേണ്ട എന്ന വാഗ്ദാനം എഇ സര്‍വീസസ് മുന്നോട്ടുവെയ്ക്കുന്നു. പറഞ്ഞതുപ്രകാരം നിശ്ചിത ദിവസത്തിന് ഏഴ് ദിവസം മുമ്പ് 1986 മാര്‍ച്ച് 22ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഫോഫോഴ്സ് കമ്പനിയുമായി ഹോവിസ്റ്റര്‍ തോക്കുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. ആറ് മാസത്തിനുള്ളില്‍ കോഴപ്പണത്തിന്റെ ആദ്യപങ്കായ 7.3 ദശലക്ഷം ഡോളര്‍ 1986 സെപ്തംബര്‍ മൂന്നിന് എഇ സര്‍വീസസിന്റെ സൂറിച്ചിലെ നോര്‍ഡ് ഫിനാന്‍സ് ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടു.
ഇറ്റാലിയന്‍ വ്യാപാരിയായി അറിയപ്പെടുന്ന ഒട്ടാവിയോ ക്വത്റോച്ചിയുടെതായിരുന്നു ഈ എഇ സര്‍വീസസ്. ക്വത്റോച്ചിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെമേലുള്ള സ്വാധീനം മനസ്സിലാക്കിയാണ് ബോഫോഴ്സ് കമ്പനി എഇ സര്‍വീസസുമായി കരാറുറപ്പിച്ചത്. ഇവിടം മുതലാണ് ബോഫോഴ്സ് അഴിമതിയുടെ പിന്നിലെ സോണിയയുടെ കരങ്ങള്‍ വെളിപ്പെടുന്നത്.
ഇറ്റലിക്കാരിയായ സോണിയയുടെ കുടംബസുഹൃത്തുക്കളാണ് ഒട്ടാവിയോ ക്വത്റോച്ചിയും ഭാര്യ മരിയയും. ദൂരയാത്രക്ക് പോകേണ്ടിവരുമ്പോഴോക്കെ കുട്ടികളെ പരസ്പരം നോക്കാനേല്‍പ്പിക്കുന്നത്ര അടുപ്പം രണ്ടു കുടുംബങ്ങള്‍ക്കുമുണ്ടായിരുന്നു. സോണിയ വഴിയാണ് ക്വത്റോച്ചി രാജീവ് ഗാന്ധിയുമായി ബന്ധം സ്ഥാപിച്ചത്. ബോഫോഴ്സ് കരാറിലെ ക്വത്റോച്ചിയുടെ ഇടപെടല്‍ സോണിയ ഇടപെടുന്നതിന് തുല്യമായിരുന്നു. കേസില്‍ പ്രതിയായത് രാജീവാണെങ്കിലും ബോഫോഴ്സ് കേസില്‍ ക്വത്റോച്ചിയെ സംരഷിക്കേണ്ടത് രാജീവ് ഗാന്ധിയെക്കാളും സോണിയയുടെ ആവശ്യമായിരുന്നു. കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് 1987 ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് ബോഫോഴ്സ് കരാര്‍ ദേശീയ ശ്രദ്ധനേടിയതും പ്രതിപക്ഷവും മാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതും. 1993ല്‍ കരാറിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ സ്വീഡിഷ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറി ആറ് മാസത്തിനകം ക്വത്റോച്ചി ഇന്ത്യവിട്ടു. പി.വി.നരസിംഹറാവുവിന്റെ ഭരണകാലത്ത് സഹമന്ത്രിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയാണ് ഇതിന് ഒത്താശ ചെയ്തത്. ഇതോടെ ഒട്ടാവിയോ ക്വത്റോച്ചി കേസിലെ പിടികിട്ടാപുള്ളിയായി.
2003ല്‍ ബിജെപി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി മന്മോഹന് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദത്തയെ ഇംഗ്ലണ്ടിലേക്കയച്ച് ബ്രിട്ടീഷ് സര്‍ക്കാരിനോട് നടത്തിയ അഭ്യര്‍ത്ഥയനുസരിച്ച് 2006 ജനുവരി 11ന് പിന്‍വലിച്ചു. രണ്ട് അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാന്‍ ക്വത്റോച്ചിയെ അനുവദിക്കരുതെന്ന് ജനുവരി 16ന് സുപ്രീംകോടതി മന്മോഹന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ നിക്ഷേപതുക പിന്‍വലിച്ചതായി 2006 ജനുവരി 23ന് സിബിഐ സമ്മതിച്ചു. ഇന്റര്‍പോളിന്റെ ‘റെഡ് കോര്‍ണര്‍ നോട്ടീസ്’ നിലനില്‍ക്കുന്ന ക്വത്റോച്ചിക്കുവേണ്ടി വഴിവിട്ട് ഇക്കാര്യം ചെയ്തുകൊടുത്തത് അയാള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനുമേലുള്ള സ്വാധീനംകൊണ്ടാണെന്നും സോണിയാ ഗാന്ധിയാണ് ഈ സ്വാധീന കേന്ദ്രമെന്നും പകല്‍പോലെ വ്യക്തമായിരുന്നു. ക്വത്റോച്ചിയുടെ കമ്പനിയായ എഇ സര്‍വീസസുമായി ബന്ധമുള്ള മെയിലസ് ടി. സ്റ്റോട്ടിന്റെ പ്രസ്താവന ബോഫോഴ്സ് അഴിമതിയില്‍ സോണിയയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. “ഇന്ത്യക്ക് തോക്കുകള്‍ വിറ്റതിന്റെ വകയില്‍ ബോഫോഴ്സ് കമ്പനി നല്കിയ പണം ക്വത്റോച്ചിയുടെ കമ്പനികളായ എഇ സര്‍വീസസ്, കോള്‍ബാര്‍ ഇന്‍വെസ്റ്റ്മെന്റ്സ്, വെറ്റള്‍ഡന്‍ ഓവര്‍സീസ് എന്നിവ വഴിയാണ് കൈമാറിയത്”- എന്നാണ് സ്റ്റോട്ട് വെളിപ്പെടുത്തിയത്.
പിടികിട്ടാപ്പുള്ളിയായ ക്വത്റോച്ചി 2007 ഫെബ്രുവരി ആറിന് ഇന്റര്‍പോളിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജന്റീനയില്‍വച്ച് പിടികൂടപ്പെട്ടു. എന്നാല്‍ ഈ വിവരം സിബിഐ പുറത്തുവിട്ടത് 23നും. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഇടപെട്ട് ഈ വിവരം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയായിരുന്നു. ഫെബ്രുവരി 26ന് അര്‍ജന്റീനിയന്‍ പോലീസ് ക്വത്റോച്ചിയെ മോചിപ്പിച്ചെങ്കിലും പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ക്വത്റോച്ചിയെ വിട്ടുകിട്ടാന്‍ അര്‍ജന്റീനയുടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് മന്മോഹന് സര്‍ക്കാര്‍ തയ്യാറായില്ല. ക്വത്റോച്ചിയെ വിട്ടുകിട്ടാന്‍ അര്‍ജന്റീനയിലേക്ക് പോയ രണ്ട് സിബിഐ ഉദ്യോഗസ്ഥരുടെ രഹസ്യ ദൗത്യം അയാളെ രക്ഷപ്പെടുത്തലായിരുന്നു. ലണ്ടന്‍ ബാങ്കിലെ ക്വത്റോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിച്ചതിനും അര്‍ജന്റീനയില്‍നിന്ന് അയാളെ രക്ഷപ്പെടാന്‍ അനുവദിച്ചതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്‍മികത്വം വഹിച്ചത് നിയമമന്ത്രിയായിരുന്ന എച്ച്.ആര് ഭരദ്വാജായിരുന്നു. ഇതേ ഭരദ്വാജാണ് കര്‍ണാടക ഗവര്‍ണറായിരുന്നുകൊണ്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒത്താശ ചെയ്യുന്നത്. യെദ്യൂരപ്പ സര്‍ക്കാരിനെ എന്തുവിലകൊടുത്തും താഴെയിറക്കാന്‍ ദേവഗൗഡയുമായി രഹസ്യചര്‍ച്ച നടത്താന്‍ ക്വത്റോച്ചിയുടെ മകന് മസിമോ ക്വത്റോച്ചി ബാംഗ്ലൂരിലെത്തിയെന്നറിയുമ്പോള് സോണിയയെ കേന്ദ്രീകരിച്ചുള്ള ദൂഷിതവലയത്തിന്റെ ചിത്രമാണ് തെളിയുന്നത്.
ബോഫോഴ്സ് ഇടപാടിലെ ഒട്ടാവിയോ ക്വത്റോച്ചി, മകന് മാക്സിമോ ക്വത്റോച്ചി, മെയിലസ് സ്റ്റോട്ട് എന്നിവരുടെ സ്ഥാനമാണ് ഹെലികോപ്ടര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കേല്‍, റാല്‍ഫ് ഹഷ്കെ, കനിഷ്ക സിംഗ് എന്നിവര്‍ക്കുള്ളത്. രണ്ട് ഇടപാടിലും സോണിയ പ്രധാന കഥാപാത്രമാകുമ്പോള്‍ രാജീവ്ഗാന്ധിയുടെ റോളില്‍ മകന് രാഹുല്ഗാന്ധിയാണുള്ളത്. ലണ്ടന്‍ ബാങ്കില്‍ ക്വത്റോച്ചിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ അവിടേക്ക് സോളിസിറ്റര്‍ ജനറലിനെ അയച്ചതുപോലെയും അര്‍ജന്റീനയില്‍ പിടിയിലായ ക്വത്റോച്ചിയെ രക്ഷപ്പെടാന്‍ സിബിഐ സംഘത്തെ അങ്ങോട്ട് അയച്ചതുപോലെയുമാണ് കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴ നല്കിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇറ്റലിയില്‍നിന്നും വാങ്ങാനുള്ള ഇപ്പോഴത്തെ ശ്രമം. ഇന്ത്യയിലെ ഒരു കോടതിയില്‍ നിയമാനുസൃതം ഈ ആവശ്യം ഉന്നയിച്ച് അവിടെനിന്ന് ലഭിക്കുന്ന അനുമതിപത്രമില്ലാതെ ഇറ്റാലിയന്‍ കോടതിയെ സമീപിച്ചാല്‍ രേഖകള്‍ ലഭിക്കില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് യുപിഎ സര്‍ക്കാരിന്റെ നീക്കം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും 2012 ഫെബ്രുവരി ഡോ. സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടതാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇടപാടിലെ കോഴ സംബന്ധിച്ച വിവരങ്ങള്‍ ഒരിക്കലും പുറത്തുവരില്ലെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം. ഒരുവര്‍ഷത്തോളം പിന്നിട്ട് ഇറ്റാലിയന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. അഴിമതിയുടെ കറ ആരോപണവിധേയമായ കോണ്‍ഗ്രസിനെ നയിക്കുന്നവരുടെ കൈകളില്‍ പുരണ്ടിട്ടുണ്ടെന്ന് വെളിപ്പെട്ടതോടെയാണ് ഈ പുറപ്പാട്. മിസ്റ്റര്‍ ക്ലീന്‍ പ്രതിഛായയുമായി അധികാരത്തിലേറിയ രാജീവ്ഗാന്ധിയെ അധികാരഭൃഷ്ടനാക്കിയത് ബോഫോഴ്സ് അഴിമതിയാണെങ്കില്‍ സോണിയ അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധിക്ക് മുന്നില്‍ ഹെലികോപ്ടര്‍ ഇടപാടിലെ കോഴ പ്രതിരോധത്തിന്റെ വന്മതിലായി മാറുകയാണ്.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: