തിരുവനന്തപുരം: മുട്ടടയില്‍ അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച ഇലക്ട്രീഷന്‍ പിടിയിലായി. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന രഘുനാഥിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയപ്പോഴാണ് ഇയാള്‍ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ചത്.
വൈഫൈ സംവിധാനം ഉപയോഗിച്ച് ഇയാള്‍ കാമറയില്‍ പതിഞ്ഞിരുന്ന ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഹൈടെക് സെല്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയില്‍ നിന്നു ഒളികാമറയും ഇയാളുടെ വീട്ടില്‍ നിന്നു കംപ്യൂട്ടറും പിടിച്ചെടുത്തു.
അയല്‍വീട്ടിലെ കുളിമുറിയില്‍ ഹീറ്റര്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴായിരുന്നു കാമറ സ്ഥാപിച്ചതെന്ന് ഇയാള്‍ പോലീസിനു മൊഴി നല്കി. എട്ടുമാസം മുമ്പാണ് ഇയാള്‍ കാമറ സ്ഥാപിച്ചത്. ഇക്കാലയളവില്‍ രഘു ജോലി ചെയ്തിരുന്ന മറ്റു വീടുകളിലും പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: