ലക്നൗ: ഫെബ്രുവരി പത്തിന് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 36 പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ യു.പി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹൈക്കോടതി മുന്‍ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ഓംകരേശര് ഭട്ടിനാണ് അന്വേഷണ ചുമതല.
അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി യു.പി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.എം. ശ്രീവാസ്തവ അറിയിച്ചു. അലഹബാദ് റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നാണ് കുംഭമേള തീര്‍ത്ഥാടനത്തിനെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 26 പേര് സ്ത്രീകളാണ്. ഒരു കുട്ടിയും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും പ്രധാനദിവസമായ മൗനി അമാവാസിയില്‍ പുണ്യസ്നാനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിന് ശേഷം തിരികെ പോകാനായി ആയിരക്കണക്കിനാളുകളാണ് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ട്രെയിനിന്റെ വരവറിയിച്ച് അനൗണ്‍സ്മെന്റ് ഉണ്ടായതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ മേല്‍പ്പാലത്തിലേക്ക് കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകടകാരണമായത്. തിരക്ക് ഒഴിവാക്കാന്‍ പോലീസ് തീര്‍ത്ഥാടകര്‍ക്ക് നേരെ ലാത്തി വീശിയതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പാലത്തിലേക്ക് കടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദുരന്തത്തിന് ശേഷവും അധികാരികളുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും പരാതിയുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടത്തിയിരിക്കുകയായിരുന്നെന്നും സംഭവം നടന്ന് രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമായതെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: