തിരുവനന്തപുരം: വൈദ്യുതിവിതരണ മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദുമായി രഹസ്യചര്‍ച്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു. റിലയന്‍സിനെ കൂടാതെ ചില സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥരും മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി അറിയുന്നു.
കേരളത്തിലെ വൈദ്യുതി വിതരണമേഖല എത്രയും വേഗം സ്വകാര്യവത്കരിക്കണമെന്ന കേന്ദ്രത്തിന്റെ കത്തുവന്നതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ കുത്തകയുമായി രഹസ്യ ചര്‍ച്ച നടത്തിയത്. 15 ദിവസത്തിനുള്ളില്‍ ഇതിനായുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് പവര്ഫൈനാന്സ് കോര്പ്പറേഷന് ചെയര്മാന് കെഎസ്ഇബി ചെയര്മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവവേഗതയിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നത്. ഒരുമാസത്തിനുള്ളില്‍ വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതോടെ വൈദ്യുതിചാര്‍ജ് യൂണിറ്റിന് 3 മുതല്‍ 4 ഇരട്ടിവരെ വര്‍ദ്ധിക്കും.
ആദ്യപടിയായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതവിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക. ഏപ്രിലോടെ ഈ മൂന്ന് ജില്ലകളിലും സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാമെന്നാണ് സ്വകാര്യകമ്പനികള്‍ ചര്‍ച്ചയില്‍ മന്ത്രിയോട് വ്യക്തമാക്കിയത്. റിലയന്‍സുമായി രണ്ടാംവട്ട ചര്‍ച്ച പൂര്‍ത്തിയായ സ്ഥിതിക്ക് റിലയന്‍സിനാകും സാധ്യതയെന്നറിയുന്നു. ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി ഇല്ലാതാകും. നിലവില്‍ യൂണിറ്റിന് 12 രൂപയ്ക്ക് വാങ്ങി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മൂന്ന് രൂപയ്ക്കാണ് നല്‍കുന്നത്. ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം നടത്താന്‍ റിലയന്‍സിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചുകഴിഞ്ഞു. വന്പട്ടണങ്ങളും നഗരങ്ങളും മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: