തിരുവനന്തപുരം ജില്ലയില്‍ പേയാടിനടുത്ത വിട്ടിയം ഭദ്രകാളിക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിന് ഒത്തുകൂടിയ ഭക്തജനങ്ങള്‍ക്ക് ഭീതി വിട്ടുമാറിയിട്ടില്ല. ഉത്സവത്തിനെത്തിയ ജനങ്ങളില്‍ ഭീതിസൃഷ്ടിച്ചത് സാമൂഹ്യദ്രോഹികളോ ഗുണ്ടാസംഘങ്ങളോ അല്ല. അവരില്‍ നിന്നെല്ലാം സമൂഹത്തിന് സുരക്ഷ നല്‍കേണ്ട പോലീസാണ് ഇവിടെ അക്രമികളായത്. വെള്ളിയാഴ്ച രാത്രി ഉത്സവസ്ഥലത്ത് മദ്യപിച്ച് ലക്കുകെട്ട ഒരു സബ്‌ഇന്‍സ്പെക്ടറും ഏതാനും പോലീസുകാരും സൃഷ്ടിച്ച സംഘര്‍ഷം പിന്നീട് പോലീസിന്റെ അഴിഞ്ഞാട്ടത്തിലാണ് കലാശിച്ചത്. ഉത്സവസ്ഥലത്ത് ആദ്യമെത്തിയത് വിളപ്പില്‍ശാല പോലീസ് ഇന്‍സ്പെക്ടറാണ്. യൂണിഫോമിലായിരുന്നില്ല ഇയാളുടെ വരവ്. ചൂതുകളി പിടിക്കാനെന്ന പേരില്‍ വന്ന ഇയാള്‍ മൂക്കറ്റം മദ്യത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങിയതിനെ ഭക്തജനങ്ങള്‍ ചോദ്യംചെയ്തതോടെ കൂടുതല്‍ പോലീസിനെ ഇയാള്‍ വരുത്തുകയായിരുന്നു. മലയിന്‍കീഴ്, കാട്ടാക്കട, അരുവിക്കര സ്റ്റേഷനുകളിലെ പോലീസുകാരും ആര്യനാട് സിഐ നസിറുദ്ദീന്റെയും നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഇക്ബാലിന്റെയും നേതൃത്വത്തിലാണ് പോലീസിന്റെ തേര്‍വാഴ്ച. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം തല്ലിത്തകര്‍ത്തു. നിലവിളക്കുകള്‍ നിലത്തടിച്ച് എടുത്തെറിഞ്ഞു. നിരവധിപേരെ നിലത്തിട്ട് ചവിട്ടി. സ്ത്രീകളും വൃദ്ധരുമടക്കമുള്ള ഭക്തജനങ്ങള്‍ ജീവനുംകൊണ്ട് രാത്രി ഓടേണ്ടിവന്നു. ഇതിനിടയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് പലരും വീണു. അന്‍പതോളം ബൈക്കുകള്‍ തകര്‍ത്തു. മഫ്ടിയിലെത്തിയ പോലീസുകാരെ മര്‍ദ്ദിച്ചു എന്ന കെട്ടുകഥയുണ്ടാക്കിയാണ് പോലീസിന്റെ വിളയാട്ടം.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങള്‍ പിറ്റേന്ന് റോഡ് ഉപരോധിച്ചു. കുടുംബസമേതമാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധയോഗമുണ്ടായി. ഇതിനിടയില്‍ എത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി റസ്ദം അനുരഞ്ജന ചര്‍ച്ച നടത്തി. ക്ഷേത്രത്തിനുണ്ടായ നഷ്ടം കണക്കാക്കാന്‍ ഇന്നലെ ആളുകളെത്തുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ നടപടിസ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അതിനുള്ള ഒരു നീക്കവും ഉണ്ടായില്ല. എന്നാല്‍ പോലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസുണ്ടാക്കി. പോലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തിയതിനും കേസെടുത്തു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ വീഴ്ചയാണെന്നാണ് കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍.ശക്തന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ആഭ്യന്തര നയത്തിന് വിരുദ്ധമായാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു. പോലീസിന്റെ മര്‍ദ്ദനമേറ്റ് അവശരായ ഭക്തജനങ്ങളെയും ശക്തന്‍ നേരിട്ടുകണ്ടു.
അന്യമത ബഹുമാനംപോലും പുലര്‍ത്താതെ ഉന്നതരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രാചാരങ്ങളെയും മര്യാദകളെയും കാറ്റില്‍പ്പറത്തിയാണ് അഴിഞ്ഞാടിയത്. എന്ത് പ്രകോപനമുണ്ടായാലും ഉത്സവപറമ്പില്‍ സംയമനം പാലിക്കേണ്ട പോലീസ് സംഹാരദാഹികളായത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ അത്യന്തം നീചവും ക്രൂരവുമായ നടപടി സ്വീകരിച്ചിട്ടും ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിയും ഭക്തജനങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. ദേവസ്വംമന്ത്രി തിരുവനന്തപുരത്തുകാരനാണ്. അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പ്രതിപക്ഷനേതാക്കളോ ക്ഷേത്രോത്സവം പോലീസ് മുടക്കിയതില്‍ കുണ്ഠിതരല്ല. ബിജെപി നേതാക്കളും ഹിന്ദുസംഘടനാ നേതാക്കളും മാത്രമാണ് സംഭവസ്ഥലത്തെത്തി ഭക്തരോടൊപ്പം നിന്നത്. ആഭ്യന്തരമന്ത്രി സംഭവത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. മറ്റേതെങ്കിലും ആരാധനാലയത്തിനുനേരെയാണ് ഇത്തരം പെരുമാറ്റം പോലീസില്‍ നിന്നുണ്ടായതെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുംരാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുമെല്ലാം ഓടിയെത്തുമായിരുന്നു. ഈ പക്ഷഭേദമാണ് ഭക്തജനങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നത്. പോലീസ് അതിക്രമത്തെ തുടര്‍ന്ന് മുടങ്ങിയ ഉത്സവചടങ്ങുകള്‍ ഇന്നലെ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ വളരെ ആശങ്കയോടെയാണെത്തിയത്. കള്ളക്കേസില്‍ ഇനിയെത്രപേരെ പ്രതിയാക്കുമെന്നും നിശ്ചയമില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. അധികൃതര്‍ അതിന് തയ്യാറാകാന്‍ അല്‍പംപോലും കാലതാമസമുണ്ടാക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: