ന്യൂദല്‍ഹി: കോപ്ടര്‍ ഇടപാടിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന അപേക്ഷയുമായി ഓടിനടക്കുകയാണ് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ‘കമ’ എന്നൊരക്ഷരം പറയാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ‘യുവരാജാവ്’ രാഹുലും കോഴപ്പണം കിട്ടിയത് ആര്‍ക്കൊക്കെ എന്നറിഞ്ഞാല്‍ മതിയെന്ന നിലപാടുമായി പ്രതിപക്ഷവും കോപ്ടര്‍ ഇടപാടില്‍ ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇതൊരു രണ്ടാം ബോഫോഴ്സ് ആണെന്ന് തെളിയിക്കുന്നു.
കോടികള്‍ കോഴ കൊടുത്തവര്‍ ഇറ്റലിയില്‍ അറസ്റ്റിലായതോടെ കോഴ വാങ്ങിയവരെ പിടിക്കാനായിരുന്നില്ല കോണ്‍ഗ്രസിന് താല്പര്യം. ഇടപാടിനെ എന്‍ഡിഎ സര്‍ക്കാരുമായി ബന്ധിപ്പിക്കാനായിരുന്നു ശ്രമം. ആരോപണവിധേയനായ മുന്‍ നാവികസേനാ മേധാവി എസ്.പി. ത്യാഗി നടത്തിയ ഒരു പരാമര്‍ശം തുണയുമായി. കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയത് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആണെന്ന്. താന്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വക്താക്കളായ പി.സി. ചാക്കോയും മനീഷ് തിവാരിയും അഴിമതിയുടെ തുടക്കം എന്‍ഡിഎ കാലത്താണെന്ന് വ്യാഖ്യാനിച്ചു. ഇതിന് പിന്തുണ നല്‍കാനെന്ന നിലയില്‍ പ്രതിരോധമന്ത്രാലയം ഇടപാടിന്റെ ചരിത്രം വിവരിച്ച് പത്രക്കുറിപ്പും ഇറക്കി.
ബിജെപി സര്‍ക്കാരിന്റെ കാലം മുതല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ ചെയ്ത കാര്യങ്ങള്‍ 35 ഇനങ്ങളിലായി തിരിച്ചുകൊണ്ടുള്ളതായിരുന്നു വിശദീകരണം. മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ സത്യം പറയാതിരിക്കാം. പക്ഷേ കള്ളം പറഞ്ഞാല്‍ നാളെ പിടിക്കപ്പെടും. അതുകൊണ്ടുതന്നെ വിശദീകരണം വന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തതെല്ലാം സുതാര്യമായിരുന്നുവെന്ന് പകല്‍പോലെ വ്യക്തം. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വവും മുന്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗും പറഞ്ഞതിലപ്പുറമൊന്നും പറയാന്‍ പ്രതിരോധ മന്ത്രാലയത്തിന് കഴിഞ്ഞില്ല.
ബിജെപിയെ ഉന്നംവെച്ച് ഇറക്കിയ വിശദീകരണം പക്ഷേ കൊണ്ടത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിനുമാണ്. വിവാദ കരാര്‍ ഒപ്പിട്ടത് പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍. പണം അനുവദിച്ചത് അദ്ദേഹം പിന്നീട് ധനമന്ത്രി ആയപ്പോള്‍. താന്‍ പരിശുദ്ധനെന്ന് തെളിയിക്കാനുള്ള എ.കെ. ആന്റണിയുടെ ശ്രമം പ്രതിക്കൂട്ടിലാക്കിയത് രാഷ്ട്രപതിയെ.
പ്രണബിനുനേരെ കുത്താണെങ്കില്‍ ഖുര്‍ഷിദിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ആന്റണിയുടെ വിശദീകരണം.
ഇടപാടിലെ കോഴയെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വന്നയുടന്‍ രേഖകള്‍ ലഭ്യമാക്കാന്‍ ഇറ്റലിയുമായി ബന്ധപ്പെടാന്‍ വിദേശകാര്യവകുപ്പിനോട് 2002 ഒക്ടോബറില്‍തന്നെ ആവശ്യപ്പെട്ടിരുന്നു. “പ്രതിരോധ മന്ത്രാലയം പ്രാഥമിക തീരുമാനം എടുക്കുന്നതിന് പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കരുത്” എന്ന മറുപടിയാണ് വിദേശകാര്യ സെക്രട്ടറി നല്‍കിയത്. ഇടപാടില്‍ ബ്രിട്ടീഷ് പൗരനും പങ്കുണ്ടെന്നറിഞ്ഞപ്പോള്‍ ബ്രിട്ടന്റെ നിലപാട് അറിയാനും വിദേശകാര്യവകുപ്പിനോട് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. “ഇറ്റലിയിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ ബ്രിട്ടന് കാക്കുകയാണ് എന്ന മറുപടിയാണിതിന് നല്‍കിയത്. കോഴയിടപാട് നടന്നത് പ്രതിരോധവകുപ്പിലാണെങ്കിലും ഒന്നാംപ്രതിസ്ഥാനത്ത് വിദേശകാര്യമന്ത്രാലയമെന്ന് വിശദമാക്കുന്നതായിരുന്നു വിശദീകരണക്കുറിപ്പ്.
പ്രണബ് മുഖര്‍ജിയും എ.കെ. ആന്റണിയും അഴിമതിക്കാരാണെന്ന് പ്രതിപക്ഷം ഇതേവരെ ആരോപണം ഉന്നയിച്ചിട്ടില്ല. “അഴിമതി കണ്ടാല്‍ അഴിമതി എന്നു പറയാത്തവരും അഴിമതിക്കാര്‍” എന്നത് ഇവര്‍ക്ക് ബാധകമാണെങ്കിലും കട്ടുമുടിക്കാത്ത ചുരുക്കം കോണ്‍ഗ്രസുകാരുടെ പട്ടികയിലാണ് ഇരുവരും പെടുന്നത്. എന്നാല്‍ സല്മാന് ഖുര്‍ഷിദിന്റെ കാര്യം അങ്ങനെയല്ല. ഖുര്‍ഷിദും ഭാര്യയുംകൂടി നടത്തിയ അഴിമതിക്കഥകള്‍ നാട്ടില്‍ പാട്ടാണ്.
പ്രണബിനെ രാഷ്ട്രപതിസ്ഥാനത്തിരുത്തി ‘ഒതുക്കി’യതും ആരോപണ കൂമ്പാരമുണ്ടായിരുന്നിട്ടും ഖുര്‍ഷിദിനെ വിദേശമന്ത്രിസ്ഥാനത്ത് ‘ഉറപ്പിച്ചതും’ കോപ്ടര്‍ ഇടപാടും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിച്ചാലും കുറ്റം പറയാന്‍ കഴിയില്ല.
- പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: